Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Thursday, December 30, 2010

നാട്ടിൻപുറം നന്മകളാൽ സമൃദ്ധം…..

മണ്ണിലിറങ്ങി കളിച്ചും പണിയെടുത്തുമല്ലാതെ ഒരു കുട്ടിയുടേയും വിദ്യാഭ്യാസം പൂർത്തിയാവുകയില്ലെന്ന്, എന്റെ അയൽകാരിയായ ഉഷടീച്ചർ എപ്പോഴും പറയാറുണ്ട്. വിദ്യഭ്യാസം എന്നുള്ളതു ഒരിക്കലും ക്ലാസ്സുമുറികൾക്കുള്ളിലിരുന്നു, പുസ്തകങ്ങളിൽ കൂടി മാത്രം നേടിയെടിക്കുന്ന അറിവുകളുടെ സംഗ്രഹം മാത്രമാ‍വരുത്, മറിച്ച് അതു പ്രായോഗിക അറിവുകളുടേയും, അറിവുകളുടെ പ്രായോഗികതയുടെയും സമജ്ജസസമ്മേളനമാകണംഎന്ന ഗാന്ധിയൻ ഉൽബോധനവും, ഇതിനോടു ചേർത്തു വായിക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ എന്റെ വീടിനടുത്തു നടന്ന സേവന സംരംഭത്തേകുറിച്ചാണ് ഞാൻ ഇവിടെ പറഞ്ഞു വരുന്നത്. ഒരു കൂട്ടം സ്കൂൾ വിദ്യാർത്ഥികളുടെ സേവന തല്പരതയെ ഒരു കുടക്കീഴിൽ അണി നിരത്തി, നിരർത്ഥകം എന്നു പറഞ്ഞു തള്ളിയിരുന്ന ഒരു പ്രവൃത്തി നാലഞ്ചു ദിവസം കൊണ്ടു ഉത്സവപ്രതീതിയിൽ ചെയ്തുതീർത്തതിൽ ചെർപ്പുളശ്ശേരി ഗവ: വി.എഛ്. എസ്സ് എസ്സിലെ വിദ്യാർത്ഥികൾക്കും, അവിടത്തെ NSS (National Service Scheme) യൂണിറ്റിനും അഭിമാനിക്കാം. ഈ പ്രവർത്തനത്തിനു നേതൃത്വം നൽകിയ, NSS ജില്ലാ കൺ‌വീനർ കൂടിയായ ശ്രീ. കൃഷ്ണനുണ്ണി മാഷും സഹപ്രവർത്തകരും, പ്രത്യേകം പ്രശംസയർഹിക്കുന്നു. ഈ പ്രവൃത്തിയിൽ ഭാഗഭാക്കായ മുഴുവൻ വിദ്യാർത്ഥികൾക്കും എന്റെ അഭിനന്ദനങ്ങൾ; ആശംസകൾ.
 


Applauding a Service-Oriented Effort.. A blog - Overdrive- by Usha teacher.








സർക്കാർ സംവിധാനം മുന്നോട്ടു വയ്ക്കുന്ന സിലബസ്സ്‌ കാണാപ്പാഠം ചവച്ചിറക്കി, പ്രായോഗിക വിജ്ഞാനരാഹിത്യത്തിന്റെ  ദഹനക്കേടിൽ വലയുന്ന ഇന്നത്തെ കുട്ടികൾക്ക്, NSS വളണ്ടിയർമാർ ഒരു ഉദാത്ത മാതൃകയാണ്. തങ്ങളുടെ ക്രിസ്മസ്-പുതുവത്സര അവധിക്ക് ധനുമാസ്സക്കുളിരിൽ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടക്കാതെ, തങ്ങളൂടെ അയല്പക്കങ്ങളിൽ തങ്ങളാൽ എന്തു വികസനപ്രവർത്തനങ്ങൾനടത്താൻ കഴിയും എന്നോർത്തു മുന്നിട്ടിറങ്ങിയ ഇവർ തീർച്ചയായും, യശ്ശ:ശരീരനായ കുഞ്ഞുണ്ണിമാഷേ പോലെ ചെറിയ വലിയമനുഷ്യർതന്നെ. മൂന്നിലൊരാൾ ദാരിദ്ര്യത്തിൽ പിടയുന്ന നാട്ടിൽ, ഐ.പി.എൽ ക്രിക്കറ്റിന്റെ ധാരാളിത്തം പോലും വികസനമാതൃകയായി എഴുതിച്ചേർക്കപ്പെടുമ്പോൾ ഈ വിദ്യാർത്ഥികൾ നാലഞ്ചു ദിവസം കൊണ്ട് പണിതു തീർത്തത് തീർച്ചയായും വികസനത്തിന്റെ പാത തന്നെ.

