Monday, May 9, 2011

പൂരാവേശം.

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്‍ കൊടിയേറ്റ്‌ കഴിഞ്ഞു. ചമയങ്ങളൊരുങ്ങി. വെടിക്കോപ്പുകളും തയ്യാറായിക്കഴിഞ്ഞു. ഗജവീരന്മരും, മേളക്കാരും ആ സുദിനം കാത്തിരിക്കുന്നു. നൂറ്റാണ്ടിലധികം പഴക്കമുള്ള പൂരാഘോഷത്തിന് നാടും നാട്ടാരും ഒരുങ്ങിക്കഴിഞ്ഞു.


പൂരത്തിന്റെ വർണ്ണശഭളിമയ്ക്കിടയിലും ആഘോഷത്തിമിർപ്പിലും, മറന്നു പോകുന്ന, അല്ലെങ്കിൽ സൌകര്യപൂർവ്വം ഒഴിവാക്കുന്ന ചില കാര്യങ്ങൾ. അതിന്റെ ട്രിവിയ എത്രത്തോളം ഉണ്ടെന്ന് പറയാൻ കഴിയുന്നില്ല. പക്ഷേ ശ്രദ്ധിക്കപ്പെടാതിരിക്കാവുന്നതല്ല എന്നതുകൊണ്ട് പറഞ്ഞ് വരുന്നു എന്ന് മാത്രം.

ചമയത്തെ പറ്റിയാകാം തുടക്കം. ഇരു ദേവസ്വങ്ങളും, പൂരാഘോഷത്തിനായി ദശലക്ഷങ്ങൾ ചെലവഴിക്കുന്നുണ്ട്. അതിനു വേണ്ടതിലധികം വരുമാനം ആ ക്ഷേത്രങ്ങളിൽ നിന്നുണ്ട് എന്നത് നിസ്തർക്കമാണ്. എല്ലാവർഷവും, പൂരത്തിനുള്ള ചമയങ്ങൾ പുതുതായി തയ്യാറാക്കപ്പെടുന്നു എന്നതാണ് കേൾവി. ഏതൊക്കെയോ ചില കുടുംബക്കാർക്കാണ് അതിന്റെ പ്രധാന പാരമ്പര്യ ചുമതല എന്ന് പറഞ്ഞു കേൾകുന്നു. അതെന്തോ ആവകട്ടെ.

ആലവട്ടം, ചാമരം, കുടകൾ, നെറ്റിപ്പട്ടം, കാൽമണികൾ, തുടങ്ങിയവയാണ് പ്രധാനമായും ആനച്ചമയത്തിന്റെ ഭാഗങ്ങളായിട്ടുള്ളത്. എല്ലാ വർഷവും, നൂറുകണക്കിനു ജോഡി ആലവട്ടങ്ങളും, ചാമരങ്ങളും ആണ് നിർമ്മിക്കാറുള്ളത്.

ആലവട്ടങ്ങളുടെ നിർമ്മാണത്തിൻ മയിൽപീലികളും, അതിന്റെ തണ്ട്, മുത്തുകൾ, തുടങ്ങിയവയാണ് നിർമ്മാണ വസ്തുക്കൾ. യാക്കിന്റെ വാലിലുള്ള നനുത്ത രോമങ്ങൾ കൊണ്ടാണ് ചാമരം നിർമ്മിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഒരു വാർത്ത ഇവിടെ. മറ്റൊന്ന് ഇവിടെ

ഒരു ആലവട്ടത്തിന്റെ നിർമ്മാണത്തിനായിത്തന്നെ, നൂറുകണക്കിനു മയിൽ പീലികളാണ് ഉപയോഗിക്കുന്നത്. ഇതിനുള്ള മയിൽ‌പീലികൾ, മയിലിന്റെ ദേഹത്തു നിന്നു കൊഴിഞ്ഞു വീഴുന്നത് പെറുക്കിയെടുത്താണ് ഉപയോഗിക്കുന്നതെന്നു പറയുമ്പോൾ, അതിൽ ഇത്തിരിയെങ്കിലും, അതിശയോക്തിയില്ല്ലായ്കയില്ല എന്ന് തന്നെ കരുതാം. കാരണം ഇന്ത്യയൊട്ടുക്കുമായി, വർഷാവർഷം പതിനായിരക്കണക്കിന് ആലവട്ടങ്ങൾ നിർമ്മിക്കപ്പെടുന്നുണ്ട്. അവയ്ക്കൊക്കെ വേണ്ടത്ര മയിൽ‌പീലികൾ കൊഴിഞ്ഞു വീഴുന്നുണ്ടെന്ന് പറയുന്നത് വിശ്വസിക്കാൻ പ്രയാസമുള്ള കാര്യം തന്നെയാണ്. അങ്ങനെയെങ്കിൽ, ആ പക്ഷിയെ, അല്ല, പക്ഷികൂട്ടങ്ങളെ ഉപദ്രവിക്കാതെ ആലവട്ടങ്ങൾക് വേണ്ടിയുള്ള പീലികൾ തരപ്പെടുത്താനാവില്ല എന്നതു ദു:ഖകരമായ വസ്തുതയാണ്. ചിലപ്പോൾ കൊല്ലുകതന്നേയും വേണ്ടി വരുന്നുണ്ടാവാം. ദേശീയ പക്ഷി എന്ന നിലയിൽ, മയിലിനെ ഉപദ്രവിക്കുന്നതും, കൊല്ലുന്നതും ശിക്ഷാർഹമായ കുറ്റമെന്നിരിക്കെ, ഇത്രയും ആലവട്ടങ്ങൾകായി “പെറുക്കിയെടുക്കുന്ന” മയിൽ‌പീലികൾ വരുന്ന വഴികൂടി അന്വേഷിക്കേണ്ടിയിരിക്കുന്നു. അതുപോലെത്തന്നെ ടിബറ്റിൽ നിന്നും, ചൈനയിൽ നിന്നും ഒക്കെ വരുന്ന യാകിൻ മുടിയും ഇത്തരത്തിൽ തന്നെ ഉള്ളതാവാം. കമ്പിളിക്ക് വേണ്ടി ചെമ്മരിയാടിന്റെ രോമം വെട്ടിയെടുക്കുന്ന പോലുള്ള ഒരു പ്രവൃത്തിയാകാം ഈ രോമങ്ങൾകും ഉള്ളത്. ചെമ്മരിയാടിനോടുള്ള സമീപനത്തിലെ മാർദ്ദവം നാം പലപ്പോഴും കണ്ടിട്ടുള്ളതാണ്!

