Thursday, January 21, 2010

ഒരു ഒഴിവുകാലത്തിന്റെ തുടക്കം…

ഒരു തണുപ്പുകാലത്തു, പുലർനേരത്തു ഗുരു നാട്ടിലെത്തി. സാധാരണ പതിവുള്ളതാണു ആരോടും ഒന്നും പറയാതെ പെട്ടന്നങ്ങനെ വന്നു ചാടും. ഗുരുവിന്റെ ഒരു ശീലമാണത്. അതിൽ അയാൾ കുറച്ചൊക്കെ സന്തോഷം കണ്ടെത്താറുണ്ടായിരുന്നു. മിക്കവാറും ഇതുപോലെ പുലർച്ചനേരത്തു തന്ന്യാണു അയാൾ വീട്ടിൽ വരാരുള്ളത്. പ്രവാസം തുടങ്ങിയതു മുതൽ അതാണു ശീലം. ഓരോ സമയത്തും നാട്ടിൽ വരുമ്പോളും അയാൾ തന്റെ ചുറ്റുപാടും വന്ന മാറ്റങ്ങൾ ശ്രദ്ധിക്കാറുണ്ട്. പുതിയ താമസക്കാർ, പുതിയ വീടുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കഴിഞ്ൻ തവണ വന്നപ്പോൾ വീടിനടുത്തു മണ്ണിട്ടു മൂടിയ കുളത്തിന്റെ വരമ്പത്തുകൂടി അയാൾ നടന്നു. ആ മണ്ണിനടിയിൽ ഞെരിഞ്ഞമർന്ന് ചത്തുകിടക്കുന്ന മത്സ്യങ്ങളെ അയാൾ ഓർത്തു. മണ്ണടിഞ്ഞ അവ ഇനി ഫോസിലുകളായി മാറും… വർഷങ്ങൾക്കു ശേഷം ഇവിടെ വീടുപണിയുന്നവരുടെ പണിക്കാർ അവയെ കുഴിച്ചെടുക്കും. വർഷങ്ങൾക്കു മുമ്പ്, തന്റെ വീടിന്റെ തറക്കുള്ള കുഴിയെടുക്കുമ്പോൾ, സൈമൺ മേസ്തിരിയുടെ തമിഴൻ പണിക്കാരൻ ഒരു പൂച്ചയുടെ “ഫോസ്സിൽ” പുറത്തെടുത്തത്, ഗുരു ഓർത്തു. ഒട്ടൊരു അറപ്പോടെ അതു തൊട്ടു നോക്കൊയതും,അതിനെ കൂട്ടിവെച്ചൊരു പൂച്ചയുടെ രൂപം ഉണ്ടാകാനുള്ള വിഫല ശ്രമവും, അതിനിടക്കു അറപ്പു മൂത്ത്, ഓക്കാനിച്ചതും ഒക്കെ…ഗുരു ഒന്നും കാർകിച്ചു തുപ്പി അറപ്പകറ്റി. ശർദ്ദിലിന്റെ മുൻപോടിയായുള്ള പോലെ വായിൽ ഉപ്പുരസമുള്ള ഉമിനീർ ഊറി. വലതുവശത്തു ചാഞ്ഞു നിന്നിരുന്ന ഒരു പുളികൊമ്പിൽ നിന്നും രണ്ടില പറിച്ചെടുത്തു ചവച്ച് തൽകാലം ഗുരു ദുസ്വാദകറ്റി.