ചെർപ്പുളശ്ശേരിയെന്ന വള്ളുവനാടൻ ഗ്രാമത്തിലെ തെക്കുമുറി ഭാഗത്ത്ക്കൂടി അറേക്കാവ് എന്ന ക്ഷേത്രത്തിലേക്കുള്ള ഒറ്റയടിപ്പാതയെ, ഒരു വണ്ടിക്കു സാമാന്യം തട്ടുംതലോടലും ഇല്ലാതെ കടന്നു പോകാവുന്ന ഒരു വഴിയാക്കി മാറ്റിയത് ഈവിദ്യാർത്ഥികളുടെ പരിശ്രമവും, പ്രദേശനിവാസികളുടെ സഹകരണവും മാത്രമാണ്. ഇതേ സ്കൂൾകുട്ടികളാണ് കഴിഞ്ഞവർഷം ഇവിടെ ഒരു കുടുംബം നൽകിയ നിലത്ത് നെൽകൃഷി നടത്തി ശ്രദ്ധാകേന്ദ്രമായത് എന്നത് അവരുടെ കാര്യക്ഷമതയും അർപ്പണ ബോധവും വെളിവാക്കുന്നു.
കുറച്ചു കാലമായി, പ്രസിദ്ധമായ ചെർപ്പുളശ്ശേരി അയ്യപ്പൻ കാവും ഇവിടത്തെ ആറേക്കാവു ഭഗവതി ക്ഷേത്രവുമായി ഇടവഴിയിലൂടെ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമം തുടങ്ങിയിട്ട്. ഈ സമയത്താണ് അവധിക്കാലത്തെ ക്യാമ്പ് എന്ന ആശയവുമായ് സ്കൂൾ അധികൃധർ മുന്നിട്ടിറങ്ങീയതും. വഴിയുമായി ബന്ധപ്പെട്ട നിയമപരമായ നൂലാമാലകൾ ഒഴിവായപ്പോൾ കൃത്യസമയത്തു് കുട്ടികളും റെഡി! നാലു ദിവസം കൊണ്ട് വഴി റെഡി!! രണ്ട് അമ്പലങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന വഴി എന്നതിലുപരി, ഈ അയല്പക്കത്തുള്ള ഒട്ടനവധി വീട്ടുകാർക്ക് രാഷ്ട്രീയ-മത-വൈജാത്യങ്ങൾക്കതീതമായി ഉപയോഗമുണ്ടാകുന്ന ഒരു സംരഭം എന്നുള്ളതരത്തിൽ ഈ പ്രവൃത്തി

