Thursday, December 30, 2010

നാട്ടിൻപുറം നന്മകളാൽ സമൃദ്ധം…..

മണ്ണിലിറങ്ങി കളിച്ചും പണിയെടുത്തുമല്ലാതെ ഒരു കുട്ടിയുടേയും വിദ്യാഭ്യാസം പൂർത്തിയാവുകയില്ലെന്ന്, എന്റെ അയൽകാരിയായ ഉഷടീച്ചർ എപ്പോഴും പറയാറുണ്ട്. വിദ്യഭ്യാസം എന്നുള്ളതു ഒരിക്കലും ക്ലാസ്സുമുറികൾക്കുള്ളിലിരുന്നു, പുസ്തകങ്ങളിൽ കൂടി മാത്രം നേടിയെടിക്കുന്ന അറിവുകളുടെ സംഗ്രഹം മാത്രമാ‍വരുത്, മറിച്ച് അതു പ്രായോഗിക അറിവുകളുടേയും, അറിവുകളുടെ പ്രായോഗികതയുടെയും സമജ്ജസസമ്മേളനമാകണംഎന്ന ഗാന്ധിയൻ ഉൽബോധനവും, ഇതിനോടു ചേർത്തു വായിക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ എന്റെ വീടിനടുത്തു നടന്ന സേവന സംരംഭത്തേകുറിച്ചാണ് ഞാൻ ഇവിടെ പറഞ്ഞു വരുന്നത്. ഒരു കൂട്ടം സ്കൂൾ വിദ്യാർത്ഥികളുടെ സേവന തല്പരതയെ ഒരു കുടക്കീഴിൽ അണി നിരത്തി, നിരർത്ഥകം എന്നു പറഞ്ഞു തള്ളിയിരുന്ന ഒരു പ്രവൃത്തി നാലഞ്ചു ദിവസം കൊണ്ടു ഉത്സവപ്രതീതിയിൽ ചെയ്തുതീർത്തതിൽ ചെർപ്പുളശ്ശേരി ഗവ: വി.എഛ്. എസ്സ് എസ്സിലെ വിദ്യാർത്ഥികൾക്കും, അവിടത്തെ NSS (National Service Scheme) യൂണിറ്റിനും അഭിമാനിക്കാം. ഈ പ്രവർത്തനത്തിനു നേതൃത്വം നൽകിയ, NSS ജില്ലാ കൺ‌വീനർ കൂടിയായ ശ്രീ. കൃഷ്ണനുണ്ണി മാഷും സഹപ്രവർത്തകരും, പ്രത്യേകം പ്രശംസയർഹിക്കുന്നു. ഈ പ്രവൃത്തിയിൽ ഭാഗഭാക്കായ മുഴുവൻ വിദ്യാർത്ഥികൾക്കും എന്റെ അഭിനന്ദനങ്ങൾ; ആശംസകൾ.
 


Applauding a Service-Oriented Effort.. A blog - Overdrive- by Usha teacher.








സർക്കാർ സംവിധാനം മുന്നോട്ടു വയ്ക്കുന്ന സിലബസ്സ്‌ കാണാപ്പാഠം ചവച്ചിറക്കി, പ്രായോഗിക വിജ്ഞാനരാഹിത്യത്തിന്റെ  ദഹനക്കേടിൽ വലയുന്ന ഇന്നത്തെ കുട്ടികൾക്ക്, NSS വളണ്ടിയർമാർ ഒരു ഉദാത്ത മാതൃകയാണ്. തങ്ങളുടെ ക്രിസ്മസ്-പുതുവത്സര അവധിക്ക് ധനുമാസ്സക്കുളിരിൽ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടക്കാതെ, തങ്ങളൂടെ അയല്പക്കങ്ങളിൽ തങ്ങളാൽ എന്തു വികസനപ്രവർത്തനങ്ങൾനടത്താൻ കഴിയും എന്നോർത്തു മുന്നിട്ടിറങ്ങിയ ഇവർ തീർച്ചയായും, യശ്ശ:ശരീരനായ കുഞ്ഞുണ്ണിമാഷേ പോലെ ചെറിയ വലിയമനുഷ്യർതന്നെ. മൂന്നിലൊരാൾ ദാരിദ്ര്യത്തിൽ പിടയുന്ന നാട്ടിൽ, ഐ.പി.എൽ ക്രിക്കറ്റിന്റെ ധാരാളിത്തം പോലും വികസനമാതൃകയായി എഴുതിച്ചേർക്കപ്പെടുമ്പോൾ ഈ വിദ്യാർത്ഥികൾ നാലഞ്ചു ദിവസം കൊണ്ട് പണിതു തീർത്തത് തീർച്ചയായും വികസനത്തിന്റെ പാത തന്നെ.