വാകച്ചാർത്തായിട്ടെ ഉണ്ടാവുള്ളൂ ; വേണച്ചാൽ ഒന്നു കുളിച്ചു തൊഴുതു ശയനപ്രദക്ഷിണോം ചെയ്ത് വന്നോളൂ ഗുരുവിനോടു ഇനിയും വിടാത്ത ഉറക്കചടവോടെ അച്ഛൻ പറഞ്ഞു .. അവൻ ഇപ്പൊ അങ്ട്ടു വന്നേള്ളൂ, ഒറങ്ങീട്ടുംകൂടീണ്ടാവില്ല്യ, അവനൊന്നൊറങ്ങിക്കോട്ടെ! അമ്മയുടെ വീർപ്പുമുട്ടൽ അങ്ങനെ!!. എന്തായാലും രാവിലെ വന്നയുടൻ കാവിമുണ്ടും, ഒരു വേഷ്ടിയും എടുത്തു അയാൾ അമ്പലത്തിലേക്കു പോയി, പണ്ടു കളിച്ചു നടന്ന വഴിയിലൂടെ നടക്കുമ്പോൾ പലർക്കും തോന്നാറുള്ള ഗ്രുഹാതുരത്വം ഒന്നും അയാൾകു തോന്നിയില്ല, എങ്കിലും, ശ്വാസത്തിൽ ഒരു നൈർമല്യവും, സുഖവും അയാൾകു തോന്നിയിരുന്നു. അമ്പലക്കുളത്തിലെ വഴുക്കലുള്ള പടവുകൾ അത്ര പരിചയ ഭാവം കാണിച്ചില്ല, കുളത്തിലെ ക്ലോറിനേറ്റ് ചെയ്ത വെള്ളം അയാളെ അസ്വസ്ഥനാക്കി..താൻ കുളത്തിൽ നീന്തി തുടിച്ച കുട്ടിക്കാലം അയാളുടെ മനസ്സിൽ ഊളിയിട്ടു. നീന്തി മത്സരിച്ചതും, കുളത്തുനു മധ്യത്തിലുള്ള കാളിയമർദ്ധന വിഗ്രഹത്തെ തൊട്ടു അതിനെ കുളിപ്പിചു, കുളം കലക്കിയിരുന്ന ബാല്യം. അതിമനോഹരമായിരുന്നു. അതിനിടക്ക് ആ കുളം വലിച്ചെടുത്ത ചില ബാല്യകാല സുഹ്രുത്തുക്കളുടെ മുഖവും മനസ്സിൽ തെളിഞ്ഞു…
കുളത്തിൽ മുങ്ങുയെണീറ്റു തലയും ദേഹവും തോർത്താതെ, അയാൾ മുണ്ടിന്റെ രണ്ടു മുകളറ്റവും അരയിൽ ചുറ്റി കെട്ടി.ഉരുളുമ്പോൾ അഴിയാതിരിക്കാനുള്ള ഒരു മുൻകരുതൽ. ഭഗവതികെട്ടിലൂടെ അയാൾ കൊടിമരച്ചുവട്ടിലേക്കു നടന്നു. അവിടെ നിന്നു ശ്രീലകത്തേക്കു നോക്കി പവനപുരേശനെ ധ്യാനിച്ചു നാരായണമന്ത്രം ജപിച്ചു സാഷ്ടാംഗം നമസകരിച്ചു. സമസ്താപരാധങ്ങൾകും ക്ഷമ യാചിച്ചു അയാൾ പ്രദക്ഷിണ വരിയിലൂടെ ഉരുണ്ടു നീങ്ങാൻ തുടങ്ങി. സ്വതേ തിരക്കു കുറഞ്ഞ പുലർകാലത്തു, ശയനപ്രദക്ഷിണം ചെയ്യാൻ അനവധി ഭക്തർ ഉണ്ടാകാറുണ്ട്. ഇവിടെ ശയനപ്രദക്ഷിണം നിഷിദ്ധരായ സ്ത്രീ ജനങ്ങൾ അടിപ്രദക്ഷിണം ചെയ്യാറാണുള്ളത്. കുട്ടിക്കാലം മുതൽകുള്ള ശീലമാണെങ്കിലും, ശയനപ്രദക്ഷിണത്തിന്റെ തിയോളജിക്കൽ സിഗ്നിഫികൻസ് എന്താണെന്നു ഇതു വരെ ഗുരുവിനു മനസ്സിലായിട്ടില്ല. ഒരുപക്ഷെ, സഹനത്തിലൂടെയുള്ള ആത്മസമർപ്പണം ആയിരിക്കും അതിന്റെ തത്വം എന്നു അയാൾ വിശ്വസിച്ചു.എന്തൊക്കെയെങ്കിലും, ഓരോ തവണ പ്രദക്ഷിണം ചെയ്യുമ്പോഴും, അയാൾകു ഒരു പ്രത്യേക ഉത്സാഹം തോന്നാറുണ്ടായിരുന്നു. പക്ഷെ ഇന്ന്, യാത്രയുടെ ക്ഷീണം കൊണ്ടായിരിക്കാം അയാൾകു ഒരു പ്രദക്ഷിണം ചെയ്യാനെ സാധിച്ചുള്ളൂ. എങ്കിലും മനസ്സിലെ ചില ഭാരങ്ങൾ ഇറങ്ങിയപോലെ അയാൾകു തോന്നി. ഒരുപകഷെ ജന്മനാടിന്റെ സുരക്ഷിതത്വമായിരിക്കാം അതിന്നാധാരം.
ശയനപ്രദക്ഷിണത്തിനു ശേഷം അയാൾ വീണ്ടും കുളത്തിൽ പോയി കൂളിച്ചു.ദേഹത്തു പറ്റിയ മണൽ തരികൾ അയാൾ കഴുകിക്കളഞ്ഞു. അപ്പോൾ ഉണ്ടായ ഒരു ചെറിയ നീറ്റൽ അയാൾ ആസ്വദിച്ചു. വീണ്ടും അമ്പലത്തിനകത്തു പോയി, വരിയിൽ നിന്ന് നാലമ്പലത്തിനകത്തു ഭഗവദ് ദർശനം കഴിഞ്ഞ്, ഉപദേവതകളേയും വണങ്ങി അയാൾ വീട്ടിലേക്കു മടങ്ങി. അതിനിടയിൽ, പ്രസാദ വിതരണ കേന്ദ്രത്തിൽ നിന്നും, മലർ നിവേദ്യവും, പഴം പഞ്ചസാരയും വാങ്ങിയിരുന്നു. ഒരു ചെറിയ ഡബ്ബ സംഘടിപ്പിച്ചു കുറച്ചു നെയ്പായസവും, വാങ്ങി. തിരിച്ചു വീട്ടിലേക്കു പോരുംവഴി അയാൾ ക്ഷേത്രത്തിന്റെ ചുറ്റുപാടും ഒന്നു വീക്ഷിച്ചു. തിരക്കുണ്ടെങ്കിലും, അമ്പലത്തിന്റെ ചുറ്റുപാടു വിജനമായി തോന്നി, പണ്ടു ക്ഷേത്രത്തിനു ചേർന്നു നിന്നിരുന്ന, ജയശ്രീലോഡ്ജും, ദ്വാരക ഹോട്ടലും ഇന്നു, ചെറിയ ഒരു ആൽതറപോലെ കുറെ ദൂരെ മാറിനിൽകുന്നു. വടക്കു ഭാഗത്തുണ്ടായിരുന്ന ചില പുരാതന കെട്ടിടങ്ങൾ പോലും, പകുതിയായി മുറിഞ്ഞു നിൽകുന്നു.ഇന്നു ക്ഷേത്രം ഒറ്റപ്പെട്ടു നിൽകുന്നു. സുരക്ഷാപരമായ കാരണങ്ങളാലത്രെ ഇത്തരം മാറ്റങ്ങൾ. ദൈവത്തിനു നമ്മുടെ സുരക്ഷയോ? അതിലെ വൈരുധ്യം ഗുരുവിനു എന്തോ പോലെ തോന്നി. എങ്കിലും താൻ കളിച്ചു വളർന്ന ആ ക്ഷേത്രമുറ്റം അവനു അപരിചിതമായി തോന്നി.
കയ്യിലൂണ്ടായിരുന്ന മലർനിവേദ്യത്തിന്റെ കീശയിൽനിന്നും അയാൾ കുറച്ചു മലരെടുത്തു വായിലിട്ടു.മലർ മണികൾക്കിടയിൽ കിട്ടിയ ഒരു ശർകരപ്പൊട്ട് അയാളിൽ ആർതിഉളവാക്കി.. “വെറുംവൈറ്റിൽ ഇങ്ങനെ മലരുതിന്നു കൂട്ടണ്ടാ, വയറുറക്കൂം’ പിന്നിൽ നിന്നും അമ്മ പറയുന്നത് പോലെ. അതിനല്ലേ അമ്മേ, ഇതിൽ പഴം കൂടി ഉള്ളത്!! വായിൽ വന്ന തർകുത്തരം പറയാൻ തുനിഞ്ഞപ്പോളാണു അതു തൊന്നിയതാണെന്നു മനസ്സിലായത്!! കുറച്ചു പൊടിപഞ്ചാരകൂടി നുണഞ്ഞ് അയാൾ വീട്ടിലേക്കു നടന്നു. ഇരുട്ടുമാറി കുറേശ്ശേ വെളിച്ചം വന്നു തുടങ്ങിയിരുന്നു. വൈദ്യുതിബോഡിലെ ലൈന്മാൻ സൈകിളിൽ പറന്നിറങ്ങി, വഴിവിളക്കുകളുടെ ഫ്യൂസ് ഊരുന്നുണ്ടായിരുന്നു. ഇടവഴിയിൽ വെച്ചു നെയ്പായസ്സത്തിന്റെ സ്വാദു നോക്കാനുള്ള കൊതി മൂത്തു. അടപ്പു തുറന്നു ഡബ്ബ വായിലേക്കു ചെരിച്ചു.