Wednesday, August 25, 2010

ചരമം.

ഗുരുവായൂർ കാരക്കാട് ശ്രീകൃപയിൽ താമസിക്കുന്ന ഹരി നെടുങ്ങാടി ഇന്നലെ അന്തരിച്ചു. ഇരുപത്തെട്ടു വയസ്സായിരുന്നു. അവിവാഹിതനായിരുന്നു. ദീർഘകാലമായി തലക്കസുഖമായി ചികിത്സയിലായിരുന്നു.

മികച്ച ഒരു തല്ലുകൊള്ളിയായിരുന്നു എന്നു ഹരിയെ ദുബായിൽ നിന്നും സുഹൃത്തുക്കളായിരുന്ന റിനോഷും രതേഷും അനുസ്മരിച്ചു. കയ്യിലിരുപ്പിന്റെ കുരുത്തകേടിൽ അനുപമനായിരുന്നു ഹരി എന്നു അടുത്ത ബന്ധുവും സുഹൃത്തുമായിരുന്ന പ്രശാന്ത് മുംബൈയിൽ നിന്നും അയച്ച അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. ഒട്ടനേകം ചാറ്റ് സുഹൃത്തുക്കൾ ഹരിയുടെ ആത്മശാന്തിക്കായി ഇന്നലെ ഒരു നിമിഷം നിശബ്ദരായി. ചിലർ ആദരാഞ്ചലികൾ അർപ്പിച്ചു ലോഗൌട്ടായി.

സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും വിശിഷ്ട വ്യക്തികൾ ഹരിക്കു അന്തിമോപചാരം അർപ്പിക്കാൻ കാരക്കാട്ടെ വീട്ടിൽ എത്തിയിരുന്നു. പൊതുദർശനത്തിനു ശേഷം മൃതദേഹം പമ്പാടി ഐവർമഠത്തിൽ സംസ്കരിച്ചു.

ആയിരത്തി തൊള്ളായിരത്തി എൺപത്തിരണ്ട് നവമ്പർ ഒന്നാംതീയ്യതി ഗുരുവായൂരിലായിരുന്നു ഹരിയുടെ ജനനം. ഗുരുവായൂരിൽ പരിസരത്തുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു പ്രാഥമിക അഭ്യാസങ്ങൾ പഠിച്ച ശേഷം പല തലതിരിപ്പൻ പരിപാടികളുമായി കാലം കഴിക്കുകയായിരുന്നു. അതിനിടയിലാണ് പ്രത്യേകിച്ചൊരു കാരണവും കൂടാതെ ഹരിക്കു നൊസ്സു തുടങ്ങുന്നത്. ജന്മനാ ഉള്ളതാണീ അസുഖം എന്നും അയൽവാസികളിൽ പലരും സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.



*********

ഓർമ്മകൾ


മറവി എനിക്കിന്നൊരു അനുഗ്രഹമാണ്.  അത് ചിലപ്പോളെങ്കിലും എനിക്കൊരു ശാപവും ആകാറുണ്ട്. എങ്കിലും ഞാൻ മറക്കാൻ ആഗ്രഹിക്കുന്നു. എല്ലാം!! എന്റെ സ്വപ്നങ്ങളും, ഓർമ്മകളും, പിന്നിട്ട ഒറ്റയടിപാതകളും.. എല്ലാം

തിരിച്ചു പോകാനു് എനിക്കു കഴിയില്ല. കാരണം വന്ന വഴികൾ ഞാൻ മറന്നു കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷേ മന:പൂർവ്വം!! തിരിച്ചു പോകാൻ എനിക്കു സാധിക്കുകയുമില്ല എന്തെന്നാൽ ജീവിതത്തിനു ഒരു റിവൈൻഡ് ബട്ടൻ ഇല്ലല്ലോ!! വന്നവഴിയിൽ കണ്ട ഒരുപാടു മുഖങ്ങൾ എനിക്കു ഓർത്തുവെക്കണം എന്നു മോഹമുണ്ട്. പക്ഷെ അവയിൽ പലതും എനിക്കു ചീത്ത ഓർമ്മകൾ മാത്രം നൽകുന്നവയാണ് ഇനിയും കാണാൻ ഒരു സാധ്യതയുമില്ലാ‍ത്ത ആ മുഖങ്ങളും ഓർമ്മകളും മനസ്സിൽ വെക്കാൻ ഇന്നെനിക്കു ഭയമാണ്.