ചെർപ്പുളശ്ശേരിയെന്ന വള്ളുവനാടൻ ഗ്രാമത്തിലെ തെക്കുമുറി ഭാഗത്ത്ക്കൂടി അറേക്കാവ് എന്ന ക്ഷേത്രത്തിലേക്കുള്ള ഒറ്റയടിപ്പാതയെ, ഒരു വണ്ടിക്കു സാമാന്യം തട്ടുംതലോടലും ഇല്ലാതെ കടന്നു പോകാവുന്ന ഒരു വഴിയാക്കി മാറ്റിയത് ഈവിദ്യാർത്ഥികളുടെ പരിശ്രമവും, പ്രദേശനിവാസികളുടെ സഹകരണവും മാത്രമാണ്. ഇതേ സ്കൂൾകുട്ടികളാണ് കഴിഞ്ഞവർഷം ഇവിടെ ഒരു കുടുംബം നൽകിയ നിലത്ത് നെൽകൃഷി നടത്തി ശ്രദ്ധാകേന്ദ്രമായത് എന്നത് അവരുടെ കാര്യക്ഷമതയും അർപ്പണ ബോധവും വെളിവാക്കുന്നു.
കുറച്ചു കാലമായി, പ്രസിദ്ധമായ ചെർപ്പുളശ്ശേരി അയ്യപ്പൻ കാവും ഇവിടത്തെ ആറേക്കാവു ഭഗവതി ക്ഷേത്രവുമായി ഇടവഴിയിലൂടെ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമം തുടങ്ങിയിട്ട്. ഈ സമയത്താണ് അവധിക്കാലത്തെ ക്യാമ്പ് എന്ന ആശയവുമായ് സ്കൂൾ അധികൃധർ മുന്നിട്ടിറങ്ങീയതും. വഴിയുമായി ബന്ധപ്പെട്ട നിയമപരമായ നൂലാമാലകൾ ഒഴിവായപ്പോൾ കൃത്യസമയത്തു് കുട്ടികളും റെഡി! നാലു ദിവസം കൊണ്ട് വഴി റെഡി!! രണ്ട് അമ്പലങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന വഴി എന്നതിലുപരി, ഈ അയല്പക്കത്തുള്ള ഒട്ടനവധി വീട്ടുകാർക്ക് രാഷ്ട്രീയ-മത-വൈജാത്യങ്ങൾക്കതീതമായി ഉപയോഗമുണ്ടാകുന്ന ഒരു സംരഭം എന്നുള്ളതരത്തിൽ ഈ പ്രവൃത്തി

Sunday, December 5, 2010

ഗതികം 4 രാത്രിമഴ!!!