ഇവിടെ ഉയരുന്ന ചോദ്യം, ഈ കാലഘട്ടങ്ങളിലെങ്കിലും, ക്ഷേത്രാചാരങ്ങൾ എന്ന ലേബലിൽ ആഘോഷങ്ങൾകായി, ഇങ്ങനെ പക്ഷി മൃഗാദികളെ ഉപദ്രവിക്കുന്നത് നിർത്താൻ ആലോചിക്കാവുന്നതല്ലേ? അതിലേക്കുള്ള ചവിട്ടുപടിയായി, ആനച്ചമയങ്ങൾ നിർമ്മിക്കുന്നതിൻ മയില്പീലിയും, മൃഗരോമങ്ങളും ഉപയോഗിക്കാതിരുന്നുകൂടെ. അവയെ കിടപിടിക്കുന്ന സിന്തറ്റിക് വസ്തുക്കൾ നിർമ്മിക്കാൻ ഇന്ന സാങ്കേതികവിദ്യയിൽ വലിയ വിഷമമൊന്നും ഉണ്ടാവാൻ വഴിയില്ല.

ചാമരനിർമ്മാണത്തിനു എന്തുകൊണ്ട്, ചണനാരുകൾ (ജ്യൂട് ഫൈബർ)ഉപയോഗിച്ചുകൂട? അല്ലെങ്കിൽ എന്തുകൊണ്ട് പ്രത്യേകം സംസ്കരിച്ച പഞ്ഞിക്കെട്ടുകൾ ഉപയോഗിച്ചു കൂട? ഭാരമാണ് പ്രശ്നമെങ്കിൽ അതിനുള്ള പരിഹാരം കണ്ടെത്താൻ ഇന്നത്തെ ടെക്നോളജിക്ക് കഴിയില്ലേ?

ഈ ചോദ്യങ്ങൾക്ക് എന്തുകൊണ്ട് തൃശ്ശൂർപൂരം എന്ന് ചോദിച്ചാൽ എനിക്കുള്ള ഉത്തരം, ആ ഉത്സവത്തിന്റെ ജനപങ്കാളിത്തം തന്നെയാണ്. തൃശ്ശൂരിൽ കൊട്ടിക്കയറിയാലേ ഒരു മേളക്കാരൻ യഥാർത്ഥ മേളക്കാരനാവൂ എന്നാണ് വെയ്പ്പ്. അങ്ങനെയെങ്കിൽ ചില നല്ലമാറ്റങ്ങളുടെ തുടക്കവും തൃശൂർപൂരം തന്നെയാവട്ടെ!!

Tuesday, February 22, 2011

വികട കുമാരി!!

എന്തു പറഞ്ഞാലും അതു വികടത്തമാവുക! എന്തൊരു കഷ്ടമാണത്! പലർക്കും സംഭവിക്കാവുന്ന ഒന്നാണ്.. എനിക്കു സംശയം ഈ ഗുളികൻ, രാഹു എന്നൊക്കെ പോലെ വികടകാലം എന്നൊന്നൂടെ ഉണ്ടോ എന്നാണ്..
വികട സരസ്വതി എന്നൊക്കെ പലപ്പോഴും കേട്ടിട്ടുണ്ട്.. 