Monday, May 17, 2010

സന്താറ

ഈയിടെ വായിച്ച ഒരു ലേഖനത്തിന്റെ കാതൽ ദിവസങ്ങൾ കഴിഞ്ഞിട്ടു പോലും മനസ്സിൽ നിന്നും വിട്ടു മാറുന്നില്ല. അതിന്റെ ചുറ്റിപ്പറ്റി എന്തൊക്കേയോ അരുതായ്മ മനസ്സിൽ തോന്നിത്തുടങ്ങിയിരിക്കുന്നു.
സന്താറകളെപ്പറ്റിയായിരുന്നു ഞാൻ അന്നു വായിച്ചത്. ജൈന വിശ്വാസപ്രകാരം സന്താറ എന്നതു ഏറ്റവു സവിശേഷമായ മരണമാകുന്നു. സന്താറ അല്ലെങ്കിൽ സല്ലേഖനം. എല്ലാ പ്രാകൃതിക ചേദനകളേയും നിരസിച്ചുകൊണ്ട്, സ്വമേധയാ സ്വീകരിക്കുന്ന മരണം. പ്രധാനമായും, ഭക്ഷണ വിരക്തി പ്രായോഗികമാക്കിയാണ് സന്താറ അല്ലെങ്കിൽ സല്ലേഖനം സ്വീകരിക്കുന്നത്. ഉപവാസത്തിലൂടെ ഇഹവാസം വെടിയുന്ന രീതി. സാധ്വി ചരൺ പ്രഗ്യാജിയുടെ മരണം അതിനൊരു ഉദാഹരണമാണ്.
ഇതു ഒരുതരം ആത്മഹത്യയല്ലേ എന്ന് ചോദിച്ചാൽ പ്രായോഗികമായി അതേ എന്നു പറയാനേ നിർവ്വാഹമുള്ളൂ. പക്ഷേ ഇന്ത്യയിൽ മാത്രം വർഷത്തിൽ ലക്ഷത്തോളം സന്താറ അനുഷ്ഠിക്കപ്പെടുന്നുണ്ടത്രേ. പക്ഷേ മതാധിഷ്ടിതമായ ഒരു പ്രവർത്തിയെ നിയമസംഹിതക്കിടയിലേക്കു കൊണ്ടുവന്നു തടയിടാനും നിരോധം നടപ്പിലാക്കാനും ഇനിയൊരു രാജാറാം മോഹൻ റായിയോ, ശ്രീചിത്തിര തിരുനാൾ ബാലരാമ വർമ്മ മഹാരാജാവോ പുനർജ്ജന്മമെടുക്കും എന്നു പറയാൻ ഞാൻ ആളല്ല. അത്തരം ആർജ്ജവമുള്ള ഒരു ഭരണകർത്താവു ഇനിയൊട്ടു വരും എന്നും ഞാൻ കാംക്ഷിക്കുന്നില്ല.
മറിച്ച്, ഒരു വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ, ആത്മഹത്യയും, ദയാവധവും ഒക്കെ നിയമവിധേയമാക്കാൻ പുതിയ ഭരണഭേദഗതി പാർലമെന്റിലോ നിയമസഭകളിലോ അവതരിപ്പിക്കപ്പെടുമോ എന്നു മാത്രമേ ആശങ്കയുള്ളൂ.
വീണ്ടും സന്താറയിലേക്കു. ഭക്ഷണവും, വെള്ളവുംമടക്കമുള്ള ബാഹ്യചോദനകളെ ഉപേക്ഷിച്ചു, സന്താറ അനുഷ്ഠിക്കുമ്പോൾ വ്യക്തി, സ്വയം തിരഞ്ഞെടുക്കുന്നതാണ് ആ രീതി. ആത്മഹത്യ ഒരു വികാര പ്രക്ഷുബ്ധതയുടെ ബാക്കിപത്രമാകുമ്പോൾ, സന്താറയിൽ, പുനർവിചിന്തനത്തിനു സാധ്യതയുണ്ട്. ആത്മഹത്യ ഏകാന്തതയിലൂടെയുള്ള പരിസമാപ്തിയെങ്കിൽ, സന്താറയുടെ അവസാന ദിനങ്ങളിൽ, പ്രാർത്ഥനയും, നാമജപവും ഒക്കെ ആയി, ഒരുപാടു സജ്ജനങ്ങൾ വന്നു ചേരുന്നു. അവരുടെ സാമീപ്യം, അവസാന ദിനങ്ങളിൽ, വ്യക്തിയുടെ സന്തോഷത്തെ പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു. സംതൃപ്തമായ ഒരു ജീവതത്തിന്റെ പരിസമാപ്തിയാണ് സന്താറ. ഒന്നും നേടാൻ കഴിയാത്തവന്റെ, തോൽവിയുടെ കയ്പു നുണഞ്ഞ്, ഇനിയുള്ള ജീവിതത്തിനു അർത്ഥമില്ല എന്നു തോന്നുമ്പോൾ ഉള്ള കയ്ക്രിയയാണ് ആത്മഹത്യയെങ്കിൽ, തന്റെ കർമ്മം നിറ്വേറ്റിക്കഴിഞ്ഞു എന്നുള്ള തിരിച്ചറിവുനീ ശേഷമാണ് ഒരാൾ സന്താറയനുഷ്ഠിക്കുന്നതു്.
എനിക്കും ഇന്നൊരു ആഗ്രഹം തോന്നുന്നു, സന്താറ അനുഷ്ഠിക്കണം എന്ന്. പക്ഷേ എന്റെ കർമ്മം എന്താണെന്നു പോലും, ഞാൻ എന്നത് എന്താണെന്നുപോലും തിരിച്ചറിയാത്ത എനിക്കെങ്ങനെ സന്താറ ചെയ്യാൻ സാധിക്കും? അത് ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമല്ലേ ആവുക. ആത്മഹത്യയല്ലേ അതു്? അതിനു സന്താറയെന്നെ പാവനമായ അനുഷ്ഠാനത്തെ ഞാൻ കരിപൂശണോ?

