Thursday, September 30, 2010

ഗതികം-1

മഴ പെയ്തു തുടങ്ങിയിരിക്കുന്നു. കുറേശ്ശേ കാറ്റും ഉണ്ട്. പതിവില്ലാത്ത നേരത്തണ് ഈ മഴ. കാറ്റിൽ ഉമ്മറത്തേക്കു നന്നായി ഊത്താലടിക്കുന്നുണ്ട്. അതു ഞാൻ ആസദിക്കുന്നുണ്ട്. നനുത്ത വെള്ളത്തുള്ളികൾ മഞ്ഞുകണങ്ങൾ പോലെ, മുഖത്തു പതിക്കുന്നതിൽ ഒരു പ്രത്യേക സുഖം ഉണ്ട്. മുഖത്തു ഓരോ തുള്ളി വീഴുന്നതും എനിക്കനുഭവഭേദ്യമായിരുന്നു.


ഇറയത്തെ തിണ്ണയിലിരുന്നു ഞാൻ മഴയെ നോക്കി. ആയിരക്കണക്കിനു വെള്ളത്തുള്ളികൾ അതിവേഗം ഭൂമിയിലേക്ക് പതിക്കുന്നു. അവയുടെ ഗതികോർജ്ജം മണ്ണിലും വീടിന്റെ ബഹിർപ്രതലങ്ങളിലും തട്ടി ശബ്ദവീചികളാകുന്നതു ഞാൻ ശ്രദ്ധിച്ചു. നടക്കല്ലിൽ വീണു ചിതറിത്തെറിക്കുന്ന മഴത്തുള്ളികൾ മനോഹരങ്ങളായ ചിത്രപ്പണികൾ ചെയ്യുന്നുണ്ടായിരുന്നു.

ചെറുതായി വീശിയിരുന്ന കാറ്റിന്റെ ശ്കതി കൂടി വരുന്നുണ്ട്. മഴയും പുഞ്ചിരിവിട്ടു ഗൌരവം കൂടിത്തുടങ്ങി. മുറ്റത്തു മഴവെള്ളം തളം കെട്ടി നിൽകാൻ തുടങ്ങിയിരിക്കുന്നു.

എന്റെ പനി കുറേശ്ശെ വിട്ടു തുടങ്ങിയിരിക്കുന്നു. അമ്മ ഒരു ഗ്ലാസ് കട്ടൻ കാപ്പിയും, രണ്ടുമൂന്നു റസ്കും കൊണ്ടുതന്നു. മൂന്നു ദിവസം ആയി പനി തുടങ്ങിയിട്ട്.

അമ്മ നെറ്റിയിൽ കയ്‌വെച്ചു  നോക്കി പറഞ്ഞു.: ആഹ്! പനി കീഴ്പട്ടായീർക്കുണു. ഇനി വേം വിട്ടോളും!! ഈ കാപ്പി കുടിച്ചോ ഒന്നു വെയർത്തോട്ടെ!!

മഴ വീണ്ടും കൂടിയിരിക്കുന്നു. ഇക്കൊല്ലത്തെ തുലാവർഷം നല്ലോണം പിടിച്ചീർക്കുണു.!! അച്ഛൻ ഉമ്മറത്തെ ചാരുകസേരയിലിരുന്നു പറയുന്നുണ്ട്. കുറേശ്ശെ മിന്നലും ഇടിയും ഉണ്ട്. ഈയിടെ പുറത്തു വന്ന കാലാവസ്ഥ സ്ഥിതിവിവരണ കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ ഇവിടത്തെ വർഷപാതം ക്രമാതീതമായി കുറഞ്ഞിരിക്കുന്നു എന്നു പത്രങ്ങളിൽ വായിച്ചതോർത്തു. പിന്നെ മിണ്ടാതിരുന്നു. ഒരു വാക്കു തർക്കത്തിനു വയ്യാ എന്നു മനസ്സിൽ തോന്നി.

മുറ്റത്ത് കെട്ടിനിന്ന മഴവെള്ളം അതിരിലൂടെ പാടത്തേക്കു തിരിച്ചു വിട്ടു. വെള്ളത്തിൽ ചവിട്ടിയപ്പോൾ കാൽ പൊള്ളുന്നതു പോലെ തോന്നി. പനിയുടെ മറ്റൊരു വികൃതി. ഐസ് വെച്ചു കെട്ടിയതുപോലെ കണങ്കാൽ കടയുന്നുണ്ടായിരുന്നു. വെള്ളം കുറേശ്ശേആയി ഒഴുകിയിറങ്ങി തുടങ്ങി. പനിയും കൊണ്ടെന്തിനാ മഴയ്ത്തു പോയതെന്നു ചോദിച്ചു അമ്മ ദേഷ്യപ്പെട്ടു.