രാത്രി വല്ലാതെ വൈകിയിരിക്കുന്നു. കൂടാതെ മഴയും. ഞങ്ങൾ കുറച്ചു നേരം കൂടി സ്റ്റേഷനിൽ കാത്തു നിന്നു. മഴ തോരുന്ന ലക്ഷണം ഇല്ല. ചന്തുവിനു ടെൻഷൻ കൂടി വന്നു. മഴക്കു ശക്തിയും.
അപ്പൊ അങ്ങനെയാണ് പട്ടാമ്പി റെയിൽ‌വേസ്റ്റേഷൻ ഉണ്ടായത്! ഏതോ ഒരാ‍ൾ അയാളുടെ സുഹൃത്തിനോട് പറയുന്നത് ഞങ്ങൾ കേട്ടു. പിന്നേയും അവർ തമ്മിൽ എന്തോക്കേയോ സംസാരിച്ചു കൊണ്ട് ഞങ്ങളെ കടന്നു പോയി. പിന്നാലെ കാതടപ്പിക്കുന്ന ഒരു ഇടിവെട്ടും.. മിന്നൽ മുന്നെപ്പോഴോ വന്നു പോയിക്കാണും. ഞാൻ മനസ്സിലോർത്തു. കുന്നുമ്പുറത്തെ പഴയ ഒരു സർകാർ കെട്ടിടം സാധാരണ എർത്തിങ് തന്നെ ഉണ്ടോ എന്നു സംശയമാണു പിന്നെയാണ് മിന്നൽ രക്ഷാ ചാലകവും സർ‌ജ്ജ് അറെസ്റ്ററും ഒക്കെ!! ഹൈ വോൾടേജ് ഇലൿട്രിക് ലെയിൻ തൊട്ടരികിൽ തലക്കു മുകളിലൂടെ പോകുന്നുണ്ട്. ഈ വന്ന പോലത്തെ രണ്ടെണ്ണം കൂടി കിട്ടിയാൽ!! ഹോ ആലോചിക്കാൻ കൂടി വയ്യ!! ദേവേന്ദ്രാ‍.. കാലമാടാ എന്റെ പറക്കമുറ്റാത്ത രണ്ടു കുട്ടികൾ.
ആകെപ്പാടെയുള്ള ഇൻഷ്വറൻസ് പോളിസിയാണെങ്കിൽ പ്രീമിയം തെറ്റി കിടക്കുകയാണ്! അപ്പോൾ തന്നെ ഞാൻ തീരുമാനിച്ചു, എന്തൊക്കെ ഉണ്ടായാലും നാളെ എന്നൊരു ദിവസം എനിക്കുണ്ടെങ്കിൽ ഞാൻ പ്രീമിയം അടച്ചു എന്റെ പോളിസി അപ്ഡേറ്റ് ചെയ്തിരിക്കും എന്ന്!! നോക്കട്ടെ പുതിയ നല്ല വല്ല പോളിസിയും ഉണ്ടെങ്കിൽ അതും ഒരെണ്ണം എടുത്തു വെക്കാം. എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്??
ഈ സമയം ചന്തു എന്നെ ശരിക്കും തുറിച്ചു നോക്കുന്നുണ്ടായിരുന്നു. അവന്റെ കണ്ണിലെ ഭയപ്പാട് കണ്ടപ്പോൾ എനിക്കു ഉള്ളിൽ ചിരി പൊട്ടി!! മനസ്സിൽ മറ്റൊരു ലഡ്ഡു പൊട്ടി

മഴ ഒന്നു കുറഞ്ഞിരിക്കുന്നു മുഴുവൻ തോരുന്ന ലക്ഷണം ഒന്നും കാണാൻ ഇല്ല. കണ്ടിട്ടു മഴയ്ക്കു ഈ കൊല്ലത്തെ സ്റ്റോക്കു മുഴുവനും ഈ ഒരൊറ്റ രാത്രി തന്നെ പെയ്തുതീർത്ത് മരിക്കണം എന്നുള്ള പോലെ തോന്നി. തണുത്തു വട്ടാവുന്നു. ചായക്കാരൻ  കട പൂട്ടി സുഖ നിദ്ര പുൽകിയിരിക്കുന്നു. ഇപ്പോ അവിടെ ചെന്നു ചായ ചോദിച്ചാൽ തളച്ച വെള്ളം മുഖത്തേക്കെറിയും പഹയൻ. ഇൻഷ്വറൻസ് ഇല്ല്യാത്തതാണ്, വെറുതെ റിസ്ക് എടുക്കേണ്ട!! ഞാൻ ചന്തുവിനോട്  ഉവാചിച്ചു “ഡാചെറിയ ചാറലേ ഉള്ളൂ.. നമുക്കു പോയാലോ! എത്ര്യാച്ചിട്ടാ ഇങ്ങനെ ഇവിടെ ഇരിക്ക്യ? നീ മഴ നനഞ്ഞിട്ടു കൊറെ കാലായില്ലേ? എനിക്കാണെങ്കിൽ ഇത്രദിവസാ‍യിട്ടു മഴ നനഞ്ഞ് കൊതി തീർന്നിട്ടും ഇല്ല്യ!! നീ പോരെഡാ ചെക്കാ”
പ്രായത്തിനിളയതായതുകൊണ്ടും, കുറച്ചിട ബഹുമാ‍നം കയ്യിലുള്ളതു കൊണ്ടും ഒക്കെ മാത്രമാണ് അവൻ എന്നെ തല്ലാഞ്ഞതു. ഇത്തിരി ഈർഷ്യ കലർന്ന ശബ്ദത്തോടെ അവൻ എന്നോടു മൊഴിഞ്ഞു.
“ആകെപ്പാടെ ഒരാഴ്ചത്തെ ലീ‍വിലാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്.അതു പനിപിടിപ്പിച്ചാഘോഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല!! മാന്യൻ കുറച്ചുനേരം കൂടി ഇവിടെ കുത്തിയിരിക്ക്യ!!” മനസ്സിലാണെങ്കിലും അവനേ അപ്പോൾ വിളിച്ച തെറിയുടെ അളവു ഇത്തിരി കൂടിപ്പോയില്ലേ എന്നു പിന്നീടു എനിക്കു തോന്നി. അതിന്റെ ഈടായിട്ടു ചെക്കനു ഞാൻ ഒരു മസാലദോശ വാങ്ങിക്കൊടുത്തു, ഗുരുവായൂര് ജ്യോതി കേഫിൽ നിന്നും.. (ഇന്നത്തെ ശീമതമ്പ്രാന്മാർ അതിനെ “ജ്യോതി കഫേ” എന്നും പറയും) കൂട്ടത്തിൽ രണ്ടെണ്ണം ഞാ‍ൻ കഴിക്കുകയും ചെയ്തു!!