Sunday, March 21, 2010



ഇന്ന് മാർച്ച് 22. ലോക ജല ദിനം. എന്താണു ലോക ജലദിനത്തിന്റെ പ്രത്യേകത?എന്താണു ഇതിനായി ഒരു പ്രത്യേക ദിനം? ചോദ്യങ്ങൾ പലതരം. പലവട്ടം മനസ്സിൽ ചോദിച്ചു നോക്കി.
ഒന്നാലോചിച്ചു നോക്കൂ!! പുതുവത്സര ദിനങ്ങളും, വാലന്റൈൻ ദിനങ്ങളും മാസത്തിൽ ഒരിക്കൽ എന്ന പോലെ ഫ്രണ്ട്ഷിപ്-ഡേയും ഒക്കെ നമ്മൾ, ഞാനടക്കമുള്ള ഈ പുതുതലമുറ ആഘോഷിക്കുന്നുണ്ട്! വാണിജ്യവൽകരണത്തിന്റെ ആൾകാർ അവർകിഷ്ടപ്പെടുന്ന പോലെ ആഴ്ചക്കൊന്നെന്ന പോലെ പുതിയ ദിനങ്ങളും കണ്ടുപിടിക്കപ്പെടുന്നുണ്ട്. പുതിയ കണ്ടുപിടുത്തങ്ങൾകെതിരായ ഒരു കാടൻ എതിരഭിപ്രായമല്ല എന്റെ മനസ്സിൽ, മറിച്ചു എനിക്കു തോന്നുന്ന ഉൽകണ്ഠ മറ്റൊരു തരത്തിലാണു.മാറ്റം ആവശ്യമാണു അതു പ്രക്രുതിനിയമമാണു. നമ്മുടെ പ്രക്രിതിയുടെ അടിസ്ഥാന സ്വഭാവം തന്നെ മാറ്റങ്ങളെ കെന്ദ്രീകരിച്ചുള്ളതാണു. മേല്പറഞ്ഞ ദിനാഘോഷങ്ങൾകിടയിൽ, നാം മറക്കുന്ന, ഒരുപക്ഷെ സൌകര്യപൂർവ്വം മറക്കാൻ ശ്രമിക്കുന്ന ചില അവശ്യ ദിനാചരണങ്ങളെ പറ്റിയാണു ഞാൻ ഉൽകണ്ഠപ്പെടുന്നതു. ഞാൻ പറയുന്നതു, ആഘോഷങ്ങളെ പറ്റിയല്ല, മറിച്ചു ആചരണങ്ങളെ പറ്റിയാണ്.

