Monday, June 14, 2010

അയഥാർത്ഥനായ ഒരുവൻ

ഞാൻ ആ ലേഖനം വായീക്കുകയായിരുന്നു. അതിലെ ഒരു വാചകം എന്റെ മനസ്സിലുടക്കി. അവരുടെ മൾടിപ്പ്ൾ ഐഡന്റിറ്റിയോടുള്ള അഭിനിവേശം എനിക്കിഷ്ടമായി. ദണ്ഡകാരണ്യത്തിൽ നിറയെ ഉള്ള പലവിധം പേരുകളുള്ള ഒരുപാടു പേരെപോലെ. എനിക്കും തോന്നി കുറച്ചു ദിവസത്തേക്കു ഞാനും ആളുമാറിയാലോ എന്നു. പക്ഷെ ഇവിടത്തെ നിയമ സംഹിതകൾ നിയമപരമായിട്ടതിനെ അംഗീകരിക്കുന്നില്ലല്ലോ!. മനസ്സിൽ തോന്നിയ ഇച്ഛാഭംഗത്തിന്റെ അളവു കുറച്ചൊന്നുമല്ലായിരുന്നു.


ഞാൻ ഞാനല്ലാതെ നിന്ന് എന്നെയും എന്റെ ചുറ്റുപാടുകളെയും നോക്കികാണുക. ഒരുപക്ഷെ ഒരു സിനിമ കാണുന്നപോലെ. ആൽമരത്തിന്റെ ഉത്തുംഗത്തിലുള്ള ഇളംതളിരിലകളുടെ മുകളിൽ നിന്നും, താഴേക്കു ഊർന്നിറങ്ങുന്ന ക്യാമറ കണ്ണുകളിൽ കൂടി കാണുന്ന പോലെ.

ഞാൻ ഞാനല്ലാതെ തന്നെ എന്റെ പെരുമാറ്റത്തെ നിരീക്ഷിക്കുക, തെറ്റുകൾ ചൂണ്ടിക്കാണിക്കുക, വിമർശിക്കുക, ഒത്താൽ ക്രൂശിക്കുക കൂടി ആവാം. ഭാരമേറിയ മരകുരിശിനു പകരം വാർപുകുരിശോ മറ്റോ ഉപയോഗിക്കാം. നെഞ്ചിലും കൈ, കാല്പാദങ്ങളിലും ആണി തറക്കുന്നതിനു പകരം ഒരു ഡ്രില്ലർ കൊണ്ട് തുളച്ചു നട്ടും ബോൾടുമുടാം. ചാട്ടവാറടിക്കു പകരം ഇലക്ട്രിക് ഷോക്കേല്പിക്കാം.. ഒരുയർത്തെഴുന്നേല്പുണ്ടാവില്ലെന്ന് ഉറപ്പിക്കാൻ പോസ്റ്റ്മോർടം കൂടി നടത്താം. കുഴിച്ചിടുന്നതിനു പകരം പെട്രോളൊഴിച്ചു കത്തിക്കാം