പിന്നത്തെ കഥ അതി ദാരുണമായിരുന്നു. നെയ്പായ്സം നാക്കിൽ വീണതും, കണ്ണു തുറിച്ചു. ശർകരയുടെ മധുരത്തിനു പകരം ചീനമുളകു കടിച്ച നീറ്റ്ലാണു ഉണ്ടായത്, പഴയ അനുഭവം കൂടി മനസ്സ്സിൽ ഫ്ലാഷ് ചെയ്തപ്പോൾ നാക്കു പൊള്ളിയതാണെന്നു മനസ്സിലാകാൻ അധിക സമയം എടുത്തുല്ല. ആകെപ്പാടെ വിറളിപിറ്റിച്ചു കയ്യിലെ പ്രസാദം അടുത്തുള്ള അരമതിലിൽ കൊണ്ടു വച്ചതും ഒരു സെകൻഡിൽ നടന്നു. ആതൊന്നും താഴെയിട്ടു കളയാഞ്ഞതു അതൊക്കെ വീട്ടിൽ കൊണ്ടുപോയി സാവധാനം ആർകും കൊടുക്കാതെ തിന്നാനുള്ള കൊതികൊണ്ടു മാത്രമായിരുന്നെന്നു കിംവദൻ!, പൊള്ളലിനിടയിലും, തുപ്പിക്കളയാതെ ഗുരു പായസം ഉള്ളിലേക്കിറക്കി. അതു പോയ വഴി മുഴുവൻ അടുത്ത രണ്ടു ദിവസത്തേക്കു അറിയാമായിരുന്നു.
എങ്കിലും മാരാത്തെ പടിക്കിലൂണ്ടായിരുന്ന വാട്ടർ അഥോറിറ്റിയുടെ ടാപ്പിൽ അപ്പോൾ കാറ്റിനു പകരം വെള്ളം തന്നെ വന്നത്, ദൈവം ഉണ്ടെന്നതിനുള്ള വലിയ തെളിവാണെന്ന് അമ്മ പിന്നീട് എന്നെ വിശ്വസിപ്പിച്ചു. പായസം കഴിച്ചു, ടാപ്പിലെ വെള്ളത്തിൽ വായും മുഖവും കഴുകി, വീട്ടിലേക്ക്. ഇത്രയൊക്കെ ആയെങ്കിലും, കയ്യിലെ മലരും പൊടിപഞ്ചസാരയും, കദളിപ്പഴവും വീട്ടിലെത്തുമ്പോഴേക്കും, സംഭവങ്ങൾ വാങ്ങി എന്നറിയിക്കാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.നാക്കിലെ നീറ്റലിനു ഒരു കുറവു ഉണ്ടായിരുന്നില്ല.
അങ്ങനെ വീട്ടിലെത്തി ഈറൻ മാറി ഉമ്മറത്തെത്തിയപ്പോഴേക്കും, അമ്മയുടെ വക ആവിപറക്കുന്ന ചായ. എ.വി.ടി ചായയുടെ നറുമണം അസ്സലായിരുന്നു.അതുവാങ്ങി ആ ചൂടോടെ ആസ്വദിക്കാൻ കഴിയാത്തതിന്റെ കാരണം അമ്മയോടു പറഞ്ഞു തീർന്നില്ല അതിനുമുമ്പേ ദാ.. വരുണു, അടുത്തവീട്ടിലെ ആശയുടെ കമന്റ്.. ഹൊ ഇത്ര വയസ്സായിട്ടും കൊതി മാറീല്ല്യാ ല്ലേ…!!! കഷ്ടം…!!! എന്നു…. ഗുരുവിന്റെ മനസ്സിലെ പക്ഷെ കാഷ്ഠം എന്നാണു വന്നത്. അവൾകിട്ടു നാലു ചീത്തവിളിച്ചു, വീട്ടിലെത്തിയ മാത്രുഭൂമിയുടെ തലക്കെട്ടു വാർത്ത നോക്കി പത്രം പിറകിൽ നിന്നും തുറന്നു അന്നത്തെ വാർത്താധ്യയനം തുടങ്ങി.വിദേശം തുടങ്ങി, സ്പോർട്സിൽ ഒന്നു മുങ്ങിതപ്പി, വാണിജ്യവാർത്തകളിലൂടെ ചാടി മറഞ്ഞ്, ചരമത്തിൽ നമ്മുടെ പേരുണ്ടോ എന്നു പരതി, അഞ്ചാം പേജിലെ ഗോപീക്രിഷ്ണന്റെ അന്നത്തെ കാർട്ടൂൺ ആസ്വദിച്ച്, നാലാം പേജിലെ ലളിതമായ മുഖപ്രസംഗവും,ഏതോ രാഷ്ട്രീയക്കാരന്റെ നിരർത്ഥകമായ ഒരു ലേഖനവുംവായിച്ചു, പ്രാദേശികം പേജിൽ, പരിചയക്കാരെപറ്റിയുള്ള വാർത്തവല്ലതും ഉണ്ടൊ എന്നു നോക്കി, ക്ലസ്സിഫൈഡിനെ അവഗണിച്ചു മുൻ പേജിലേക്കെത്തിയപ്പോഴെക്കും അച്ഛൻ വന്നു പത്രം തട്ടിപ്പറിച്ചു കൊണ്ടുപോയി.