ഇന്നത്തെ സാഹചര്യങ്ങളിൽ, ഒരു അന്താരാഷ്ട്ര ജല ദിനാചരണത്തിന്റെ പ്രസക്തി വളരെയേറെയാണ്. ഒരു ദിനാചരണത്തിൽ ഒതുക്കി നിർത്താനല്ല മറിച്ച് വളർന്നു വരുന്ന തലമുറക്കു ജലസംരക്ഷണത്തെ പറ്റി, ജലസ്രോതസ്സുകളുടെ സംരക്ഷണത്തെ പറ്റി മനസ്സിലാക്കാനും, ഇത്തരം പ്രവ്രുത്തികളിൽ അവരുടെ പ്രയത്നം ലഭ്യമാക്കാനും വേണ്ടിയാണ്. ഈ സൌരയൂഥത്തിൽ തന്നെ ജീവന്റെ കണിക ഉണ്ടെന്നു പറയപ്പെടുന്ന ഏക അകാശഗോളം ഭൂമി മാത്രമാണല്ലോ. നാം ഇതുവരെ മനസ്സിലാക്കയതും, അറിഞ്ഞതും ഒക്കെ അങ്ങനെതന്നെയാണു. ശാസ്ത്രം പറയുന്നതു, ജീവന്റെ ആധാരകണിക ജലം തന്നെയെന്നാണു. ഒരു വ്യാപ്തം ഓക്സിജനും, രണ്ടുവ്യാപ്തം ഹൈഡ്രജനും ചേർന്നുണ്ടാകുന്ന, നിറവും മണവും ഇല്ലാത്ത തുല്യമായ അമ്ല-ക്ഷാരഗുണമുള്ള ഒരു ദ്രാവകമാണു ശുദ്ധജലം. ജീവന്റെ സ്രിഷ്ടി പോലെത്തന്നെ, ജീവന്റെ നിലനില്പിനും ജലത്തിന്റെ സാന്നിധ്യം അത്യാവശ്യമാണു. ഇന്ന് ശുദ്ധ ജലം എന്നുള്ളതു ഒരു കിട്ടാക്കനി ആയിക്കൊണ്ടിരിക്കുകയാണു. ശുദ്ധജലം ഒരു മനുഷ്യന്റെ മൌലികാവകാശമെന്ന പോലെ ജലവും ജല സ്രോതസ്സുകളും സംരക്ഷിക്കേണ്ടതു അവന്റെ ചുമതലയും ആകുന്നു.
സംസ്ഥാന സർകാറിന്റെ കണക്കനുസരിച്ചു, കേരളത്തിൽ ലഭിക്കുന്ന മഴയുടെ അളവു വർഷത്തിൽ ശരാശരി 3107 മി.മീ എന്നതാണ്. അതേ സമയം ദേശീയ ശരാശരി ഏകദേശം 1200 മി.മീ മാത്രമാണു. തെക്കു പടിഞ്ഞാറൻ മൺസൂണും, വടക്കു കിഴക്കൻ മൺസൂണും കനിഞ്ഞനുഗ്രഹിക്കപ്പെട്ട പ്രദേശമാണു, സഹ്യ പർവ്വത നിരക്കു പടിഞ്ഞാറായുള്ള ഈ മലയാള ഭൂമി.വർഷത്തിൽ ശരാശരി 110 മുതൽ 140 ദിനങ്ങൾ വരെ ഇവിടെ വർഷപാതം ഉണ്ട്. അതായത്, കണക്കുകൾ പ്രകാരം മഴവെള്ളത്തിനു യാതൊരു പഞ്ഞവും ഇല്ല എന്നതു സത്യമാണു. എന്നാൽ കഴിഞ്ഞ ചില ഈ നൂറ്റാണ്ടിലെ ആദ്യ ദശകത്തിലെ കണക്കനുസരിച്ചു, വർഷം തോറും നമുക്കു ലഭിക്കുന്ന വർഷപാതത്തിന്റെ അളവു കുറഞ്ഞ് വരികയാണ്. അതേ പോലെത്തന്നെ ഇവിടത്തെ ഭൂഗർഭ ജലസ്രോതസ്സുകളും വറ്റിവരളാൻ തുടങ്ങിയിരിക്കുന്നു എന്ന സത്യം വളരെ ആപൽകരമായ ഒരു സ്ഥിതി വിശേഷം തന്നെയാണ്. വികസനത്തിന്റെ പേരിൽ തൂർത്ത് നിരപ്പാക്കിയ പാടശേഖരങ്ങളും, കുളങ്ങളും, വ്യവസ്ഥിതിയെ തന്നെ അപകടത്തിലാക്കും വിധം മണലൂറ്റി വിറ്റ് വരണ്ട ചാലുകൾ മാത്രമാക്കപ്പെട്ട നദികളും ഭൂഗർഭ ജലവ്യതിയാനത്തിന്റെ പ്രേരകങ്ങൾ തന്നെ. ആഗോളതലത്തിലുള്ള കാലവസ്ഥാവ്യതിയാനത്തിന്റെ ബാക്കിപത്രമാണു നമ്മുടെ നാട്ടിലെ അവസ്ഥക്കു ഉൽപ്രേരകമായിട്ടുള്ളതെങ്കിലും, അതിനൊക്കെ ഒരു പരിധിവരെ തടയിടാൻ തദ്ദേശീയമായ ചിലപ്രവർതനങ്ങൾകു സാധിക്കും, ഇതു നമ്മുടെ നാട്ടിലെ ചില സ്കൂൾ വിദ്യാർത്ഥികൾ തന്നെ നമുക്കു കാണിച്ചു തന്നിട്ടുള്ളതാണു. അപൂർവ്വൽ ചില സന്നദ്ദസംഘടനകളുടേയും, മാധ്യമസ്ഥാപനങ്ങളുടെയും സഹകരണത്തിലൂടെ മലബാറിലേയും, കൊച്ചി- തിരുവിതാംകൂർ മേഖലകളിലേയും എണ്ണപ്പെട്ട സ്കൂളുകളിൽ നടപ്പാക്കിയ മഴവെള്ളക്കൊയ്തു പദ്ധതി പോലുള്ളവ പ്രതീക്ഷക്കു വകനൽകുന്നതാണ്. പക്ഷെ ഇത്തരം പദ്ധതികളുടെ ഭാവിയും അതിന്റെ പ്രായോഗികതയും മറ്റും പഠിക്കാൻ വിദ്യഭ്യാസ വകുപ്പും ജലവിഭവ വകുപ്പും തദ്ദേശഭരണ സ്ഥാപനങ്ങളും എത്രത്തോളം മുൻപോട്ടു വന്നിട്ടുണ്ട് എന്നതു ചിന്തിക്കപ്പെടേണ്ടതു തന്നെയാണു. ലഭിക്കുന്ന മഴയുടെ ഏറിയപങ്കും, തോട്ടിലൂടെയും, കായലുക്കളിലൂടെയും, കടലിലേക്കൊഴികിയെത്തുന്നതിൽ ആറിലൊന്നൊ, അല്ലെങ്കിൽ എട്ടിലൊന്നോ ഭാഗം നമ്മുടെ ഭൂമിയ്ലേക്കു താഴാൻ അനുവദിച്ചാൽ തന്നെ ഇവിടത്തെ താഴ്ന്ന ഭൂഗർഭ ജലനിരപ്പു സാധാരണനിലയിലെത്തിക്കാൻ സാധിക്കും എന്നു ഭൌമ ശാസ്ത്രകാരന്മർ പറയുന്നുണ്ട്. ഇതിനു പ്രധാനമായ ഒരു തടസ്സ കോൺക്രീറ്റ് മുറ്റങ്ങളും കൂടിയാണു വ്രിത്തിയുടെ പര്യാമെന്നു സ്വയം നെഗളിക്കുന്ന മലയാളിയുടെ പുത്തൻ സംസ്കാരത്തിന്റെ ഭാഗമാണു കോൺക്രീറ്റു മുറ്റം. അതിനെപറ്റികൂടുതൽ പറഞ്ഞാൽ വിഷയവ്യതിചലനമാകുമെന്നതിനാൽ ഇപ്പോൽ പ്രതിപാദിക്കുന്നില്ല.
നേരത്തെ സൂചിപ്പിച്ചതുപോലെ മഴലഭ്യതകുറഞ്ഞു വരുന്നു എന്നതു പുതിയ കണ്ടെത്തലല്ല. അതിനുള്ള പ്രധാന കാരണം വന നശീകരണം തന്നെയാണു. ഇന്നത്തെ സ്ഥിതി നോക്കൂ, മഴ പെയ്താൽ പ്രളയം, മഴ തോർന്നാൽ വരൾച്ച. മരങ്ങളുടെ എണ്ണം കുറഞ്ഞപ്പോൾ മഴയുടെ അളവു ഭീതിതമായ രീതിയിൽ കുറഞ്ഞിരിക്കുന്നു, ഉള്ള മഴയൊ കുത്തിയൊലിച്ചു, മലമ്പ്രദേശങ്ങളിലെ മണ്ണും പാറയും, പുഴക്കിയിടിച്ചു രൌദ്രതയുടെ പുതിയ രൂപങ്ങൾ നമുക്കും കാട്ടിത്തരുന്നു. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും, ചെറിയ കുന്നിൻ പ്രദേശങ്ങളിൽ പോലും നിത്യ സംഭവമായിരിക്കുന്നു. പുഴകൾ കവിഞ്ഞൊഴുകി ഗ്രാമങ്ങൾ നാശോന്മുഖമാവുന്നു.
ലോക ജലദിനത്തിന്റെ തൊട്ടു തലേന്നാണു വന ദിനം എന്നതു ഒരു യാദ്രശ്ചികതയാണെന്നു തോന്നുന്നില്ല. കാരണം, ജലത്തിന്റെയും, വനത്തിന്റെയും, സംരക്ഷണം പരസ്പര പൂരകങ്ങളായ പ്രക്രിയകളാണു.

