Saturday, August 22, 2009

ഒരു തുടക്കം

ഗുരു എന്നും ആ പുഴക്കരയിൽ വരാറുണ്ടായിരുന്നു. ദൂരെയുള്ള വീട്ടിൽ നിന്നും, ഗുരുവിന്റെ സൈകിൾ യാത്ര ഈ പുഴക്കരയിലേക്കായിരുന്നു., പുഴയിലേക്കു തെന്നിവീഴാ‍റായെന്ന പോലെ നിൽകുന്ന പാറയുടെ വക്കത്ത്, ഗുരു പുഴയിലേക്കു കാൽതൂക്കിയിരിക്കറുണ്ടായിരുന്നു.. ഗുരുവിനെ പോലേ പലരും അവിടെ വരാരുണ്ട്.അവരുടെ സയാഹ്നങ്ങളുടെ ഭാരം കുറക്കുവാനായി. പുഴക്കരയിലെ വെള്ളാ‍രം കല്ലുകൾ പെറുക്കിയെടുക്കൻ മാത്രമായി ചിലർ വരാറുണ്ടായിരുന്നു. പ്രണയത്തിന്റെ ഗന്ധം പരത്തുന്ന അവിടത്തെ ചെമ്പകപ്പൂക്കൾ പെറുക്കിയെടുക്കനായി മറ്റുചിലർ വരാറുണ്ടായിരുന്നു. ആ ചെമ്പകമരത്തിന്റെ കാര്യം അൽഭുതമാണ്. എത്ര കടുത്ത വേനലിലും മഴക്കാലത്തും അതിൽ പൂക്കൾ ഉണ്ടാവുമായിരുന്നു. ചിന്നംപിന്നം പെയ്യുന്ന കർക്കിടക മഴയിൽ കുതിർന്നടർന്നു വീഴുന്ന ചെമ്പക ഇതളുകൾക്കു പൊതുവെ സുഗന്ധം കൂടുതൽ ഉള്ളതുപോലെ !! അങ്ങനെ മഴയും തോൽക്കുമായിരുന്നു. അതിൽ ആത്മഹൂതി ചെയ്ത ഒരു പ്രണയിനിയുടെ മനോകാമനയത്രെ എന്നും പൂക്കുന്ന, ഈ ചെമ്പകമരം.

ഒഴുകുന്ന പുഴയുടെ ഭാവങ്ങൾ ഗുരു ഗ്രഹിക്കാറുണ്ടായിരുന്നു. കടുത്തവേനലിൽ ഒരു മെലിഞ്ഞ സുന്ദരിയുടെ രൂപമേറുന്ന അവൾക്കു, കർക്കിടകത്തിലും, തുലാംമാസിലും പൂതനാമോക്ഷം കഥയിലെ പൂതനയുടെ രൌദ്രതയാണുണ്ടാവുക. ദയ തീണ്ടാത്ത അട്ടഹാസം അവൾക്കു പഥ്യമായിരുന്നു. അവളെ ഗുരു ഭയക്കാറുമുണ്ടായിരുന്നു.

എങ്കിലും ഗുരു എന്നും അവിടെ വരുമായിരുന്നു.

ഇതുവരെയില്ലാതെ, എന്തോ, അവിടെ കാണാറുള്ള ഒരു പുതിയമുഖം ഗുരുവിന്റെ ശ്രദ്ധ നേടിയിരുന്നു. ഒന്നോ രണ്ടോ വെള്ളാരം കല്ലുകൾ എടുത്തവൾ ചെമ്പക മരത്തണലിൽ ഇരിക്കാറുണ്ട്. വെള്ളത്തിലേക്കു എന്തോ വീണ ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ അവൾ ഇടവഴിയിലേക്ക് നടന്നടുത്തിരിക്കും. ഒരാഴ്ചയോളം നീണ്ട മുഖപരിചയം, ഒരു പുഞ്ചിരിയിലേക്കു നീണ്ടു, പിന്നേയും സമയമെടുത്തു ഒന്നു മിണ്ടാൻ.

അവളുടെ കണ്ണിലെ വിഷാദത്തിന്റെ കാരണം എന്താകും എന്നതു ഗുരുവിനേ ഇടക്കെങ്കിലും ചിന്തിപ്പിക്കാറുണ്ട്.

പതിവുപോലെ പാറയുടെ വക്കിലിരിക്കുന്ന ഗുരുവിന്റെ കയ്യിലെ അന്നു ഒരു ഫ്രെഞ്ച് സാഹിത്യ പരിഭാഷയും ഉണ്ടായിരുന്നു. പതിവിലും നേർതെ വന്ന അവൻ പുസ്തകം പകുതിയോളം വായിച്ചു തീർത്തപ്പോഴേക്കും ജഗത്സാക്ഷി പടിഞ്ഞാറേ ചിറയിലേക്കാഞ്ഞിരുന്നു. പുഴക്കക്കരെ അത്രദൂരെയല്ലാത്ത കുന്നിൻ ചെരിവു വരെ മാത്രമേ അവിടെ സന്ധ്യാർക്കനെ കാണാറുള്ളൂ,, അദ്ദേഹം ഒക്കുമ്പോഴേക്കും പുഴക്കരയിൽ ഇരുട്ടു വീണു തുടങ്ങും. ഒരു തേങ്ങൽ കേട്ടാണു ഗുരുവിന്റെ ശ്രദ്ധ പുസ്തകത്തിൽ നിന്നടർന്നത്.