അവിടെ നിന്നും എണീറ്റു, അടുക്കളയിലേക്കൊരു പാലായനം. ചൂടുവിട്ട ചായ കുടിച്ചു, ഗ്ലാസു കഴുകിവച്ച്യ് തിഞ്ഞു നോക്കുമ്പോൾ വെള്ള ചെമ്പരത്തി പൂക്കൾ പോലെ ചിരിച്ചിരിക്കുന്ന ഇഡ്ഡ്ലിക്കുട്ടന്മാർ എന്നെ വിഷ് ചെയ്തു.. വെൽകം ഹോം ഡീയർ ഫ്രണ്ട്..!! അതിലേക്കു കൈ നീട്ടുമ്പോഴേക്കും അമ്മയുറ്റെ ശകാരം, ഒന്നു നിക്ക്ഡാ, ഈ സമ്മന്തികൂടി ആയാൽ കഴിക്കാം ട്ടൊ.!! അതു പറയുമ്പോഴേക്കും ഒരു പഴയ ലയ്ലാഡു ബസ്സു കയറ്റം കയരുന്ന ശബ്ദത്തിൽ മിക്സിയുടെ 800 വാട്ട്സ് മോട്ടോർ കരയാൻ തുടങ്ങി. അതിന്റെ ജാറിൽ നിന്നും വെളിച്ചെണ്ണയിൽ മൂപ്പിച്ച ചെറിയ ഉള്ളി ഞെരിഞ്ഞ്മർന്നു മുറിഞ്ഞു മുറിഞ്ഞു ഒരു സമ്മന്തിയായി മാറുന്നതു ഗുരു സങ്കല്പിച്ചു. വൈദുതോർജ്ജം യാന്ത്രികോർജ്ജവും, പിന്നെ സമ്മന്തിയൂർജ്ജവും ആകുന്നത്, ഗുരു മനസ്സിലാക്കി. പിന്നെ അടുക്കളയിലൂടെ പുക്ക്തപ്പിയപ്പോൾ കിട്ടിയതു അമൂല്യമായ നിധിയായിരുന്നു. ഇരുണ്ട ബ്രൌൺ നിറത്തിൽ അർദ്ധഗോളാക്രുതിയിലുള്ള ഈ ജഗത്തിലെ എറ്റവും സ്വാദുള്ള പലഹാരം.. വെറും അരിപ്പൊടിയും ശർകരയും, പഴവും, നാളികേരകൊത്തും മാത്രം ഇട്ടു, കാരോലിൽ, വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന പലഹാരം. പലഹാരങ്ങളുടെ രാജാവായ സാക്ഷാൽ കാരോലപ്പം, (ഉണ്ണിയപ്പം എന്നും പറയും). ഒളിപ്പിച്ചു വച്ച തൂക്കുപാത്രത്തിൽ നിന്നും രണ്ട് കയ്യിലും കിട്ടാവുന്ന അത്രയും, ദോഷം പറയരുതല്ലോ, ചെറിയ കയ്യായതൊണ്ട്, ആകപ്പാടെ അഞ്ചെട്ടെണ്ണം മാത്രെ കിട്ടീള്ളൂ ട്ടൊ.. അതും അകത്താക്കി
പത്തു പതിനഞ്ചു മിനിട്ടിനു ശേഷം ആവിപറക്കുന്ന പൂളക്കെഴങ്ങ് ഇഷ്ടൂവും പൂവ് പോലുള്ള ഇഡ്ഡ്ലീം ഉള്ളി സമ്മന്തീം അമ്മ കൊണ്ടു വന്നു. അതും കഴിച്ചു ഒരു ഒഴിവുകാലം ആസ്വദിക്കാൻ ഗുരു പദ്ധതിയിട്ടു.