മഴയുടെ ശക്തി കുറച്ചു കുറഞ്ഞു. പിന്നെ അവനും തോന്നിക്കാണണം ഇവിടെ ഇരിക്കുന്ന നേരം വീട്ടിൽ പോയി തല തോർത്താം എന്നു. അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. റെയിൽ‌വേ ദൈവങ്ങളെ നിങ്ങൾക്കു നൻഡ്രി!! ഞങ്ങൾ ഇറങ്ങുന്ന നേരംഅനൊൺസർ വടക്കോട്ടുള്ള ഏതോ വണ്ടിയൂടെ വിവരങ്ങൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. ആർകു വേണ്ടിയാണോ എന്തോ!!! യാത്രക്കാരായിട്ടു ഒരു കുട്ടി പോലും ആ പ്ലാറ്റ്ഫോമിൽ നിൽകുന്നതായി ഞങ്ങൾ കണ്ടില്ല. പുറത്തിറങ്ങി ഞാൻ എന്റെ ബൈക് സ്റ്റാർട്ട് ചെയ്തു. ചന്തു വന്നു പിന്നിൽ കയറി. ഞങ്ങൾ മെല്ലെ മുന്നോട്ട് നീങ്ങി.

ചെറുതല്ലാത്ത ചാറ്റൽ മഴയുണ്ട്. മഴത്തുള്ളികൾ മുഖത്തടിച്ചു വീഴുന്നതു ഒരു സുഖമുള്ള സംഭവം തന്നെ! മഴയുള്ള രാത്രി ഈവഴി വന്നിട്ടില്ലാത്തതു കൊണ്ടൊ അതോ,  റോട്ടിലെ കുഴികളുടെ കാര്യത്തിൽ ഒരു സ്റ്റാറ്റിസ്റ്റിക്സും കയ്യിലില്ല എന്നതിനാലോ, എന്തോ, ഞാൻ ഓവർ കോഷ്യസ് ആയിരുന്നു. മേലേപട്ടാമ്പി കഴിഞ്ഞു ആമയൂരെത്തിയപ്പോൾ മുന്നിലും പിന്നിലും ഒരൊറ്റ വണ്ടിയോ, മനുഷ്യനോ, രത്രിഞ്ചരൻ‌മാരാ‍യ പട്ടികളൊ ഇല്ല.കൃത്യം ബസ്റ്റോപ്പിലെത്തിയപ്പോൾ പെട്ടെന്ന് ഓടിക്കൊണ്ടിരിക്കുന്ന വണ്ടി ഓഫ് ആയി. ഒരോ ഇരുപതു മീറ്ററിലും, വൈദ്യുതിബോർഡ് പോസ്റ്റ് കുഴ്ച്ചിട്ടിട്ടുണ്ട്, അതിന്മേലൊക്കെ ബൾബായും, ട്യൂബായും, സി.എഫ്, എല്ലായും ഒക്കെ ലൈറ്റുകൾ വെച്ചു പിടിപ്പിച്ചിട്ടുമുണ്ട്. ദോഷം പറയരുതല്ലോ!! ഒറ്റെണ്ണം ഈവഴിക്കു കത്തുന്നില്ല. ഞങ്ങടെ നാട്ടിലൊക്കെയാണെങ്കിൽ അറ്റ് ലീസ്റ്റ് 10 എണ്ണത്തിൽ 4 ട്യൂബുകളെങ്കിലും വെറുതെ മിന്നുമെങ്കിലും ചെയ്യാ‍റുണ്ട്.

