Friday, July 16, 2010

നിറങ്ങൾ നഷ്ടപ്പെടുന്ന ലോകം!

ഇരുട്ടിൽ നിന്നും ഇരുട്ടിലേക്കുള്ള പ്രയാണം. നമ്മുടെ ജീവതം അതാണെന്നാണ് ഞാൻ കരുതുന്നത്. ഗർഭപാത്രത്തിലെ ഇരുട്ടിൽ നിന്നും, ചുടലച്ചാരത്തിലെ കൂരിരുട്ടിലേക്കുള്ള യാത്ര. അതിനിടയിലെ മാറ്റങ്ങൾ, പരിവർത്തനങ്ങൾ, വൃഥാവിലുള്ള വിലാപങ്ങൾ. അനാവശ്യമായ അധിനിവേശങ്ങൾ. നാട്യമാകുന്ന പ്രണയം. നിറങ്ങൾ നഷ്ടപ്പെടുന്ന ലോകം!


അകത്തെ ഇരുട്ടിൽ നിന്നും ഞാൻ പുറത്തു വന്നത് വെളിച്ചമുള്ള ലോകത്തേക്കായിരുന്നു. കണ്ണുതുറക്കാൻ പോലും നന്നേ വിഷമിച്ചിരുന്നു, ആദ്യമൊക്കെ കഷ്ടപെട്ടെങ്കിലും വെളിച്ചമുള്ള ലോകത്തേക്കു വന്നതിൽ ഞാൻ സന്തോഷിച്ചിരുന്നു. പക്ഷെ വളർച്ചയുടെ പല ഘട്ടങ്ങളിലും ചുറ്റുമുള്ള വെളിച്ചം നഷടപ്പെടുന്നതു ഞാൻ അറിയുന്നുണ്ടായിരുന്നു. ഒരുപക്ഷേ എന്റെ കാഴ്ചയുടെ പ്രശ്നമെന്നു കരുതി കണ്ണുവൈദ്യനെ കണ്ടപ്പോൾ അദ്ദേഹം ഒരു കണ്ണട തന്നു. എങ്കിലും എന്റെ കാഴ്ച തെളിയുന്നില്ലായിരുന്നു.

വെളിച്ചം നഷ്ടപ്പെട്ടു തുടങ്ങിയ വഴിയിൽ മെഴുകുതിരിവെട്ടവുമായി വന്നത് ഗുരുക്കന്മാരായിരുന്നു. ടീച്ചർമാരും മാഷുമാരും. അവരിൽ ചിലരുടെ കയ്യിലെ വിളക്കിൽ തിരിനാളം കെട്ടുപോയിരുന്നു. മറ്റുചിലർ പ്രകാശദായകർ നടിച്ചിരുന്ന കരിവിളക്കുകൾ മാത്രവും. അവരെ മാനിക്കാൻ എനിക്കാകുമായിരുന്നില്ല. അവരിൽ ചിലർ വെളിച്ചം വരുന്ന ജാലകങ്ങളായിരുന്നു. അവർ കാണിച്ചു തന്ന വഴിയിൽ വെളിച്ചമുണ്ടായിരുന്നു. നിറങ്ങളുണ്ടായിരുന്നു.പൂക്കളും, പൂമ്പാറ്റകളും, പക്ഷികളും, കായ്കനികളും ഉണ്ടായിരുന്നു.

ബാല്യവും കൌമാരവും കടന്നു സ്വപ്നങ്ങൾ വിരിയുന്ന യൌവ്വനത്തിലെത്തിയപ്പോഴേക്കും അന്ധത കണ്ണുകളേയും, മനസ്സിനേയും ഏകദേശം പൂർണ്ണമായും കീഴടക്കിയിരുന്നു. സ്വപ്നങ്ങളും നിർവർണ്ണമായിരിക്കുന്നു.

കുറുകെയിട്ടിരിക്കുന്ന പൂണുനൂലിൽ ഹൃദയത്തിന്റെ അതിർത്തിനിർണ്ണയിക്കുന്ന സവർണ്ണന്റെയും, കീഴാളന്റെ അവകാശങ്ങൾ അനുവദിച്ചു നൽകുന്നില്ലെന്ന് വിലപിക്കുന്ന അവർണ്ണന്റെയും, ജാതിതിരിച്ച് അവകാശങ്ങൾ പങ്കുവെക്കുന്ന രാഷ്ട്രീയ കാപട്യത്തിന്റെയും ലോകം. നാനാത്വത്തിലും ഏകത്വം ഉണ്ടെന്ന് നുണ പറയുന്ന നാട്ടുകാരന്റെ ലോകം. ബാല്യത്തിലെ കൂട്ടുകാർക്കിടയിൽ മുതിർന്നവർ വേലികെട്ടിയപ്പോളായിരുന്നു ചുറ്റുമുള്ള വെളിച്ചം നഷ്ടപ്പെടുന്നതു ഞാൻ ആദ്യമായി അറിയുന്നത്. അപ്പോൾ മുതലായിരുന്നു ഞാൻ വർണ്ണങ്ങൾ തിരിച്ചറിയാൻ തുടങ്ങിയത്. ഒരുപക്ഷേ ഞാൻ ആസ്വദിച്ച ആദ്യത്തേയും അവസാനത്തേയും വർണ്ണ വിവേചനം മഴവില്ലിലെ വർണ്ണരാജിമാത്രമായിരുന്നു. ഒന്നലിഞ്ഞു മറ്റൊന്നിലേക്കു പരിവർത്തനം ചെയ്യപ്പെടുന്ന രീതി അതുല്യമാണ്.

വായിച്ചറിഞ്ഞതും, കേട്ടറിഞ്ഞതും, കണ്ടറിഞ്ഞതും, കൊണ്ടറിഞ്ഞതുമായ ഒരുപാടു വിവേചനങ്ങൾ, എല്ലാം വർണ്ണാധിഷ്ഠിതമായത്. എന്ത്കൊണ്ടിതു നമ്മുടെ സമൂഹത്തിൽ മാത്രമായി നിൽകുന്നു? എനിക്കുത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളിൽ ഒന്നാണിത്.

ഇവിടെ എന്തു വെളിച്ചമാണുള്ളതു്. എനിക്കിവിടെ ഇരുട്ടുമാത്രമേ കാണുന്നുള്ളൂ. സൃഷ്ടികർത്താവേ, നന്ദി!! അങ്ങെനിക്കു കാഴ്ച നൽകാഞ്ഞതെത്ര നന്നായി?