Thursday, April 8, 2010

ഉത്തരമില്ലാതെ !!!

ഗുരു ഇങ്ങനെ എഴുതി..
“കുറച്ചു നാൾ മുമ്പുവരെ ഞാൻ ആഹ്ലാദിക്കാറുണ്ടായിരുന്നു. തീരെ ചെറിയ കാര്യങ്ങൾ പോലും ഉന്മാദാവസ്ഥയിൽണ്ടാവറുള്ള പോലെ എന്നെ ആഹ്ലാദിപ്പിക്കാറുണ്ടായിരുന്നു. കുട്ടിക്കാലത്തു കിഴക്കെ തൊടിയിലെ നീർമാതളം പൂത്തപ്പോൾ അഹ്ലാദോന്മത്തനായി ഓടിച്ചെന്നു പാടത്തെ ചിറയിൽചാടിയതൊക്കെയും ഇന്നിപ്പൊൾ ചിതലരിച്ച ബാല്യകാല സ്മൃതികളായിക്കഴിഞ്ഞു. ചിലതൊന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടാത്തവിധം എന്നെ വിരക്തനാക്കിയിരിക്കുന്നു.
പഴയസുഹൃത്തുക്കളെ കണ്ടുമുട്ടുമ്പോൾ, ചിലരോടു സംസാരിക്കാൻ സാധിക്കുമ്പോൾ ഒക്കെയും എനിക്കു സന്തോഷം തോന്നാറുണ്ടായിരുന്നു.
പക്വത കാണിക്കേണ്ട പ്രായമായെന്നൊക്കെയുള്ള വീട്ടുകാരുടെയും, ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും ഉപദേശങ്ങൾ ചെവികൊണ്ടപ്പോൾ എനിക്കു നഷ്ടപ്പെട്ടത് എന്നെ തന്നെയായിരുന്നു. എന്റെ വികാരപ്രകടനങ്ങൾ പോലും നാട്യശാസ്ത്രത്തിന്റെ വരെ ഉദാഹരണങ്ങളാക്കപ്പെട്ടത് എന്നെ വളരെ അധികം വേദനിപ്പിച്ചിരുന്നു.
ഞാൻ ഏറെ സ്നേഹിച്ചിരുന്ന കൂട്ടുകാരിയും എന്നെ വിട്ടുപിരിയികയായി. എന്റെ സ്നേഹം പോലും അഭിനയമായിരുന്നു എന്നാണവൾ പറഞ്ഞതു”.
ഗുരുവിന്റെ വാചകങ്ങളിൽ സാധാരണക്കാരന്റെ പ്രയോഗങ്ങളായിരുന്നു ഞാൻ കണ്ടത്.

വിടവാങ്ങലിനു കുറച്ചു ദിവസങ്ങൾക്കു മുമ്പായിരുന്നു എന്നെയും കൂട്ടി ഈ പുഴക്കരയിലേക്കു ഗുരു നടന്നു വന്നത്. അയാൾ പറഞ്ഞു, ഇവിടത്തെ ചെമ്പക മരച്ചുവട്ടിലിരുന്നു അവർ പങ്കുവച്ചതു അവരുടെ സ്വപ്നങ്ങളായിരുന്നില്ല, ജീവിതം തന്നെആയിരുന്നു.