ഞാൻ ആലോചിക്കുകയായിരുന്നു, മറവി എനിക്കു നൽകുന്ന സ്വാത്രന്ത്ര്യത്തെ പറ്റി. അതെനിക്കു എനിക്കു നൽകുന്ന ഏകാന്തതയുടെ അപാരതയെ പറ്റി. ആരെ ചൊല്ലിയും കലഹിക്കാനില്ലാ‍തെ, കരയാനില്ലാതെ, കുത്തി നോവിക്കാതെ എന്റെ മനസ്സു നയിക്കുന്ന വഴിയിലൂടെ ആരുടെയും മുഖം നോക്കാതെ നടന്നു നീങ്ങാനുള്ള എന്റെ മാത്രം സ്വാതന്ത്ര്യം. എന്നെനിക്കതു പ്രപ്തമാകും എന്ന ചിന്ത എന്നെ ഒരിത്തിരിയെങ്കിലും അസ്വസ്ഥനാക്കുന്നുണ്ട്‌.

മഷിത്തണ്ട് പൊട്ടിച്ചു മായ്ച്ചു മേനി കൂട്ടിയ ഒന്നാം ക്ലാസ്സുകാരന്റെ മരപ്പിടിയുള്ള സ്ലേറ്റു പോലെ ഓർമ്മകൾ മരിച്ചു, പുതിയ പാഠങ്ങൾകായി മേനി കൂട്ടിയ ഒരു ഒന്നാം ക്ലാസുകാരന്റെ മനസ്സുമായി പുതിയ ജീവിതം. ഒരു പുതിയ മനുഷ്യനായി, പുതിയ ജീവനായി, ഒരു പുതിയ ഞാൻ.
ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു പോവുകയാണു, എനിക്കു എന്നെ തന്നെ  മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!!!

……

Sunday, August 1, 2010

സോമന്റെ വികൃതികൾ

ചിലതൊക്കെ അങ്ങനെയാണ്!! എവിടെയോ നഷ്ടപ്പെട്ടു പോയി എന്നു തോന്നുമെങ്കിലും, അതൊക്കെ തൊട്ടടുത്തു തന്നെ ഉണ്ടാവും. പലപ്പോഴും സുഹൃത്തുക്കളുടെ കാര്യവും അങ്ങനെത്തന്നെ. ഇന്നലെ വരെ കൂടെയുണ്ടായിരുന്നവർ പെട്ടന്ന് മറവിയിലാണ്ടു പോകുന്നു. പെട്ടന്നു ഒരു ദിവസം ഓർമ്മകളിൽ പ്രത്യക്ഷപ്പെടുന്നു.


എന്നെ സംബന്ധിച്ചിടത്തോളം സോമന്റെ കാര്യം അങ്ങനെ ആയിരുന്നു.പണ്ടു ഞങ്ങൾ സമാജത്തിലുണ്ടായിരുന്നപ്പോൾ സോമൻ ഒരു പ്രതിഭാസമായിരുന്നു. നക്ഷത്രങ്ങളായി, അനീഷും, ദീപക്കും, ദീപുവും, ജയ്ദേവും ഒക്കെ അങ്ങനെ. കൂട്ടത്തിൽ ഒരു നിശാഗർത്തത്തിന്റെ സ്വഭാവ വിശേഷം ജിജുവിന്റെ വ്യക്തിത്വത്തിനുണ്ടായിരുന്നു.ഇരുട്ടിൽ എവിടെയെങ്കിലും ഒക്കെ ഉണ്ടാവും, പറയുന്നതെല്ലാം അവൻ കേട്ടിരിക്കും, ഒന്നും മിണ്ടാതെ!! ഇതിന്റെ നേരെ വിപരീതമായിരുന്നു അനീഷ്. നഗരത്തിലെ എഫ്.എം റേഡിയോ പോലെ അവൻ എപ്പോഴും കലപില കൂടിക്കൊണ്ടിരിക്കും. ഉറങ്ങുമ്പോൾ പോലും!!