സരസ്വതീ ദേവിയുടെ രൂപം എന്റെ മനസ്സിലുള്ളതെങ്ങനെ എന്നു വെച്ചാൽ ഒരു വൈറ്റ് കാഞ്ചീപുരം സാരിയുടുത്തു ഒരു വീണയും പിടിച്ചു് സുസ്മേരവദനയായി വ്വൈറ്റ് താമരയിൽ ഇരിക്കുന്ന ഒരു കുലീന സ്ത്രീ രൂപം. അവരുടെ ഏറ്റവും തെളിമയാർന്ന രൂപം മനസ്സിൽ പതിഞ്ഞതു, മമ്മിയൂർ അമ്പലത്തിൽ വിദ്യാരംഭക്കാലത്ത് ഊട്ടുപരയിൽ പൂജയ്ക്ക് വെയ്ക്കുന്ന ഒരു എണ്ണഛായാ ചിത്രത്തിലൂടെയാണ്. ആ ചിത്രം കണ്ടപ്പോൾ എനിക്കു സരസ്വതീദേവിയോടു ഭക്തി തോന്നിയെങ്കിലും, അതിനേക്കാൾ ഭക്തിയും ബഹുമാനവും തോന്നിയത് ആ ചിത്രം വരച്ച ശ്രീനിവാസൻ മാഷോടാണ്. എങ്കിലും ഇവിടെ സരസ്വതിയേഡ്ത്തിക്ക് വല്യ കാര്യം ഒന്നും ഇല്ല്യ. പറഞ്ഞു വന്നപ്പോൾ ഒന്നു പറഞ്ഞു എന്നു മാത്രം!!
അപ്പോൾ ഞാൻ പറഞ്ഞു വന്നത് വികട സരസ്വതിയെ പറ്റിയായിരുന്നു. പക്ഷേ എനിക്കു വികട സരസ്വതി എന്നു പറയാനാ ഇഷ്ടം. വികട എന്നു വിളിക്കാം!! ഒറിജിനൽ സരസ്വതി ദേവിയുടെ രൂപം മേല്പറഞ്ഞ പോലെയെങ്കിൽ വികടന്റെ രൂപം എങ്ങനെ ഇരിക്കും? എനിക്കു തോന്നിയത് ഇങ്ങനെയാണ്. നല്ല ഗോതമ്പിന്റെ നിറമുള്ള ഒരു പെണ്ണ്‌. പട്ടു സാരിക്കു പകരം മോഡേർൺ ഡെനിം ടൈറ്റ്സ്, (ഡെനിം ആകുമ്പോൾ ചുളിച്ചിലും അഴുക്കും ഒന്നും പ്രശ്നമല്ലല്ലോ), ബ്ലാക് ലെതർ ജാക്കറ്റും. നോ എക്സ്പെൻസീവ് ജ്വെല്ലറീസ്. ഫാൻസി ആക്സെസ്സറീസ് ആണു പഥ്യം. വീണക്കു പകരം എന്ത് കൊടുക്കും? ഒരു ബേസ് ഗിറ്റാറോ അല്ലെങ്കിൽ സേല്ലോയോ ആവാം!! അതല്ലെങ്കിൽ ഒരു സെറ്റ് ബാഗ്പൈപ്!! അതു മതി. ചാർളീസ് ഏഞ്ചത്സ്-2 വിലെ ഡ്ര്യു ബാരിമോറിന്റെ പോലെ ഡീപ് റെഡ് ലിപ്സ്റ്റിക് ഇട്ടു ചുകപ്പിച്ച ചുണ്ടുകൾ, ചെറിയ ഒരു മന്ദസ്മിതം ആയിക്കോട്ടെ, വിരോധം ഇല്ല്യ. ഒരു സംശയം പോലെ. പക്ഷേ ചിരിക്കണ്ടാ. കാരണം, മുൻവശത്തു മുകൾ വരിയിലുള്ള രണ്ടു പല്ലുകൾ പലകപ്പല്ലാണ്, അവക്കിത്തിരി പൊന്തലും ഉണ്ട്. വൃത്തികേടാവും. തിളങ്ങുന്ന കണ്ണുകളിൽ ലൈറ്റ് കളേഡ് കൃഷ്ണമണി. ഒരു സെറ്റ് മംഗോളിയൻ കണ്ണുകൾ തന്നെ. ഒരു ചെറിയ മറുകണ്ണുണ്ട് പക്ഷേ കോങ്കണ്ണല്ല. കാഴ്ച്ച ക്ലിയറാക്കാൻ സ്റ്റൈലിഷ് സോഡാക്കുപ്പി കണ്ണടയും ഉണ്ട്. ത്രെഡ് ചെയ്ത് ഡീസന്റാക്കിയ പുരികക്കൊടികൾ കർവ്ഡ് ബ്രക്കറ്റ് പോലെ വളഞ്ഞിരിക്കുന്നു (വളവ് ഇത്തിരി അഡ്ജസ്റ്റ് ചെയ്താമതി മഴവില്ലെന്നൊക്കെ പറഞ്ഞാൽ അലമ്പാവും.). എക്സെർസൈസും ഡയറ്റ് കണ്ട്രൊളും ഒക്കെ ചെയ്തു ടോൺഡ് ആയ ബോഡി ഷേയ്പ് ആണെങ്കിൽ, ഫാസ്റ്റ് ഫുഡ് ഡയറ്റ് കാരണം ഓവർവെയ്റ്റിന്റെ ബോർഡർലയിനിൽ ആണ്. മറ്റു സോഫ്റ്റ് അസ്സെറ്റ്സിനെ പറ്റിയൊന്നും പ്രതിപാദിക്കാൻ എനിക്കു അർഹതയും, അനുവാദവും, അറിവും ഇല്ല. പിന്നെ മറ്റേ ടീച്ചറേ പോലെ ഇവൻ അങ്ങനെ താമരപൂവിലൊന്നും ഇരിക്കില്ല. അവർക് വല്ല മതിലുമ്പിലോ, പ്ലാസ്റ്റിക് ചെയറിലോ ഒക്കെയ് തന്നേയേ ഇരിക്കാൻ കഴിയൂ. പിന്നെ ചിത്രത്തിൽ അവര് ഇരിക്കാറില്ല. മറിച്ചു ആ ബാഗ്പൈപ്പർ ചുമലിൽ ചാർത്തി ഒരു മതിലിൽ ചാരി നിൽകാറെ ഉള്ളൂ.. പടത്തിൽ അവർ സാധാരണ സോഫ്റ്റ് ലൈറ്റിങ്ങേ ഉപയോഗിക്കാറുള്ളൂ.. ഒരുമാതിരി സേപിയ എഫെക്റ്റിൽ ഫോട്ടോ എടുത്ത പോലെ. എന്തായാലും ആളൊരു ചുള്ളത്തി തന്ന്യാണ്. 

എന്നെങ്കിലും കാണാൻ പറ്റും എന്നാണ് എന്റെ വിശ്വാസം. പറ്റുമോ?? ബാക്കി ഡീറ്റേത്സ് ഒന്നും ഇതുവരെ കിട്ടിയിട്ടില്ലാ. ഇനി ഫേസ്ബുക്കിലോ, ഗൂഗ്ൾ ബസിലോ, ചാറ്റിലോ ഒക്കെവച്ചു പരിചയപ്പെടാൻ പറ്റിയാൽ ഭാഗ്യാമാവും.