ബൈ ദ വേ, റോട്ടിൽ ഞാനും ചന്തുവും, പിന്നെ ഞങ്ങൾ വന്ന ബൈക്കും അല്ലാറ്റെ വേറൊന്നും ഇല്ല. ഒരു ആനവണ്ടി പോലും വരുന്നില്ല.  പെട്ടെന്നു ഒരു സ്ത്രീയുടെ അലർച്ച !! ഒരു പത്തിരുന്നൂറ് മീറ്ററെങ്കിലും അകലേ നിന്നും!! പേടിയൊന്നും ആയില്ലെങ്കിലും, ഉള്ളിലൊരു ആന്തൽ!!! സർവ്വശക്തിയുമെടുത്തു കിക്കറിൽ ഒരു ചവിട്ടു കൊടുത്തു. എത്ര ബാർ പ്രെഷർ കൊടുത്തെന്നറിയില്ല, ഗിയറിലായിരുന്ന വണ്ടി  ഒരു ചാട്ടത്തോടെ മുന്നോട്ട്. ക്ലച്ചിലും ആക്സിലറേറ്ററിലും ഞാൻ എന്തൊക്കെയാണ് ചെയ്തതെന്നു ഒരു ഓർമ്മയുമില്ല. വണ്ടി സ്റ്റാർട്ടായി, ഞങ്ങൾ മെല്ലെ നീങ്ങിത്തുടങ്ങി. വേഗം പോകണം എന്നുണ്ടായിരുന്നെങ്കിലും, ആ കുണ്ടും കുഴിയും ഉള്ള വഴിയിലൂടെ അതിൽ കൂടുതൽ വേഗതയിൽ വണ്ടി ഓടിക്കാനാവില്ലായിരുന്നു.
കുറച്ചു കഴിഞ്ഞു ഞങ്ങൾ കൊപ്പം കവലയിലെത്തി. മഴകൂടിത്തുടങ്ങിയിരിക്കുന്നു. ഞങ്ങൾ വണ്ടി ബസ്റ്റോപ്പിൽ നിറുത്തി ഇറയത്തു കയറി നിന്നു. പീടികകളെല്ലാം അടച്ചു കഴിഞ്ഞിരിക്കുന്നു. ഒരു കടയുടെ കോലായിൽ കട്ടൻ ചായയും, ചുക്കുകാപ്പിയും ഒക്കെയായി ഒരാൾ തട്ടുകട നടത്തുന്നു. തണുപ്പകറ്റാം, എന്നു കരുതി  ഞാനും ചന്തുവും ഓരോ ചുക്കുകാപ്പി വാങ്ങി. അക്രാന്തം കാരണമോ എന്തോ, ചന്തു ഒറ്റവലിക്കു അതുകുടിക്കാൻ തുനിഞ്ഞു. ഗ്ലാസ്സ് ചുണ്ടത്തു വെച്ചതേ ഞാൻ കണ്ടുള്ളൂ.. പിന്നെ ചുമയും, കൊരയും  തിരിഞ്ഞു മറിയലും, കുനിഞ്ഞു നിൽക്കലും ഒക്കെ ആയി പുതിയ എതാണ്ട് മുദ്രകളും സിനിമാറ്റിക് സ്റ്റെപ്പും!!! അവന്റെ കയ്യിലുണ്ടായിരുന്ന ഗ്ലാസ് താഴെകിടപ്പുണ്ട്. കുനിഞ്ഞു നിവർന്ന ചന്തുവിന്റെ കണ്ണൊക്കെ കഥകളിക്കാരു കണ്ണിൽ ചുണ്ടപ്പൂവിട്ടതു പോലെ കലങ്ങി മറഞ്ഞിരിക്കുന്നു. വായിലൊഴിച്ച കാപ്പി മൂക്കിലൂടെ പുറത്തൊലിക്കുന്നു. തട്ടുകടക്കാരന്റെ പെട്രോമാക്സിന്റെ വെളിച്ചത്തിൽ നല്ല വ്യക്തമായിക്കാണാം.
എന്തൂട്ട് ആക്രാന്താട ചെക്കാ നണക്കു്, പ്രാന്താണ്ട്രാ‍???
ഒരു മിടുക്കു കാപ്പി ഞാനും കുടിച്ചു. ഈ കണ്ട കോപ്രായങ്ങൾ കണ്ടതുകൊണ്ട്, സാവധാനത്തിൽ, ഞാൻ കാപ്പി വായിലൊഴിച്ചു.
 ദൈവമേ!!, എന്റെ നവദ്വാരങ്ങളും തുറന്നു ഞാൻ ദൈവത്തെ വിളിച്ചു. വെള്ളത്തിന്റെ തിളനിലയേക്കാട്ടിലും രണ്ടെരട്ടി ചൂട്‌, കൂടാതെ മനുഷ്യന്റെ ഊപ്പാടെളകുന്ന എരിവും, നാക്കിന്റെ ഒരു മൈക്രോമീറ്ററൊഴിവില്ലാതെ പൊള്ളി, അതു പോയവഴി ഇനി അടുത്ത പത്തു കൊല്ലത്തേക്കു എനിക്കോർമ്മയുമുണ്ടാകും. ഇടിവെട്ടു കൊണ്ടപോലെ നിൽകുന്ന ചന്തുവിനെ കണ്ട് എനിക്കു സഹതാപം മാത്രമല്ല, വേറേയും തോന്നലുകൾ ഉണ്ടായി.
തട്ട്കടച്ചേട്ടനോട് ഞാൻ ചോദിച്ചു, എന്തൂട്ടാ ചേട്ടാ ഇതു്?? കാപ്പി ചോദിച്ചപ്പോ തളച്ച അച്ചാറെടുത്തു തരുന്നോ?? ഹോ ഇതെന്തൂട്ട് കാപ്പി?? അങ്ങേരുടെ പുഞ്ചിരി എനിക്കു കാലന്റെ അട്ടഹാസം പോലെയാണ് തോന്നിയത്.
ഞങ്ങൾ യാത്ര തുടർന്നു. മഴ പിന്നേയും ചാറുന്നുണ്ടായിരുന്നു. ഞാൻ ഹെൽമെറ്റ് ഊരി ചന്തുവിന്റെ കയ്യിൽ കൊടുത്തു. കരിങ്ങനാടെത്തിയപ്പോൾ വീണ്ടും കൂരിരുട്ടു!! ഞാൻ ചന്തുവിനോടു ചോദിച്ചു, എടാ നിനക്കു പ്രേതത്തിൽ വിശ്വാസമുണ്ടോ?? പ്രേതം ഉണ്ടെന്നു നീകരുതുന്നുണ്ടോ??
അവൻ കളിയാക്കി, ഏട്ടനെന്തിന്റെ കേടാ?? പ്രേതമോ? അങ്ങനൊന്നും ഇല്യാന്നറിയില്ലേ ഇത്രേം കാലമായിട്ട്‌??
ആത്മവിശ്വാസത്തോടെയാണ് അവൻ അതു പറഞ്ഞതെങ്കിലും, ആ വാക്യത്തിന്റെ അറ്റത്തൊളിഞ്ഞിരിപ്പുണ്ടായിരുന്ന ഉൽകണ്ഠ കണ്ടില്ലെന്നു വയ്ക്കാൻ എനിക്കാവുമായിരുന്നില്ല!!