ഈയിടെ സോമന്റെ വിവാഹക്ഷണക്കത്തു ഇ-മെയ്ലിൽ കിട്ടുന്നതോടെയാണ് പോയകാലത്തിന്റെ ഓർമ്മ പുതുക്കലിനു തുടക്കമായത്. സോമന്റെ സന്ദേശ്ത്തിനും ഉണ്ടായിരുന്നു ഒരു കൌതുകം. വിവഹനിശ്ചയത്തിനു ശേഷം സ്വന്തം വിവാഹത്തിന്റെ ദിനവും തീയ്യതിയും ഒക്കെ ഒരുമാതിരി സാധാരണക്കാരനു മന:പ്പാഠമായിരീക്കും ചിലർക്കു അതിനെ പറ്റി ഒട്ടും ധാരണയേ ഉണ്ടാവില്ല. അതായതു ഒന്നുകിൽ അതു ഇന്നദിവസം ഇന്നനേരത്തു നടക്കും എന്നോ അല്ലെങ്കിൽ അതു നടക്കാൻ സാധ്യതയേ ഇല്ലെന്നോ ഒരു ധാരണ അവർക്കുണ്ടാകും. മറ്റു ചിലർക്കു അതൊരു വേദനയും ആയിരിക്കും- ഹയ്യൊ എന്റെ കല്യാണമായല്ലോ എന്നു!!! നമ്മുടെ കഥാപാത്രത്തിന്റെ നമ്പർ അതൊന്നും ആയിരുന്നില്ല. മൂപ്പരുടെ ധാരണയിൽ അതു ഒരു പ്രത്യേക തീയ്യതിക്കും, ദിവസപ്രകാരം രണ്ടു ദിവസം മുമ്പോ അല്ലെങ്കിൽ നാല് ദിവസം കഴിഞ്ഞിട്ടൊ ആണ് മംഗല്യം. തന്ന സന്ദേശത്തിൽ ദിവസവും തീയ്യതിയും തമ്മിൽ ഒരു തരത്തിലും മാചിങ്ങ് ഇല്ല. പിന്നെ മനസ്സിലായി സംഭവം എന്നാണെന്നു അങ്ങോർക്കു തന്നെ വല്യ നിശ്ചയം ഉണ്ടായിരുന്നില്ല്യാ എന്നു്!!!

ഇതു കണ്ടപ്പോൾ മെയിൽ വായിച്ച വിശിഷ്ട വ്യക്തികൾകൊരു സംശയം. ഇതിൽ ഏതു ദിവസം പോയാലാണു പാലടകൂട്ടി ഒരു ഊണ് തരാവുക! എന്തായാലും സോമനോടു ചോദിച്ചപ്പോൾ ദേ പറയുണു ഇതൊന്നും അല്ലാത്ത ഒരു മൂന്നാം ദിവസം. ഭാഗ്യം, മാസവശാലും, ദിവസവശാലും തിയ്യതിവശാലും അത് നല്ല പൊരുത്തം ഉണ്ട്. അപ്പോൾ അതു തെറ്റാവാൻ വഴിയില്ല എന്ന് അനീഷും വിധിച്ചു. എന്നാൽ പിന്നെ അപ്പീലിനു സമയം കളയണ്ടാ എന്നു ജയ്ദേവും. എന്നാൽ അങ്ങനെ ആവട്ടെ എന്നു മറ്റെല്ലാരും കൂടി ഒത്തൊരുമിച്ചൊരു കുരവകൂടിയിട്ടതോടെ ആ നാടകത്തിന്റെ തിരശീല വീണു.

എന്തായാലും, “ഇങ്ങനെ ഒരു ട്വിസ്റ്റിടാൻ എന്തു കാരണം സോമാ??” എന്നു ചോദിച്ചപ്പോൾ സോമന്റെ മറുപടി ഇങ്ങനെ “നിങ്ങളിൽ എത്രപേർ ഞാൻ അയക്കുന്ന മെസ്സേജ് വായിക്കുന്നുണ്ട് എന്നറിയാൻ ചെയ്തതായിരുന്നു- എങ്ങനുണ്ട് എന്റെ പുത്തി??” ആ ചോദ്യത്തിന്റെ അവസാനം സോമൻ ഒരു ചോദ്യചിഹ്നം പോലെ വളഞ്ഞു നിൽകുന്നതു കണ്ടപ്പോൾ, കണ്ണു നിറഞ്ഞു പോയി.

ഒരു പെൺകുട്ടി കൂടി……… !!

സോമാ എന്നാലും നിനക്കു ഇവിടെ ഇത്രയും ദൂരത്തിരുന്നു വിവാഹമംഗളാശംസകൾ നേരാൻ മാത്രമേ ഞങ്ങളിൽ പലർക്കും കഴിയുകയുള്ളൂ എന്നാലോചിക്കുമ്പോൾ മനസ്സിൽ നൊമ്പരങ്ങളുടെ ഒരു പിടി കനകാമ്പരപ്പൂക്കൾ വിരിയുന്നു. കൂടെ ഒരു സദ്യകൂടി പോയതിന്റെ നഷ്ടബോധവും.

സോമാ, ആകാശത്തോളം സന്തോഷവും, മൺതരിയോളം നൊമ്പരങ്ങളും, കോടമഞ്ഞു പോലുള്ള നനുത്ത പിണക്കങ്ങളും, കടലോളം പ്രണയവും ഒക്കെയുള്ള ഒരു ഗാർഹസ്ഥ്യം നിനക്കുണ്ടാവട്ടെ എന്നു ആശംസിക്കുന്നു.!