Thursday, February 10, 2011

ഏക് നമ്പർ കി കഹാനീ.

ഒരു രസകരമായ സംഭവം ഇന്നെന്റെ മുന്നിലുണ്ടായി; സംഭവം വേറൊന്നും അല്ല.. ഒരു ബംഗാളിയും, പഞ്ചാബിയും തമ്മിലുള്ള തമ്മിലുള്ള വഴക്കായിരുന്നു വിഷയം.


പാത്രങ്ങൾ: 1 അക്കൌണ്ടന്റ്: മലയാളി 2. ഛോട്ടു-ബംഗാളി 3.ഗട്ടു - പഞ്ചാബി (പാകിസ്ഥാൻ)

സീൻ-1

അക്കൌണ്ടന്റ് ഒഫീസ് ബോയ് എന്ന വയോധികനായ ബംഗാളിയെ വിളിക്കുന്നു.
ഉദ്യോഗപ്പേരിൽ മാത്രമേ ബോയ് ഉള്ളൂ, ആളൊരു സീനിയർ സിറ്റിസൺ ആണ്‌.
അക്ക: ഹേയ് ഛോട്ടു, തും ഏക് കാം കരോ; ഉസ് ഗട്ടുകൊ നയാ വാൻ ദിയ ഹേ ന, ഉസ്കാ നമ്പർ പൂഛ് കെ ബതാ ദൊ മുഝെ. ജൽദി ചാഹിയേ.

ബംഗാ: ജീ സാബ്; ഹം അഭീ ലേക്കെ ആതാ



സീൻ -2

ബംഗൻ ഫോണെടുത്തു ഗട്ടുവിന്റെ നമ്പർ കറക്കുന്നു! അപ്പുറത്തു ഫോൺ ബെല്ലടിക്കുന്നു. ഗട്ടു കോൾ എടുക്കുന്നു.

ഗട്ടു: ഹാലൊ ഗട്ടു!

ഛോട്ടു: ഗട്ടു, യെ മേ ബോൽതാ! ബോൽ ക്യ ഹാൽ ഹെ? കിധർ ഹൊ?

ഗട്ടു: ഹാ ബോൽ, മേ ഇധർ ഹും, ഷോപ്ഫ്ലോർ പെ.

ചോട്ടു: മുഝെ ആപ്കെ ബേൻ കി നമ്പർ ദെ ദീജിയെ, ഉസ്ക ഥോഡാ കാം ഹൈ ഇധർ!!

ഗട്ടു: (അദ്ഭുത പരതന്ത്രനായി) ക്യാ മത്ലബ്?

ഛോട്ടു: ആപ്കെ ബേൻ കി നമ്പർ?

ഗട്ടു: (ഇത്തിരി ഈർഷ്യയോടെ) മെരാ ‘ബേൻ’ കി നമ്പർ? ക്യോം ചാഹിയെ തുംകോ മെരാ ‘ബേൻ’ കി നമ്പർ?

ഛോട്ടു: ഇധർസെ പൂഛാ ഗയാ ഹെ. ഉസ്കി ഇധർ കുഛ് കാം ഹെ. തു ബസ് നമ്പർ ദേ ദെ.

ഗട്ടു: അബെ സാലേ, ക്യാ കാം ഹെ ഉധർ മെരി ‘ബേൻ’ കി. നമ്പർ ലേക്കെ ? മേ തുഝെ ഉസ്കി നമ്പർ നഹി ദെ സക്താ.. ജിസ്നെ ഭി പൂഛാ ഹെ ഉസ്കൊ മെരെ പാസ് ആനെ ബൊലോ.

ഛോട്ടുവും വിട്ടു കൊടുക്കാൻ നിന്നില്ല. !!!

ഛോട്ടു; അരെ ഗട്ടു, വൊ കമ്പനി കി ബേൻ ഹേ. ഉസ്കി ഇധർ ക്യാ കാം ഹൈ, വൊ തുംസെ ബോൽനെ കാ സരൂരത് നഹിൻ ഹെ. സ്യാദാ ബക് ബക് നഹി കർ, തൂ ബേൻ കി നമ്പർ ബതാ. ഓർ യേ ഭീ സുൻ മേനെ തുംഹരെ നാംസെ പുകരാഹും, തു മുഝെ സാലെ വാലേ മത് ബുലാ. അകൽബിൻ സുവർ.

ഗട്ടു: അബ്ബെ, ഫോൺ രഖ് സാലെ **@## (മുഴുത്ത തെറി തള്ളക്കും പെങ്ങൾകും) മേരാ ഇധർകി കാം ഹോനെ ദേ, മേ തുംഹാരെ പാസ് ആതാ ഹും. തും ഗാലി ദേതേ ഹൊ മുഝേ?(ഫോൺ കട്ടു ചെയ്യുന്നു)



സീൻ -3

ഏകദേശം 40 മിനുട്ടിനു ശേഷം ദേഷ്യം കൊണ്ടു വിറക്കുന്ന ഗട്ടു ഓഫീസിലേക്കു പാഞ്ഞടുക്കുന്നു. ചോട്ടുവിന്റെ കുത്തിനു പിടിച്ചുനിൽകുന്നു.