തിരിഞ്ഞ് നോക്കിയപ്പോൾ പുതിയമുഖി നമ്രശിരസ്കയായി ഇരുന്നു തേങ്ങുന്നു, സന്ധ്യാർക്കൻ മറഞ്ഞതിനു ശേഷം, ഇരുട്ടു വീഴാൻ തുടങ്ങിയപ്പോൾ നദീഗോചരർ സ്വഭവനങളിലേക്ക് നീങ്ങാൻ തുടങ്ങിയിരുന്നു. പതിവില്ലാതെയെന്നോണം, അവിടെ ഒരു മൂകാന്തരീക്ക്ഷം പടർന്നിരുന്നു. എന്തുകൊണ്ടോ ഇതൊന്നും ഗുരുവിന്റെ ശ്രദ്ധയിൽ പെട്ടില്ല. ഇരുട്ടു വീണുതുടങ്ങിയെന്നായപ്പൊൾ ഗുരുവും വീട്ടിലേക്കു പോകാനെണീറ്റു. ചെമ്പക മരച്ചുവട്ടിലെ പെൺകുട്ടി ഇനിയും കരച്ചിലടക്കിയിട്ടില്ല.

ഗുരു പറഞ്ഞു

സുഹ്രുത്തെ നേരം ഇരുട്ടുന്നു ഇനിയും ഇവിടെ തന്നെ ഇരിക്കാനാണോ ഭാവം?

അവൾ മുഖമുയർത്തി നോക്കി. കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നഷ്ടപ്രണയത്തിന്റെ ആർദ്രത ഗുരു കണ്ടറിഞ്ഞു.

ഇവിടെ ഇതുവരെ കണ്ടിട്ടില്ലല്ലോ!! ഈ ഭാഗത്തു പുതുതായി വന്നതാണോ? ഗുരു ചോദിച്ചു.

അധികം ദിവസമായിട്ടില്ല ഇവിടെ വന്നിട്ട്.. ഈ പുഴയൊരം എനിക്കിഷ്ടമായി അതുകൊണ്ടാ‍ ഇവിടെ വന്നത്.

അവളുടെ ശബ്ദത്തിനു.. കുപ്പിവളയുടെ കിലുക്കം പോലെ ഉണ്ടായിരുന്നു.

ദു:ഖാർദ്രയെങ്കിലും, ശബ്ദത്തിൽ സന്തോഷം വരുത്താൻ അവൾ ശ്രമിച്ചു.

ഗുരു എന്നല്ലേ ഇയാൾടെ പേര്? അവൾ ചോദിച്ചു.

എങ്ങനെ അറിയാം? എന്ന ഗുരുവിന്റെ മുഖത്തെ ആശ്ചര്യം കണ്ടിട്ടൊ മറ്റോ അവൾ പറാഞ്ഞു. അടുത്ത വീട്ടിലെ മായച്ചേച്ചി പറഞ്ഞാതാണെന്നു..

അവളുടെ വലംകയ്യിലെ കുപ്പിവളക്കിലുക്കം ഗുരുവിനൊരുപാടിഷ്ടമായി…

കുറച്ചിടക്കായി ഇവിടെ വരാറുണ്ടല്ലേ?

അവൾ ഒന്നു പുഞ്ചിരിച്ചു.

ക്ഷമിക്കണം.. ഞാൻ ഇതു വരെ ഇയാളുടെ പേരു ചോദിച്ചില്ല…!!!

ലേഖ, അതാ എന്റെ പേര്... അവൾ പറഞ്ഞു.

ആ ശബ്ദത്തിനു ഒരു വിറയൽ ഉണ്ടായിരുന്നു ഉള്ളിൽ പൊട്ടിക്കരയുന്നതു പോലെ.

അപ്പോൾ വീശിയ കാറ്റിൽ ഒരു ചെമ്പകപ്പൂ താഴെ വീണു. അതവൾ പെറുക്കിയെടുത്തു. ഒന്നു മണത്തിട്ടവൾ പറഞ്ഞു .. ഹായ്!!! എന്തൊരു മണം. ഇതു പ്രണയത്ത്റ്റിന്റെ മണമാണ്. ഈ ചെമ്പകമരത്തെപ്പറ്റി മായചേച്ചി ഒരു കഥ പറഞ്ഞു തന്നിട്ടുണ്ട്.. ഒരു നഷ്ട പ്രണയത്ത്റ്റിന്റെ കഥ.

ഗുരു ആ കഥ കേട്ടിട്ടുണ്ടോ?...

ഞാൻ കഥകളിൽ വിശ്വസിക്കാറില്ല ഗുരു പറഞ്ഞു.. കുറച്ച് ഈർഷ്യയൊടെ..

ആവൾ അതു മനസ്സിലാക്കി

അവർ രണ്ടു പേരും സൈകിളുകൾ തള്ളി ഇട വഴിയിൽ നിന്നും, റോഡിലേക്കു ഇറങ്ങി. കുന്നിൻ ചെരിവിറങ്ങി അവർ ലേഖയുടെ വീടിന്നു മുൻപിലെത്തി.

പടി കടന്നുള്ളിലേക്കു നടന്ന അവൾ ഒന്നു തീരിഞ്ഞു നോക്കുക പോലും ചെയ്തില്ല. അവൾ കയ്യിലെ ചെമ്പക പൂവിന്റെ ഗന്ധം ആസ്വദിക്കുന്നുണ്ടായിരുന്നു.

(തുടരും..)