Tuesday, January 5, 2010

ഒരു വർഷാന്ത്യത്തിൽ

അങ്ങനെ ഒരു ഡിസംബർ കൂടി കടന്നു പോകുന്നു.ഗുരുവിനും തോന്നി ഒന്നു തിരിഞ്ഞു നോക്കാൻ. കഴിഞ്ഞ ജനുവരിയിലെ കോച്ചുന്ന തണുപ്പുമുതൽ, ആർദ്രമായ ഏപ്രിൽ മാസത്തിലൂടെ, അത്യുഷ്ണത്തിന്റെ ജൂലായ് ആഗസ്റ്റ് മാസങ്ങൾ ചാടിക്കടന്ന്, ഒക്ടോബറിലെയും,നവംബറിലേയും മഴ നനഞ്ഞ്, വീണ്ടും തണുത്തുറഞ്ഞ ഒരു ഡിസംബർ. കഴിഞ്ഞുപോയ മുന്നൂറ്റി അറുപത്തിനാലു ദിവസങ്ങളിൽ നിന്നായി, പെറുക്കിയെടുക്കാൻ, ഗുരുവിനു മറ്റുള്ളവരേപ്പോലെ നേട്ടങ്ങൾ ഒന്നും ഇല്ലായിരുന്നു എന്നു തോന്നി. എന്നാൽ കൈവഴുതിപ്പോയ പലതും, നഷ്ടങ്ങളുടെ ഒരു നെരിപ്പോടു ബാക്കിയാക്കിയിരുന്നു. ഒരുപക്ഷെ ഈ ഡിസംബറിലേയും, ജനുവരിയിലേയും, തണുപ്പകറ്റാനായിട്ടെന്ന പോലെ!!!
ഗുരുവിന്റെ കുറിപ്പുകളിൽ വിരക്തിയൂടെ വൈരൂപ്യം ഞാൻ അറിഞ്ഞു.
നേട്ടങ്ങളിലേക്കു നോക്കിയപ്പോൾ കണ്ടത് ആദ്യം, കുറച്ചു നല്ല കൂട്ടുകാർ. കൊടുങ്ങല്ലൂരാൻ, വിമുക്തവ്യോമൻ, മാർജ്ജാരജാഗ്രതൻ, തെക്കൻ,താമരശ്ശേരി...തുടങ്ങിയവർ. നഷ്ടങ്ങളും അതുപോലെ. മനസ്സു നീറ്റുന്ന ചില നഷ്ടങ്ങൾ. ഒരിക്കലും നഷ്ടപ്പെടരുതേ എന്നു മാത്രം ആഗ്രഹിച്ചിരുന്ന ചിലർ, എന്റെ നാട്, എന്റെ ഇരിപ്പിടം.പിന്നെ എന്നെതന്നെയും.
ഏന്തായിരുന്നിരിക്കും ഗുരുവിന്റെ മനസ്സിലെന്നു എനിക്കു മനസ്സിലായില്ല. അയാൾ പലപ്പൊഴും അങ്ങനെയാണ്
കഴിഞ്ഞ ജനുവരി പിറന്നതു ഒരു വ്യാഴാഴ്ചയായിരുന്നു. നാലാം ദിനം മുതൽ തണുത്ത വെളുപ്പാങ്കാലത്തെ അഞ്ചരക്കുള്ള വണ്ടിക്കു തെക്കു പടിഞ്ഞാറേക്കു വെച്ചു പിടിചു. വർഷത്തിൽ ഒരു ദിവസം പോലും അവധിയില്ലാത്ത പ്രഭാതർക്കന്റെ വരവിനു മുമ്പെ തന്നെ ആഴ്ച ദിവസങ്ങളിൽ ഞാൻ എന്റെ ഇരിപ്പിടത്തിൽ ചെന്നിരിക്കും. ഫിൽറ്റർ കോഫിയുടെ രുചിആസ്വദിച്ചു കൊണ്ടു ഒരു മാത്രുഭൂമിയും കടിച്ചു പിടിച്ചു തുടങ്ങുന്ന ദിനം മിക്കവാറും അവസാനിക്കുന്നത് വൈകീട്ടു ഒറ്റക്കു വെച്ചുണ്ടാക്കിയ കടലക്കറിയും, വെറുങ്ങലിച്ച ചപ്പാത്തിയും കഴിച്ചു കൊണ്ടായിരിന്നു. അതിനു ശേഷം ചിരപുരാതനം മുതൽ, പോസ്റ്റ് മോഡേൺ വരെയുള്ള തമിഴ് സിനിമകളുടെ ക്ലൈമാക്സിൽ ഒരു ഉറക്കം. നമ്മൾ ഒക്കെ ഉറങ്ങാൻ കാത്തിരിക്ക്യാർന്നു, രാവില്യാവാൻ വേണ്ടീട്ടു എന്നു പോലും തോന്നീട്ടുണ്ട് അന്നൊക്കെ. ഹൊ! സമ്മതിക്കെണം.!! അങ്ങനെ നിരർത്ഥകമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ദിനങ്ങൾകിടയിലാണു പൊടിപിടിച്ചുകൊണ്ടിരിക്കുന്ന ഒരു സൌഹ്രുദം ഞാൻ പൊടി തട്ടിയെടുത്തത്. ഒരുപാടുനാളത്തെ ഇടവേളക്കു ശേഷം എങ്ങനേയോ അവളെ ഞാൻ കണ്ടുമുട്ടി.