ഗട്ടു: അബ്ബെ സുവർ കെ ഓലാത്ത്, തും ക്യാ സോച്ചെ ഹോ അപ്നെ ആപ്കോ? തും ഇധർ കെ ഓഫിസ് ബോയ് ഹൊ, പ്യൂ ൺ ഹൊ, ഇധർകാ മനേജർ നഹി ഹോ തും. ആദ്മി ദേഖ്കെ ബാത് നഹി കരേ തൊ തേരി ഠാംഗ് തോടൂംഗാ മെ. സംഝേ സാല ചോർ, ##@#$#$#$$ (തെറി- ദോഷം പറയരുതല്ലോ, ഹിന്ദിക്കാരു തെറി തള്ളക്കും, പെങ്ങൾകും നേരെ മാത്രെ പറയൂ.)

തുംകൊ ക്യോം ചാഹിയെ മേരി ബേൻ കി നമ്പർ? അഭി ആഗെ ബാത് കരോഗെ തൊ മേ തുംഹാരി ഏയ്സീ മാർ മാരൂംഗാ, ഏയ്സീ മാർ മാരൂംഗാ കി തു സിന്ദഗീ ഭർ “ബേൻ” കി ഹി നഹി, കിസീകി ഭി നമ്പർ നഹി പൂഛോഗേ.



അപകടാവസ്ഥ കണ്ട് ഓഫീസിലെ എല്ലാവരും അവിടെ കൂടി, അക്കൌണ്ടന്റും. എല്ലാവരും കൂടെ ഗട്ടുവിനെയും, ഛോട്ടുവിനെയും, പിടിച്ചു മാറ്റി സംഘർഷാവസ്ഥ ലഘൂകരിച്ചു. അക്കൌണ്ടന്റ് ഗട്ടുവിനെ വിളിച്ചു ചോദിച്ചു.

അക്ക: ഗട്ടൂ, ക്യാ ഹുവാ? മാർപീഢ് ക്യോം കർതേ ഹൊ?

ഗട്ടു: സർജീ, ആപ് ഇസ്സെ പൂഛോ, കി മെരി ബേൻ കി നമ്പർ ലേകെ ഉസ്കേ ക്യ കാം ഹെ?

അക്ക: ക്യാ ബോൽതേ ഹോ? യെ തുംഹാരി ബേൻ കി സാഥ് ക്യാ കർനെ ചാഹ്തെ ഹെ?

ഭയചകിതനായി നിൽകുന്ന ഛോട്ടു വിറക്കുന്നുണ്ടായിരുന്നു.

ഗട്ടു: ആപ് ഉസ് സെ ഹീ പൂഛോ നാ.. ഹം കൊ ക്യാ മാലൂം? വഹീ സവാൽ മേ ഉസ്സേ ഭീ പൂഛ് രഹാ ഹും.

അക്ക: ഛോട്ടൂ, യെ ക്യാ ഹോ രഹാ ഹെ ഇധർ? കുഛ് ബഡീ ഇഷ്യു കെ ബിനാ, വൊ ആപ്കൊ മാർനെ നഹി ആയെഗാ!! ബതാ ക്യാ പ്രോബ്ലം ഹെ…..

ഛോട്ടു: സർജീ, ആപ് ഹീ ആജ് സുബഹ് മുഝെ ബോലേ ഥെ കി ഇസെ ബേൻ കാ നമ്പർ പൂഛ് കെ ലാനെ !! വൊ ഹി അഭി യെ മജ്ലാ ഹുവാ!

ഗട്ടു:(രോഷത്തോടെ അക്കൌണ്ടന്റിനോട് പൂശാനോങ്ങിക്കൊണ്ട്) ക്യാ ആപ് മാംഗേ മെരി ബേൻ കി നമ്പർ?

അക്ക: (ഭീഭത്സിതനായി) ഛോട്ടൂ, യെഹ് ആപ് ക്യാ ബോൽതേ ഹെ? മേ നെ പൂഛാ ആപ്സെ ഗട്ടൂക്കെ “ബേഹ്ൻ” കെ നമ്പർ? ക്യൊം ചാഹിയെ മുഝെ ഉസ്കി നമ്പർ?

ഛോട്ടു: ഹാ ഫിർ. ആപ് ഹീ മാംഗേ ഥേ!! ആജ് സുബഹ്. ബേൻ കി നമ്പർ!!

അക്ക: ആജ് സുബഹ്? അരെ യാർ വൊ, മേനെ ആപ്സെ ബോലാ ഥാ കി ഗട്ടു കെ വാൻ കി നമ്പർ പൂഛേ. വൊ നയീ ഗാഡി ജൊ ഗട്ടു അഭി യൂസ് കർതേ ഹെ നാ! ഉസ്കെ ബേഹ്ൻ കി നമ്പർ നഹി.

ഛോട്ടു; ഹാ വാഘയീ, മേ ഭീ വഹീ നമ്പർ പൂഛാ ഥാ! “ബേൻ” കി നമ്പർ!!

അക്ക: യാർ, “ബേൻ” നഹി; “വാൻ” വി ഏ ൻ വാൻ!! മത്ലബ് ഗാഡീ.

ഗട്ടു: അഛാ തൊ ഇസ്കൊ മേരി ഗാഡി കി നമ്പർ ചാഹിയേ. മെരെ ബേഹ്ൻ കീ നമ്പർ നഹി!! അരെ യാർ ഇസ് ബന്ദെ കാ സബാൻ സുൻ കെ മെ ഗലത് സംഝാ !! യെ പൂഛ്താ ഹെ മെരി “ബേൻ” കി നമ്പർ. മേ നെ ഏസെ സുനാ യാർ!!

ഛോട്ടു: ഹാ മേ ഭീ ബേൻ കി ഹീ നമ്പർ പൂഛാ ഥാ ഉസ്കെ ലിയേ തൂ മുഝെ മാർനെ ആയേ!!

ഗട്ടു : യെ ദേഖോ യെ ഫിർ ശുരൂ….

