Saturday, November 28, 2009

അവൾ

അവൾ എന്റെ സുഹ്രുത്തായിരുന്നു. ആയിരുന്നു എന്നല്ല, ഇപ്പൊഴും അങ്ങനെത്തന്നെ ആണ്. ഇതുവരെയും ഒന്നു കാണാൻ സാധിക്കാത്ത എന്റെ ഉറ്റ സുഹ്രുത്ത്. ശബ്ദം കൊണ്ടു മാത്രം പരസ്പരം തിരിച്ചറിയപ്പെടുന്ന അടുത്ത സുഹ്രുത്ത്. ഞങ്ങൾ ഒരുമിച്ചിരുന്നു ഒരു കാപ്പി കുടിച്ചിട്ടില്ല, ഒരേ പാഥേയത്തിൽ നിന്നും പങ്കിട്ടുണ്ടില്ല. അവളുടെ ദുപ്പട്ടതുമ്പിൽ ഞാൻ എന്റെ കൈകൾ തുടച്ചില്ല. അവൾ ഒരുപാടു സ്വപ്നങ്ങൾ കണ്ടിട്ടുണ്ടാവണം. കൌമാരത്തിലും, നിറഞ്ഞ ഈ യൌവ്വനത്തിലും !! എന്തൊക്കെ ആയിരിക്കും അവളുടെ സ്വപ്നങ്ങൾ.. ഞാൻ അതൊന്നും ആലോചിച്ചില്ല. എന്തോ!! അവൾക്കു ചെമ്പകപ്പൂക്കൾ ഒരുപാടിഷ്ടമായിരുന്നു.
ഗുരു കണ്ണു തുറന്നു.. എവിടെ എന്നറിയാൻ ചുറ്റും ഒന്നു കണ്ണോടിച്ചു. സന്ധ്യാസമയത്തെ ഓറഞ്ച് നിറമുള്ള് ആകാശവും, ചെമ്പകപ്പൂക്കളുടെ ഗന്ധവും ഗുരുവിനു സ്ഥലകാലബോധം നൽകി. ഇളം ചൂടുള്ള വ്രിശ്ചിക മാസിലെ ഉച്ചവെയിലിൽ ഒരു പുസ്തകം വായിച്ചിരുന്ന താൻ എപ്പോൾ മയക്കത്തിലേക്കു വഴുതി എന്നു അയാൾ ആശ്ചര്യപ്പെട്ടു. ഒരു ദീർഘ-നിശ്വാസത്തോടെ അയാൾ എഴുന്നേറ്റിരുന്നു..വീണ്ടും ഗുരു തന്റെ ചിന്തയിലേക്ക് ഒഴുകി. ഇതു വരെ കാണാത്ത ആ കൂട്ടുകാരിയുടെ ശബ്ദം ഓർത്തെടുക്കാൻ ശ്രമിച്ചു. കുട്ടിക്കാലത്ത് ആകാശവാണിയിലൂടെ കേട്ടു പരിചയിച്ച ശബ്ദം പോലെ തോന്നിയിരുന്നു പണ്ടൊക്കെ. ഭഗവതിയമ്പലത്തിൽ കേട്ടുമറന്ന ചിലമ്പൊലി പോലെ തോന്നിയിരുന്നു മറ്റു ചിലപ്പോൾ. എങ്കിലും അവളുടെ ശബ്ദത്തിനു ഒരു ആർദ്രത ഉണ്ടായിരുന്നു. എങ്കിലും ഇത്രയിടക്ക് അവളെ ഒന്നു കാണാൻ പോലും ശ്രമിക്കാഞ്ഞത് മനസ്സിൽ ഒരു മുറിപ്പാടുണ്ടാക്കിയിരുന്നു. ഒരുപക്ഷേ കണ്ടിരുന്നെങ്കിൽ, ഈ മുറിവിന്റെ ആഴം കൂടിയെനെ! കുറേ മാസങ്ങളിൽ അവളുടെ ശബ്ദം കേൾകാത്ത ദിവസങ്ങൾ ഇല്ല തന്നെ. ഉണ്ടെങ്കിൽ തന്നെ അവ വിരലിലെണ്ണാവുന്നവ മാത്രം.!! ചിലപ്പോഴെങ്കിലും തോന്നിയിരുന്നു ഈ ലോകം മുഴുവൻ അവളെ വേദനിപ്പിച്ചിരുന്നു എന്നു.. അതിൽ ഉൾപെട്ട ഈ ഞാൻ പോലും അവളെ കുത്തിനോവിക്കുന്നതിൽ മത്സരിക്കുക്കയായിരുന്നോ? ഏറേ നാളത്തെ കൂട്ട് കുറേശ്ശേ ആയി നേർത്തു നേർത്ത് ഇല്ലാതായതു നിസ്സഹായനായി നോക്കിനിൽകേണ്ടി വന്ന പോലെ തോന്നി ഗുരുവിന്…. അതിന്റെ കാരണം അന്വേഷിക്കാൻ പോലും ശ്രമിച്ചില്ല എന്ന് അയാൾ സ്വയം കുറ്റപ്പെടുത്തി. നഷ്ടപ്പെട്ട സൌഹ്ര്ദം എന്നും ഒരു ഓർമ്മയായി ഗുരുവിൽ അവശേഷിച്ചിരുന്നു.