കോലായിൽ കയറിയിരുന്നു ഞാൻ കാപ്പി കുടിക്കാൻ തുടങ്ങി. ചുക്ക് പൊടിച്ചിട്ട് ശർകര ചേർത്ത കാപ്പിക്കൊരു പ്രത്രേക സ്വാദുണ്ടായിരുന്നു. അതിറങ്ങിയ വഴിമുഴുവനും ഞാൻ അറിഞ്ഞു. അന്നനാളത്തിലും വയറ്റിലും ചെറിയ നീറ്റൽ തോന്നിയിരുന്നു. അതിന്റെ ചൂടു ചെറുകുടൽ വരെ ഞാൻ അറിഞ്ഞ്. നെഞ്ചെരിച്ചിലിനൊടുവിലെ ഒരു കുളിർ എന്റെ ശരീരത്തിൽ രോമകൂപങ്ങളെ ഉദ്ദീപിപ്പിച്ചു. ഏതോ ഏകകോശജീവിയിലെ സീലിയകൾ പോലെ അവ എഴുന്നു നിന്നു. അപ്പോൾ വീശിയ കുളിർകാറ്റിൽ ഞാൻ തണുത്തു മരവിച്ചു പോയി. അമ്മ തന്ന റസ്കെടുത്തു ഞാൻ കടിച്ചു. അതിൽ കോണിലായുണ്ടായിരുന്ന ഉണക്കമുന്തിരി ഞാൻ ചൂഴ്ന്നെടുത്തു തിന്നു. ഹാ!! എന്തു സ്വാദ്‌! ഒരു മിടുക്കു കൂടി കാപ്പി ഞാൻ കുടിച്ചു. ചുക്കിട്ട കാപ്പിയിൽ മുക്കി റസ്ക് തിന്നാൻ എന്തൊരു സ്വാദാണ്!!

ഈ പനി എനിക്കു അരോചകമായി തോന്നിത്തുടങ്ങി. ഇപ്പോൾ ഈ മഴയും!! ഞാൻ അകായിലേക്കു നടന്നു. എന്റെ മുറിയിലേക്കു്. മഴമേഘങ്ങൾ മൂടി നിൽകുന്ന ആകാശത്തുനിന്നുള്ള ഇരുണ്ടവെളിച്ചം എന്റെ മുറിയിലൂണ്ടായിരുന്നു. ജനൽ പാളികൾ തുറന്നു കിടന്നു. പക്ഷേ മഴ വെള്ളം ഊത്താലടിക്കുന്നുണ്ടായിരുന്നില്ല. കരണ്ട് പോയിരിക്കുകയാണ്. കുറച്ചു സമയത്തിനുള്ളിൽ വരുമായിരിക്കും. എന്റെ മുറിയിൽ ഒരു പ്രത്യേക ഗന്ധം ഉള്ളതു പോലെ. പനിയുടെ ഗന്ധമാണോ? അല്ല, അതല്ല. ഇനി പപ്പടം ചുട്ടമണം ആണോ? ഞാൻ ഉള്ളിലൊന്നു ഭയന്നു. അമ്മ പറയുന്നതു കേട്ടിട്ടുണ്ട്. പപ്പടം ചുട്ടമണം കേൾകുന്നു എങ്കിൽ അടുത്തെവിടെയോ ഒരു സർപ്പം ഉണ്ടാവുമത്രെ. പക്ഷേ ഇതു ആ മണം അല്ല.ഇതു ചെമ്പകപൂക്കളുടേതാണ്. ഇതു മണം അല്ല. സുഗന്ധം ആകുന്നു.