അക്ക: ഹെയ് ഛോട്ടൂ. ആപ് ബേൻ നഹീ ബോലോ.. വാൻ ബോലോ! വാ‍ാ‍ാ‍ാ ൻ

അതിനിടയിൽ ഗട്ടു ചാടിക്കയറി..

ഗട്ടു: ഠീക് ഹെ, ഠീക് ഹെ ആപ്കൊ ഗാഡി കി നമ്പർ ചാഹിയെ നാ. യെഹ് ലോ മുൾകിയാ , ഉസ്മെ ലിഖാ ഹേ. ആപ്കൊ ജൊ കുഛ് ഭി ചാഹേ വൊ ലിഖ് ലീജിയേ. ഓർ ആഗേ സേ ഇസ് ബംഗാളീസെ യെഹ് ന ബോലിയെ.. ധിമാഗ് നാം കെ കൊയി ചീസ് ഹീ നഹീ ഹെ ഇസ്കൊ. ബത്തമീസ് .



അക്കൌണ്ടന്റ്, മുൾകിയ (റെജിസ്ട്രേഷൻ കാർഡ്) കോപ്പിയെടുത്തു തിരിച്ചു കൊടുത്തു.

പിന്നീട ഗട്ടു , ഛോട്ടുവിനോടു തനത് പഠാൻ സറ്റൈലിൽ ആലിംഗനം ചെയ്ത് ക്ഷമ പറഞ്ഞു് പുറത്തേക്കു പോയി. പോകുമ്പോൾ “തുംഹാരി സബാൻ ഠീക് കരോ, ബറാബർ ബാത് കർന്നാ സീഖോ. നഹിതൊ മാർ ഖായേഗാ” എന്നു ഓർമ്മിപ്പിക്കാനും മറന്നില്ല.



പാവം ബംഗാളി, അയാൾ അതിൽ പിന്നെ “ബേൻ” എന്ന വാക്കുപയോഗിച്ചിട്ടില്ല. “ഗാഡി” എന്നെ പറയാറുള്ളൂ.



കണ്ടു നിന്ന എനിക്കു തോന്നിയതു “ ഈ ഉഛാരണ പിശകുകൾ വരുത്തുന്ന വിനയേ” എന്നാണ്. ഇവിടെ ഉണ്ടായ വിന, “വ” എന്ന അക്ഷരത്തിനു പകരം സാധാരണ ബംഗാളികൾ ഉപയോഗിക്കാറുള്ള “ബ” എന്ന അക്ഷരമാണ്. കേട്ടിട്ടില്ലെ, രബീന്ദ്രനാഥ ടാഗോർ തുടങ്ങിയ ബംഗാളി എഴ്ത്തുകാരുടെ പേരുകൾ. പഞ്ചാബിയുടേതാണെങ്കിൽ ഒരുമാതിരി നീട്ടിക്കുറുക്കിയ ഹിന്ദിയും, ഉർദു പ്രാമുഖ്യം ഒരുപാടുണ്ടതിൽ. അവരുടെ കൊളൊക്യൽ രീതിയൽ “ബേൻ” ബേഹ്ൻ” എന്നിങ്ങനെ ഒക്കെയാണ്. നമ്മൾ അതു പഠിക്കുന്നതോ “ബഹൻ” എന്നും, ഗുജറാത്തികൾ പറയുമ്പോൾ “ബെൻ” എന്നും ആകുന്നു. ഭാഗ്യത്തിനാണ് അന്നു ഛോട്ടുവിനു തല്ലു കൊള്ളഞ്ഞത്. ഈ ബംഗാളികളുടെ ഒരു കാര്യം..

കൌതുകകരമാണ് ഈ ഭാഷാ വൈജാത്യങ്ങൾ. ഒത്തിരി പഠിക്കാനുണ്ടതിൽ.



തൽകാലം ഇവിടെ നിർത്തട്ടെ!!.

Monday, January 3, 2011

ഉറക്കമുണരാത്ത രാത്രി

ഒരുപാടു ദിവസങ്ങളായിരിക്കുന്നു. എന്തൊക്കെയോ കയ്യിൽനിന്നും വീണു പോയതുപോലെ. ചിന്തകളിൽ പോലും വിഭ്രാന്തി നിറഞ്ഞിരിക്കുന്നു. സ്വപ്നങ്ങളിൽ കാടത്തവും, ഭീകരതയും. മിഥ്യയിൽ വിടരുന്ന അഗ്നിക്കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നതു കാണുമ്പോൾ എനിക്കു ഭയം തോന്നുന്നുഉറങ്ങുമ്പോൾ ചെവിയിൽ ചിലമ്പിന്റെ കിലുക്കം ഞാൻ ഉറങ്ങുന്നതു മതിയാക്കി. എങ്കിലും കണ്ണു തുറക്കാൻ എനിക്കു ഭയമാണ്. മുറിയിലെ ഇരുട്ടും ഏകാന്തതയും എന്നെ പല്ലിളിച്ചു കാട്ടുന്നു.