ഓർമ്മകളിലേക്കുള്ള ഒഴുക്കു തടയാൻ ഗുരുവിനു സാധിച്ചില്ല. അവൾ പറഞ്ഞ ഒരു കഥ ഗുരുവിന്റെ മനസ്സിലേക്കു ഓടിവന്നു. ഒരു കുപ്പിവള കഷ്ണത്തിന്റെ കഥ. ചുവന്ന ഒരു കുപ്പിവള കഷ്ണം.! അതുപറഞ്ഞപ്പൊൾ അവളുടെ ശബ്ദത്തിനു ഒരു സ്കൂൾ കുട്ടിയുടെ കൊഞ്ചൽ ഉണ്ടായിരുന്നു. ഇടക്കെപ്പൊഴൊ ഒരു തേങ്ങലും ഗുരു ശ്രദ്ദിച്ചു.
അവളുടെ കോൺവെന്റ് സ്കൂളിലേക്കു! ശ്രുതി അവളുടെ കൂട്ടുകാരിയായിരുന്നു. ഇരുവരും എപ്പൊഴും കൂടെതന്നെ ഉണ്ടാവുമായിരുന്നത്രെ. പക്ഷെ ഒരു ക്രിസ്തുമസ്സ് പരീക്ഷ വരെയെ ആ സൌഹ്രുദം നില നിന്നുള്ളൂ അത്രെ. അവൾ പ്രത്യേക തിരഞ്ഞെടുത്തു, കൂടുതൽ ഭംഗിയാക്കി ഒരു മുത്തം കൂടി വെച്ചു, കവറിലാക്കി ഒട്ടിച്ചയച്ച ആശംസാ കാർഡിനു ശ്രുതി ഇതുവരെ ഒരു മറുപടി നൽകിയില്ല. അവധി കഴിഞ്ഞു വീണ്ടും വിദ്യാലയത്തിലെത്തിയ ശ്രുതി അവളെ ഒന്നു നോക്കുക പോലും ചെയ്തില്ല. ശ്രുതിയുടെ പിറന്നാൾ ദിനത്തിൽ അവൾകൊഴികെ മറ്റു കൂട്ടുകാരികൾക്കു കൊടുത്ത സ്പെഷ്യൽ മധുരം ഒരു മുറിപ്പാടായി അവളിൽ കിടന്നിരുന്നു. ഒരുപക്ഷെ അതായിരുന്നിരിക്കണം അവൾ ആദ്യമായ് അനുഭവിച്ച വേർതിരിവിന്റെ വേദന.
വർഷാവസാന പരീക്ഷയുടെ അവസാന ദിനം ശ്രുതിയുടെ പെൻസിൽ ബോക്സിൽ നിന്നും ഒരു ചുവന്ന കുപ്പിവള കഷ്ണം നീട്ടി അവളോടു പറഞ്ഞു. “ഇതു നിനക്കെന്റെ സമ്മാനം. എത്രകാലം ഇതു നിന്റെ പക്കൽ ഉണ്ടാവും എന്നു കാണട്ടെ ഞാൻ. എന്തെ സൌഹ്രുദത്തിന്റെ അടയാളമായിട്ട്!!