മേശപ്പുറത്തെ ഒരു ചെറിയ കിണ്ണത്തിൽ അഞ്ചാറു ചെമ്പകപൂക്കൾ വെച്ചിരിക്കുന്നു.ഞാൻ രാവിലെ കൊണ്ടു വെച്ചതാണ്. ഉമ്മറ മുറ്റത്ത്, ഇടത്തേ അതിരിലായി, നിൽകുന്ന വെളുത്ത ചെമ്പക മരത്തിൽ നിന്നും വീണാതാണ് അവയൊക്കെ. അവയുടെ മണം എന്നെ ചില പഴയ ഓർമ്മകളിലേക്കു കൊണ്ടുപോയി. പുഴക്കരയിലെ ചെമ്പകമരച്ചുവട്ടിലെ സൌഹൃദത്തിന്റെ ഓർമ്മകളിലേക്കു, ഒരിക്കലും മറക്കാനാഗ്രഹിക്കാത്ത ഒരു മുഖബിംബത്തിന്റെ ഓർമ്മയിലേക്കു. ഞാൻ ജനാലയിലൂടെ പുറത്തേക്കു നോക്കി നിന്നു. തൊടിയിൽ ഒരു ചാത്തൻ കോഴി, ഒരു പിടയെ പ്രാപിക്കാൻ ഒരുമ്പെടുന്നുണ്ടായിരുന്നു, അവൾ അതി വിദഗ്ദ്ധമായി ചാത്തനിൽ നിന്നും കുതറി മാറി. പെട്ടെന്നെന്തൊ, ഖസാക്കിലെ രവിയും മൈമുനയും, ചെതലിമലയും ഒക്കെ എന്റെ ചിന്തകളിൽ ഓടിയെത്തി, ഒരു നിമിഷാർദ്ധത്തിൽ.

വിവാഹ ശേഷം അവളുടെ ജീവിതസഹയാത്രികനൊപ്പം വടക്കെവിടെയോ ആണ് എന്നു മറ്റൊരു സുഹൃത്തു പറഞ്ഞറിഞ്ഞു. ഒരിക്കൽ ടെലിഫോണിൽ സംസാരിച്ചിരുന്നു, ക്ഷണം ലഭിച്ചിരുന്നെങ്കിലും അവളുടെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ജോലിത്തിരക്ക്!! അതോ ഞാൻ മന:പൂർവ്വം പൂവാതിരുന്നതോ? അവൾക്കായി വാങ്ങിവെച്ച കൊച്ചു സമ്മാനം നൽകാനും കഴിഞ്ഞില്ല. ചുവന്ന നനുത്ത പട്ടുതുണിയിൽ പൊതിഞ്ഞ് ആ സമ്മാനം എന്റെ അലമാരിക്കുള്ളിൽ ഇരിക്കുന്നതു കണ്ട് അമ്മ കഴിഞ്ഞ ദിവസം അതു തുറക്കാൻ ശ്രമിച്ചിരുന്നു. ഞാൻ അതു തടഞ്ഞു. ഞാൻ പറഞ്ഞു. “അതു തുറക്കണ്ട്, വേറെ ഒരാൾകുള്ളതാണ്, അയാളെ കാണുമ്പോൾ ഞാൻ അതു കൊടുക്കുന്നുണ്ട്. എപ്പോൾ എന്നെനിക്കറിയില്ല” അലോസരപ്പെടുത്തുന്ന ഒരു നോട്ടം തന്നിട്ടു അമ്മ പുറത്തേക്കു പോയി.

മഴ കുറഞ്ഞു തുടങ്ങി. കറണ്ടു വന്നു. ഇട നേരത്തെപ്പോഴോ കട്ടിലിൽ കിടന്ന ഞാൻ മയക്കത്തിലേക്കു വീണതറിഞ്ഞില്ല. സന്ധ്യമയങ്ങിയപ്പോൾ വിളക്കു വെച്ച് അമ്മ നാരായണീയത്തിലെ ശ്ലോകങ്ങൾ ചൊല്ലുന്നുണ്ടായിരുന്നു. അതുകേട്ടാണ് ഞാൻ ഉണർന്നത്. നന്നായി വിയർത്തിരിക്കുന്നു, തലക്കു തോന്നിയിരുന്ന ഭാരവും വേദനയും കുറഞ്ഞിരിക്കുന്നു. പനിയും വിട്ടു.ശീവോതിക്കൂട്ടിൽ വെച്ചിരിക്കുന്ന വിളക്കിന്റെ വെട്ടം ചുവരിൽകാണാമായിരുന്നു. തിരിനാളത്തിന്റെ ആട്ടത്തിനൊത്തു, വാതിൽ പടിയുടെ നിഴൽ ആടുന്നതു നോക്കി ഞാൻ അവിടെ തന്നെ കിടന്നു. എനിക്കൊരു സംശയം തോന്നി, ഇരുട്ടിന്റെ സന്തതിയാണോ വെളിച്ചം അതോ വെളിച്ചത്തിന്റെ സന്തതിയോ ഇരുട്ട്!



തുടരും....