ഞാൻ കോലായിലേക്കിറങ്ങി. നല്ല നിലാവുണ്ട്. പടിയിറങ്ങി നടന്നു. ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു അമ്മ അകായിൽ നിന്നും ചോദിച്ചു;
രാത്രി നീയെങ്ങ്ട്ടാ പോണതു്, ഒറങ്ങണില്ലേ?
ഒന്നും മിണ്ടാതെ ഞാൻ പുറത്തിറങ്ങി. പാടത്തെ ൽമരച്ചോട്ടിലിരുന്നു. ശിശിരം  തുടങ്ങിയിരിക്കുന്നു. ആൽ മരത്തിലെ ഇലകൾ ഒട്ടുമുക്കാലും കൊഴിഞ്ഞിരിക്കുന്നു. പടിക്കിലെ അനക്കം കണ്ട് ഷാരത്തെ പാറു ഗേറ്റിൽ വന്നു നോക്കി. പടിക്കൽ തെളിഞ്ഞു നിന്ന അവളുടെ രണ്ടു വെള്ളാരം കണ്ണൂകൾ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. എന്നെ അവൾ തിരിച്ചറിഞ്ഞിരിക്കണം , അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞോടി ഷാരത്തെ കോലായിൽ കേറി കിടന്നു.തണുപ്പുകൂടാൻ തുടങ്ങിയിരിക്കുന്നു. മഞ്ഞിറങ്ങുന്നുണ്ടെന്നു തോന്നുന്നു. ചെവിക്കുടകളിലും, കവിളുകളിലും തണുപ്പ്. കൊഴിഞ്ഞു തുടങ്ങിയ മുടിയിഴകൾക്കിടയിലൂടെ തണുപ്പ് എന്റെ തലയോട്ടിൽ തട്ടുന്നുണ്ടായിരുന്നു. പണ്ടൊരു ദിവസം വീടിന്റെ വടക്കുപുറത്തെ നടക്കല്ല്ലിലിരുന്നു പല്ലു തേക്കുമ്പോൾ അമ്മയുടെ കൈ തെറ്റി ചുടുകഞ്ഞി നിറഞ്ഞ പാത്രം എന്റെ തലയിൽ ചെരിഞ്ഞതു ഞാൻ ഓർത്തു പോയി.
ഇലപൊഴിഞ്ഞതു കൊണ്ടെന്നു തോന്നുന്നു, കാറ്റിൽ ആലമരത്തിൽ നിന്നും ദലമർമ്മരങ്ങൾ ഒന്നും കേൾകാനുണ്ടായിരുന്നില്ല. പഴുത്ത ആലിൻകായ്കൾ ഇടക്കോരോന്നായി കൊഴിയുന്നുണ്ടായിരുന്നു. പഴുത്ത് ഇലകളും. ഞാൻ ഉള്ളിലൊന്നു ചിരിച്ചു. എന്നാണ് ഞാനും പഴുത്തു തുടങ്ങുക!!
ഞാൻ ആതറയിൽ കിടന്നു. എന്തോ ഈയിടെ ആയി എന്റെ മുറിയിൽ എനിക്കുറങ്ങാൻ കഴിയുന്നില്ല. അറുത്തു മാറ്റപ്പെടുന്ന ബന്ധങ്ങളുടെ ചോരക്കറ മനസ്സിനെ കലുഷിതമാക്കുന്നുണ്ട്. കരിഞ്ഞ മാംസത്തിന്റെ ഗന്ധം എന്റെ നാസാരന്ധ്രങ്ങളെ അലോസരപ്പെടുത്തുന്നു. അമ്മ സന്ധ്യക്കു വാ‍യിക്കാറുള്ള നാരായണീയ സ്തോത്രങ്ങളിലും, നരായണ കവചത്തിലും മനസ്സുറക്കുന്നില്ല. ദൈവികതയിലെ മിഥ്യ എന്റെ മനസ്സിനെ കീഴടക്കിത്തുടങ്ങിയിരിക്കുന്നു.
ഈ ആലിൻ തറയിലിരിക്കുന്ന എന്റെ മനസ്സിലെ ചിന്തകൾ പരസപര വിരുദ്ധങ്ങളായി എന്നെ വിലയം ചെയ്യുകയാണ്. ഞാൻ ആലോചിച്ചു ഒരു പക്ഷെ ചിന്തകൾക്കും ഉണ്ടാകും ഒരു ക്വാണ്ടം മെകാനിക്സ്. അതി നൂതന ശാസ്ത്ര ശാഖയായ നോയെറ്റിക്സ് പറയുന്നതു ചിന്തകൾക്കും പ്രാർത്ഥനകൾക്കും ഉപേക്ഷണീയമെങ്കിലും ഒരു പ്രത്യേക പിണ്ഡവും വ്യാപതവും, ഉണ്ടെന്നാണ്. എങ്കിൽ അവയിൽ സബ്‌ആറ്റോമികങ്ങളേക്കാൽ ചെറുതെങ്കിലും ചില കണങ്ങൾ ഉണ്ടാവേണ്ടതും, അവക്ക് കൃത്യമായ ക്വാണ്ടം സ്വഭാവം ഉണ്ടാവേണ്ടതും അല്ലേ. കാടുകയറിത്തുടങ്ങുന്നു എന്റെ ചിന്തകൾ.
കാല്പനികത മാത്രമായിരുന്നു ഇതുവരെ മനസ്സിൽ ഉണ്ടായിരുന്നത്. നിതാന്തമായ വസന്തങ്ങളായിരുന്നു എന്റെ സ്വപ്നങ്ങളിൽ തെളിഞ്ഞിരുന്നത്. ഒർക്കലും മറക്കാനാവത്തവ!!പക്ഷേ ഈയിടെയായി സ്വപ്നങ്ങളിലും ഋതുവ്യത്യാസങ്ങൾ വന്നു തുടങ്ങിയിരിക്കുന്നുകൊടുങ്കാറ്റുകളും പേമരിയും, ഊഷരതയും ഒക്കെ. പൊടുന്നനെ ആയിരുന്നു മാറ്റം. മാറ്റം ആസന്നമായിരുന്നെങ്കിലും ഇത്രയും ചടുലമായി പ്രതീക്ഷിച്ചിരുന്നില്ല. ചിന്തകളിൽ പോലും വറുതി. ഓർമ്മകളിലും ക്ഷയിക്കുന്ന സന്തോഷങ്ങൾ.
സുകൃതക്ഷയം!! ഗുരുത്വ ദോഷം! അത്രമാത്രമേ എനിക്കും തോന്നിയുള്ളൂ. അസന്ദിഗ്ദ്ധമായ മനോവ്യാപരങ്ങൾ  ദിനചര്യകളിലും ഒരു പാടു മാറ്റങ്ങൾ കൊണ്ടു വന്നു. ഉറക്കിലും, ഊണിലും സ്വഭാവത്തിലും ഒക്കെ. കണ്ണുകളിൽ ഇരുട്ടുകയറിത്തുടങ്ങിയിരിക്കുന്നു. ചുറ്റുമുള്ള കാഴ്ചകളുടെ സൌന്ദര്യം ഇനിയും ആസ്വദിക്കാനാവത്തവണ്ണം ഞാൻ അന്ധനായിരിക്കുന്നു.