തുടരും!!!

എന്റെ മോഹം!!

വിരിയുന്നതെന്തിതെൻ ചുറ്റിലും,
വാടിവീണുള്ള തൈനാമ്പുകളിൽ??
സ്വപ്നത്തിൻ നിറമുള്ള പൂക്കളെങ്കിലും; ക്ഷണ-
ഭംഗുരമിവയൊക്കെയും ഞാൻ കണ്മിഴിക്കുകിൽ!!

ചിറകടിച്ചുയരുന്നതെന്തിതെൻ മനസ്സിന്റെ-
ആഴങ്ങളിൽ നിന്നാർത്തലച്ചിങ്ങനെ??
പ്രണയമാണെന്നു തോന്നിയെങ്കിലുമാച്ചൂടിൽ-
വീണു ഞാൻ കാമത്തിൻ പൊള്ളലേറ്റിങ്ങനെ!!

അറിയില്ലെനിക്കിന്നിന്നതേ ചെയ്തുകൂടൂ; തത്ര-
യറയ്ക്കുന്നതൊക്കെയും പറഞ്ഞു കൂട്ടി ഞാൻ.
അറയ്ക്കുന്നെനിക്കിന്നീയിഹത്തിൽ കഴിയുവാൻ
മോഹമെനിക്കിന്നിന്നെയരക്കില്ലത്തിൽ ചുട്ടെടുക്കാൻ!!