ഞാൻ എന്ന എന്നെ എനിക്കു മടുത്തു കഴിഞ്ഞിരിക്കുന്നു. എന്നെ ഉൾകൊള്ളാനെനിക്കു ഈ ശരീരം പോരാ എന്നൊരു തോന്നൽ. ഒരു ഗൃഹസ്ഥാശ്രമിയെന്ന നിലയിൽ ഞാൻ ചെയ്യേണ്ടകാര്യങ്ങൾ ഒന്നും ഇനിയും ചെയ്തു തീർന്നിട്ടില്ല എന്നത് എന്നെ സ്വയഹത്യയിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. വാനപ്രസ്ഥം ഏൽകേണ്ട സമയമാകുമ്പോഴെക്കും എന്റെ നാട്ടിൽ എത്ര വനങ്ങൾ ശേഷിക്കുമെന്ന് എനിക്കിനിയും തിട്ടപ്പെടുത്താൻ കഴിയുന്നില്ല. പക്ഷെ വനപ്രദേശങ്ങളിൽ നിന്നും ആദിവാസികളെന്നു വിളിക്കപ്പെടുന്നവരെ തുരത്തികൊണ്ടിരിക്കുന്ന കാലഘട്ടമാണ് എന്റേത്! അടുത്ത തലമുറ ചോദിക്കും, mamma, what is a forest? How does it look like? എന്നൊക്കെ! പിന്നെ നേരിട്ടെടുക്കാവുന്ന സംന്യാസം അർത്ഥവശാലും, കർമ്മവശാലും കാപട്യം മാത്രമായി തീരും എന്നു എനിക്കുറപ്പുണ്ട്. ഒരു ഗാന്ധിക്കോ, വിവേകാനന്ദനോ, ശ്രീനാരായാണനോ, അല്ലെങ്കിൽ ശ്രീശങ്കരനോ ഇനി ഈ നാട്ടിൽ സ്കോപ്പില്ലല്ലോ. സന്തോഷമാധവനും, നിത്യാനന്ദ മഹാമുനിക്കും, പിന്നെ യന്ത്രവില്പനക്കാരായ ജ്യോതിഷിമാർക്കും മാത്രമല്ലേ സ്കോപുള്ളൂ. അതിനുള്ള കോപാണെങ്കിൽ, എന്റെ കയ്യിലില്ല താനും, ഒരു മതസന്യാസിയാകാനാണെങ്കിൽ, ദൈവങ്ങളെ പറ്റി കളവും പോയിട്ടു അവരുടെ നല്ലഭാഗങ്ങൾ പോലും പറയാൻ എനിക്കറപ്പാണ്.

അതൊക്കെ ആലോചിക്കുമ്പോൾ തോന്നാറുണ്ട് ബന്ധങ്ങളുടെ ബന്ധനങ്ങൾ എന്ന്. വളർന്നു വരുന്ന ചുറ്റുപാടുകളിൽ നിന്നും ഒരുപാടു സ്നേഹം ലഭിക്കുമ്പോൾ ബന്ധങ്ങളുടെ ഗാഢത ബന്ധനങ്ങളുടേതു പോലെ ആകുന്നു. മാതാപിതാക്കൾ, സഹോദരങ്ങൾ, സുഹൃത്തുക്കൾ, ഗുരുക്കന്മാർ, സഹപ്രവർത്തകൾ, തുടങ്ങി എല്ലാവരും. നടിക്കാനും, നൽകുന്നു എന്നു വരുത്തി തീർക്കുവാനും ഏറ്റവും എളുപ്പമുള്ളതാണല്ലോ സ്നേഹം. ശ്രത്രുത നടിച്ചു നടക്കാൻ എളുപ്പമല്ല. അതിനൊരു പ്രത്യേക ചാതുര്യം തന്നെ വേണം. സ്നേഹം നടിക്കാൻ അത്രക്കു ചതുരനാവണ്ടതില്ല. ആർക്കും സാധിക്കും, എപ്പോഴും കഴിയും. എനിക്കു തോന്നാറുണ്ട്, ഞാൻ എന്തിനാണിങ്ങനെ സ്നേഹം നടിക്കുന്നതെന്നു്, അതും ഏറ്റവും പ്രിയപ്പെട്ട ഒരു സുഹ്രുത്തിനോട്. അവൾക് അതു മനസ്സിലാക്കാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നു. എന്റെ അഭിനയം, നാട്യ ധാർമികതയുടെ പ്രത്യയശാസ്ത്രങ്ങൾ, മുഖംമൂടികളിട്ട കഥാപാത്രങ്ങൾ. പാവം ആ കുട്ടിയെ ഞാൻ പറ്റിക്കുക്കയായിരുന്നു. അപ്പോഴാണ് ഞാൻ നേരത്തെ പറഞ്ഞ ലേഖനത്തിലെ പോലെ ഞാനും പല പേരുള്ള ഒരു അയഥാർത്ഥനാണെന്ന് മനസ്സിലായത്. ഉള്ളിലുള്ളതു തുറന്നു കാട്ടാതെ കാപട്യങ്ങൾ മാത്രം പറയുകയും, ചെയ്യുകയും ചെയ്യുന്ന തികച്ചും അയഥാർത്ഥനായ ഒരുവൻ. ഗുരു എന്ന പേരിൽ.