ഞാൻ ഇപ്പോൾ ഞാനല്ലാതാവുകയാണ്. ഞാൻ ആഗ്രഹിക്കാത്തതാണീ മാറ്റം. പക്ഷേ അതെന്നെ അത്രമേൽ കീഴ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ഇനിയൊരു തിരിച്ചു പോക്കില്ലാത്തവിധം!  ഇടിഞ്ഞ അൽതറയുടെ പഴയകല്ലുകൾക്കിടയിലെ കരിയിലകളിൽ ഒരു അനക്കം ഞാൻ കേട്ടു. നിലാവിൽ ഒരു മൂർഖന്റെ ശൽകങ്ങൾ തിളങ്ങുന്നുണ്ടായിരുന്നു. ആൽ‌തറയിൽ കിടക്കുന്ന എന്റെ ഇടത്തേ കയ്തണ്ടക്കരികിലൂടെ അതു ഇഴഞ്ഞു പോയി. ഉള്ളിലുള്ള ഭയത്തേ അമർത്തിപ്പിടിച്ചു ഞാൻ അനാങ്ങാതെ കിടന്നു. അപകടങ്ങളേതും ഏല്പിക്കാതെ ആ ഉരഗം ദൂരേക്കു പോയി. ആൽ‌ഖിരത്തിൽ ഇരുന്നിരുന്ന ഒരു മൂങ്ങ പറന്നിറങ്ങി ആ പാമ്പിനെ കാൽ നഖങ്ങളിൽ തൂക്കിയെടുത്തു കിഴക്കേ അറ്റത്തുള്ള മുളംകൂട്ടിലേക്കു ഞിടിയിടയിൽ പറന്നകന്നു. കടവാതിലുകൾ പറന്നെത്തി തുടങ്ങിയിരിക്കുന്നു. അതിൽ ചിലവ കരയുന്നുണ്ടായിരുന്നു.  ഒരു ഭീകരത അവിടെ തോന്നിത്തുടങ്ങി. എഴുന്നേറ്റു നിന്ന എന്റെ കാലുകളെ ഭയം ചലിപ്പിച്ചു.
ഗേറ്റ് അടച്ചു ഞാൻ കോലായിൽ കയറി ഇരുന്നു. ഉറക്കം എന്നെ വിട്ടകന്നിരിക്കുന്നു. ഞാൻ ആകുലനാണ്. ടൌണിലെ മെഡിക്കൽ ഷോപ്പിൽ നിന്നും കുറപ്പടിയില്ലാതെ വാങ്ങിയ ന്യൂജനറേഷൻ ആൻ‌ക്സിയോളിറ്റിക് രണ്ടെണ്ണമെടുത്തു കഴിച്ചു ഞാൻ ഉമ്മറത്തെ ചാരുകസേരയിൽ കിടന്നു എന്റെ കണ്ണിന്റെ പടിവാതിലിൽ വരുന്ന നിദ്രാദേവിയേ കാത്ത്‌. രാത്രിയുടേ അധോയാ‍മങ്ങളിലെപ്പോഴോ അവൾ എന്റെ കണ്ണുകളെ ആലിംഗനം ചെയ്തു. അപ്പോൾ ഞാൻ ഓർത്തു ഇനിയൊരിക്കലും ഈ നിദ്രയിൽ നിന്നുണരാതിരുന്നെങ്കിൽ എന്നു.
ആൻ‌ക്സിയോളിറ്റികിന്റെ ആധിഖ്യത്തിൽ എന്റെ മാംസ പേശികൾ തളർന്നു തുടങ്ങിയിരിക്കുന്നു. എന്റെ ഇടത്തേ തോളിലൂടെ ഒരു തണുപ്പരിച്ചിറങ്ങുന്നതു ഞാൻ അറിഞ്ഞു. കസേരയുടെ കൈപടിയിൽ നിന്നും എന്റെ കയ് താഴെ വീണു. കൈതണ്ടയിൽ നിന്നും തണുത്ത ഭാരവും വീണിരിക്കുന്നു. പതിഞ്ഞ ഒരു “ഹിസ്സ്” ശബ്ദം കേട്ടു പിന്നെ എന്റെ കൈപടത്തിൽ ഒരു നീറ്റലും. കറുപ്പു തേച്ചതെങ്കിലും മിനുത്ത നിലത്ത്  തെളിഞ്ഞ നിലാശകലത്തിലൂടെ തിളങ്ങുന്ന ശൽകങ്ങൾ അരിച്ചകലുന്നതു പാതിയടഞ്ഞ മിഴിയിലൂടെ ഞാൻ കണ്ടു. മിനിട്ടുകൾക്കുള്ളിൽ ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു. ആരുമറിയാതെ!!

ഞാൻ ആഗ്രഹിച്ച പോലെ ഇനിയൊരിക്കലും ഉണരാത്ത ഉറക്കത്തിലേക്കു