അന്നു അവളുടെ ശബ്ദത്തിൽണ്ടായിരുന്ന വിഷാദഭാവം എന്നെ അൽഭുതപ്പെടുത്തി. എന്തെ എന്ന ചോദ്യത്തിനു ആൾകൂട്ടത്തിൽ ഒറ്റപ്പെട്ടു നിൽകുന്ന ആർകും ഉണ്ടാവുന്ന വിഷാദാവസ്ഥയെന്ന് അവൾ മറുപടിയേകി. അവിശ്വാസമായിരുന്നു എന്റെ നിശ്വാസങ്ങളിൽ എനിക്കനുഭവപ്പെട്ടതു. ഗുരു പറഞ്ഞു. എങ്കിലും അവളുടെ ശബ്ദത്തിൽ അനുഭവപ്പെട്ട ഏകാന്തതയും, നഷ്ടബോധവും ഗുരു തിരിച്ചറിയാൻ തുടങ്ങിയിരുന്നു. അന്നവൻ നിശബ്ദമായിഅവളോടു പറഞ്ഞു. നിനക്കൊന്നും നഷ്ടപ്പെട്ടിട്ടില്ലാല്ലോ! അർത്ഥമില്ലാത്ത, നിലനില്പില്ലാത്ത ചില സ്വത്വമാണു നിന്നിൽ നിന്നും ഊർന്നിറങ്ങിയതു എന്നു മനസ്സിലാക്കുക.
അവന്റെ വാക്കുകളെ അവൾ ഒരു ജല്പനമായി മാത്രമേ കണ്ടുള്ളൂ. എങ്കിലും അതൊരു തുടക്കമായിരുന്നു. ചിന്തകളുടെയും, വാഗ്വാദങ്ങളുടെയും, ജല്പനങ്ങളുടെയും, പിന്നീടുള്ള വേർപാടിന്റേയും. ആ ഇടക്കാണു ഒരു ദിവസം സ്വന്തം ഇരിപ്പിടം ഗുരുവിനു നഷ്ടമായതു. പിന്നീടുള്ള ദിനങ്ങളിൽ ഒരു ഇരിപ്പിടം കിട്ടാനുള്ള അയാളുടെ നെട്ടൊട്ടത്തിൽ അയാൾകു നഷ്ടമായതു അയാളെ തന്നേയായിരുന്നു. ഒന്നരമാസത്തിനു ശേഷം വക്ക്പൊട്ടിയതും ഒരു ആൽതറയിൽ ഒരു ഇരിപ്പിടം അയാൾ കരസ്ഥമാക്കി.Though compromising a lot of his interests!! തീരെ വയസ്സനായാ ആ ആൽമരത്തിൽ ഇലകൾ തുലോം കുറവായിരുന്നു, ഒരുപക്ഷെ വേരുകൽ ദ്രവിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നിരിക്കും. പലപ്പോഴും അങ്ങനെ തന്നെയല്ലേ സംഭവിക്കാറുള്ളതു.