അന്നയാൾ എന്നോടു പറഞ്ഞതു അയാൾക്കു ജീവിതത്തിൽ നേരിടേണ്ടിവന്ന നഷ്ടങ്ങളെ പറ്റിയായിരുന്നു.
അയാൾ പറഞ്ഞു: “അയൽകാരുമായുള്ള കുടുംബവഴക്കിനെ ചൊല്ലി അതുവരെ കൂടെ കളിച്ച് നടന്നിരുന്ന ഒന്നിച്ചു സ്കൂളിൽ പോയിരുന്ന കളിക്കൂട്ടുകാരെ വരെ വീട്ടുകാർ കണ്ടാൽ മിണ്ടരുതെന്നു വിലക്കി. അഭിനവ ശകുന്തളാദേവിയായി ഓപ്പോളും,അവരുടെ കൂട്ടുകാരി മേരി ക്യുറിയാവാൻ അവതാരമെടുത്തിരുന്ന ചിരുതയും, മലയാള പാഠപുസ്തകത്തിലെ പദ്യമാലകൾ തെല്ലിടകൊണ്ട് മനഃപാഠമാക്കിയിരുന്ന എച്മിയും, മണിയനും, അജയനും, സോനുട്ടനും ഒക്കെ പരസ്പരം വൈരികളെന്ന പോലെയായി. ഇവരെല്ലാരും കൂടി അച്ചുത്തികളിച്ചിരുന്ന വലിയ പ്രിയ്യൂർ മാവ്ന്റെ ചുറ്റിലും നീരോലിക്കാടുകൾ വളർന്നു. അവർ കളിച്ചിരുന്ന ഉണ്ടിക്കുഴികൾ തൂർന്നു. തീപ്പട്ടിച്ചിത്രങ്ങളും പേരൊട്ടികളും അവർ പരസ്പരം കൈമാറാൻ മറന്നു.എനിക്കു കിട്ടിയ പുതിയ റബ്ബറിന്റെ പുതുമണം കാട്ടി അവരെ കൊതിപ്പിക്കാൻ കഴിയാഞ്ഞതു എനിക്കു ഒരുപാടു വിഷമമുണ്ടാക്കി. ഒരിക്കൽ അമ്പലത്തിൽ നിന്നും കൊണ്ടുവന്ന അപ്പത്തിന്റെ ഒരു കഷ്ണം എന്റെ കൂട്ടുകാരി എച്മിക്കു കൊടുത്തതുണ്ടാക്കിയ വിവാദങ്ങളും കോലാഹലങ്ങളും എന്റെ പേരിൽ ഒരു വധശ്രമാരോപണം വരെയെത്തി.ഇതൊക്കെയാണെങ്കിലും ഞങ്ങൾ സ്കൂളിൽ ഒന്നിച്ചിരുന്നാണു പഠിച്ചത്. പിന്നീടാലോചിക്കൂമ്പോൾ തോന്നുമായിരുന്നു അന്നത്തെ നിയന്ത്രണങ്ങൾ അടിയന്തരാവസ്ഥകാലത്തു പോലും ഇവിടത്തെ ജനങ്ങൾ അനുഭവിക്കുകയുണ്ടായിട്ടുണ്ടാവില്ലെന്നു്.”
ശരീരം കാർന്നു തിന്നുന്ന വേദനക്കിടയിലും അയാളുടെ കുട്ടിക്കാലത്തെ ഒർമ്മകൾ ഗുരുവിനു ആശ്വാസം പകരുന്നുണ്ടായിരുന്നു.

ആ ഓർമ്മകൾക്കിടയിലേക്കു ലേഖ ഓടിയെത്തുമ്പോൾ അയാളുടെ ഓർമ്മചിത്രങ്ങളിൽ വർണ്ണരാജികൾ വിരിയുമായിരുന്നു. അവൾകെപ്പോഴും ചെമ്പകപ്പൂവിന്റെ മണമായിരുന്നു. പ്രണയിച്ചിരുന്നെങ്കിലും, മറ്റാരുടെയോ നിർബന്ധങ്ങൾക്കു വഴങ്ങി അവർ വഴിപിരിയുകയായിരുന്നുവത്രെ. ആരായിരുന്നിരിക്കാം അവരുടെ പ്രണയത്തെ അവരെകൊണ്ടു തന്നെ അറുത്തെറിയിച്ചത്? അയാൾ ഒരിക്കലും അതെന്നോടു പറഞ്ഞില്ല. സ്വയം പറിച്ചെറിയുമ്പോളുള്ള വേദന മറ്റൊരാളാൽ അറുത്തിറിയപ്പെടുമ്പോഴുള്ളതിനേക്കാൾ തുലോം കുറവാണെന്നുള്ള ഗുരുവിന്റെ വിവരണം എനിക്കു ദഹിക്കാവുന്നതിനപ്പുറത്തുള്ളതായിരുന്നു.

എന്തോ, ആ വഴിപിരിയലിനും ശേഷം അവർതമ്മിൽ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ല. അവസരം ഉണ്ടായപ്പൊഴൊക്കെയും ഇരുവരും പിൻതിരിയുകയായിരുന്നു.

ഒരിക്കലും ചോദ്യം ചെയ്യാതെ, ചോദ്യം ചെയ്യപ്പെടാതെ!!

അങ്ങനെ നഷ്ടപ്പെടലുകൾ പോലും ആഹ്ലാദമാക്കിയ ജീവിതം