തന്റെ സൌഹ്രുദത്തെ അംഗീകരിച്ച നിമിഷത്തിൽ നിർനിമേഷയായി കയ്യിലേറ്റ ആ കുപ്പിവളകഷ്ണം ഒന്നര ദശാബ്ദത്തിനിപ്പുറം അവൾ ഇന്നും സൂക്ഷിച്ചു വച്ചിരിക്കുന്നു. ശ്രുതി വരുമ്പോൾ കാണിച്ചു കൊടുക്കാൻ…
പ്രിയപ്പെട്ട ശ്രുതീ, നിനക്കു അന്നു നഷ്ടമായതു ഇന്നീ ലോകത്തിൽ ഏറ്റവും അപൂർവ്വമായ സുന്ദര സൌഹ്രുദമാണു കു്ട്ടീ…. നിന്റെ ചുവന്ന കുപ്പിവളപ്പൊട്ടു തന്നെ അതിനു സാക്ഷ്യം.
*******
ഒരു കുപ്പിവളകിലുക്കമോ അതോ പാദസര സീൽകാരമോ തന്നിലേക്കടുത്തു വരുന്നത് കേട്ടാണു ഗുരു ചിന്തയുൽ നിന്നും ഉണർന്നതു. തിരിഞ്ഞു നോക്കാതെ തന്നെ വരുന്നത് ലേഖയാണെന്നു ഗുരുവിനു മനസ്സിലായി. ഒരു ചക്ഷുശ്രവണനെപ്പോലെ അയാൾ പാദചലനങ്ങളിൽകൂടി ലേഖയെ തിരിച്ചറിയാൻ തുടങ്ങിയിരുന്നു. ഗുരുവിന്റെ ഒരു പുതിയ കൂട്ടുകാരിയാണ് ലേഖ. അവളുടെ വീട്ടിൽ ഒട്ടേറെ പുസ്തകങ്ങൾ ഉണ്ട്. കണ്ടപ്പോൾ കൊതിയല്ല മറിച്ച് അസൂയാണു തോന്നിയതു. പഴയ ക്ലാസ്സിക്കുകൾ മുതൽ നൈപോൾ പൊലെയുള്ള ആധുനിക എഴുത്തുകാരുടെ വരെ പുസ്തകങ്ങൾ. ഒരു വലിയ നിധി തന്നെ ഉണ്ട് അവിടെ.
മുമ്പു കണ്ട കരഞ്ഞു കലങ്ങിയ ലേഖയുടെ കണ്ണുകൾ ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. മുഖ്ത്തു പുതിയ ഒരു വെളിച്ചം വന്നിട്ടുള്ള പോലെ. അതിന്റെ കാരണം തിരക്കിയപ്പോൾ അവൾ പറഞ്ഞതിങ്ങനെ.
“ പ്രണയം നഷ്ടപ്പെടുന്ന ആദ്യത്തെ പെൺകുട്ടിയൊന്നും അല്ല ഞാൻ. ഗുരു പറഞ്ഞ പോലെ എന്നെ വേണ്ടാത്തവരെപ്പറ്റി ഞാൻ എന്തിനു വ്യാകുലപ്പെടണം. ഇത്തരം സംഗതികളിൽ ഒരല്പം അഹന്തയൊക്കെ ആവാം എന്നല്ലെ ഗുരു പറഞ്ഞതു. ഇനിയെന്തിനാ വെറുതെ വിഷമിച്ചിരിക്കുന്നതു?അങ്ങനെയെങ്കിൽ ഞാൻ വീണ്ടും ഒരു നഷ്ടപ്പെടലിലേക്കല്ലേ തിരിച്ചുപോകുന്നതു”
അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക്കു ഒരു ചെമ്പകപ്പൂവിന്റെ ഭംഗിയും, ചുറ്റും അതിന്റെ സുഗന്ധവും ഉണ്ടായിരുന്നു.
പടിഞ്ഞാറെ മാനത്തു ചുവപ്പു നിറം മാറി കൂറേശ്ശെയായി ചാരനിറം ചേരാൻ തുടങ്ങിയപ്പോൾ അവർ രണ്ടു പേരും വീട്ടിലേക്കു മടങ്ങി.

തുടരും.