ജലദിനത്തിലേക്ക് തിരിച്ചു വരാം. ഈ മാർച് 22 നമുക്ക് ഒരു പുനർ;ചിന്തനത്തിന്റെ ദിനം കൂടിയാകട്ടെ നമുക്കു ശ്രമിക്കാം നമ്മുടെ ജീവന്റെ ആധാര കണമായ ജല തന്മാത്രകളെ സംരക്ഷിക്കാൻ.അതിന്റെ സ്രോതസ്സുകളെ വ്രിത്തിയായി നിലനിർത്താൻ, നമ്മുടെ വരും തലമുറക്കു വേണ്ടിയെങ്കിലും. അല്ലെങ്കിൽ നാം ചെയ്യുന്നത അവർകു ജീവിക്കാനുള്ള അവകാശത്തെകൂടിയാണു ഹനിക്കുന്നതു. ആത്മാർത്ഥമെങ്കിൽ, നമ്മുടെ ശ്രമങ്ങൾ വിജയിക്കുക തന്നെ ചെയ്യും.

ഈവർഷത്തെ ജലദിനത്തിന്റെ ആശയം ശുദ്ധജലം; ആരോഗ്യമുള്ള ഒരു ലോകത്തിനു എന്നതാണു.

Image courtesy http://images.clipartof.com/