അതിനിടക്കു പലായന ഭൂമിയിലേക്കു ഒരു സന്ദർശനം, ഗുരുവിനു അതു ഒരിക്കലും ഒരു നല്ല അനുഭവമായിരുന്നില്ല. അവിടെ തന്റെ പല നഷ്ടപ്പെടലുകളും, നെഞ്ചിൽ തറച്ച കൂരമ്പ്കളെപ്പോലെ വേദനിപ്പിച്ചു. ഒന്ന് മറ്റൊന്നിനേക്കാൾ എന്ന പോലെ അവ മത്സരിച്ചു. അന്നു കൂടിച്ച പാല്പായസത്തിനു പോലും മനംപരട്ടുന്ന ഒരു കയ്പ് അയാൾ അനുഭവിച്ചു.
കഴിഞ്ഞ വർഷംഗുരുവിന്റെ എറ്റവും വലിയ നഷ്ടമായതു ഒരു സുഹ്രുത്തിന്റെ വേർപാടായിരുന്നു.അയാളെ കാണാൻ വേണ്ടിപുറപ്പെട്ടതും, പകുതിവഴിയിൽ തിരിച്ചു പോന്നതും ഗുരു എന്നോടു പറഞ്ഞു. സത്യം പറയാല്ലോ, ഒരു പക്ഷെ അന്നുമുതൽ ആയിരിക്കാം ആ സുഹ്രുത്തിനു ഗുരുവിനോടു അകൽച തോന്നിതുടങ്ങിയതു. പോകുമ്പോൾ അയാൾ പറഞ്ഞുവത്രെ, ഗുരുവിനെ കാണാൻ വീണ്ടും ഇടക്കു വരുമെന്നു. ഒരിക്കലും മറക്കില്ലെന്നു. അന്നു ഗുരു സൌമ്യനായി അയാളോറ്റു പറഞ്ഞതു ഞാൻ കേട്ടിരുന്നു, ആരുതും ഇനിയൊരിക്കലും, വരരുതു, ഓർതുവയ്ക്കരുത് മറന്നു വിട്ടേക്കൂ‍ം നിനക്കു മംഗളം. ഇടക്കു ഗുരുവിന്റെ ചെയ്തികൾ കണ്ടാൽ കരണം അടിച്ചു പുകയ്ക്കാൻ തോന്നും.ഒരു വഴിക്കു പൊയിട്ടു, പകുതിയിൽ വച്ചു തിരിച്ചു വരിക, ഛെ മൂണയില്ലാത്തവൻ, ശനിയൻ..,
“മതി തന്റെ വിവരണം. ഇയാൾടെ കൊല്ലാവസാനത്തെ ബലൻസ് ഷീറ്റും, ലാഭ നഷ്ടവിവരണവും കേൾക്കാൻ എനിക്കു സമയമില്ല“… എന്നും പറഞ്ഞ് ഞാൻ പോകാൻ ഇറങ്ങി. എനിക്കു പിന്നെ അയാളെ കാണാൻ ലജ്ജ തോന്നി. അയാളുടെ നേട്ടങ്ങളും നഷ്ടങ്ങളും,ചിന്തകളും, സംശയങ്ങളും പങ്കുവെക്കുവാൻ പറ്റിയ ഒരു ചങ്ങാതിയാവാൻ കഴിയാത്തതിൽ, പിന്നെ എന്റെ : അഹം-മമ: എന്ന ജല്പനത്തിൽ അമർഷവും.
ഗുരൂ….. മാപ്പ്…
ഗുരു പിന്നീടൊന്നും എന്നോടു പറഞ്ഞില്ല. പറയാൻ ഒന്നുമില്ലായിരുന്നിരിക്കാം. അല്ലെങ്കിൽ, അയാൾകു താല്പര്യമില്ലാതായിരുന്നിരിക്കാം. പക്ഷെ, അയാൾ ഒന്നും പറഞ്ഞില്ല.
പുതിയ വർഷത്തിലും ഗുരു തന്റെ ഇരിപ്പിടത്തിൽ വന്നിരുന്നു. അതു തുടരുമെന്നു എനിക്കറിയാമായിരുന്നു. ആ ആൽതറയിലിരിക്കുമ്പോൾ ഒരിക്കലും അയാൾകു ശാന്തനായി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല എങ്കിൽ കൂടിയും അവിടെ ഇരിക്കുമ്പോൾ ഗുരുവിന്റെ കണ്ണുകളിൽ നല്ല നാളേക്കുള്ള പ്രതീക്ഷകൾ ഉണ്ടായിരുന്നു.
ഉറക്കത്തിന്റെ നിത്യതയിലേക്കു കണ്ണും നട്ടു അയാൾ ആ ആൽതറയിൽ തന്നെ ഇരുന്നു.