Monday, October 4, 2010

ഗതികം-3 ആഗമനം…

സന്ധ്യമയങ്ങിത്തുടങ്ങിയിരിക്കുന്നു. ഞാൻ പട്ടാമ്പി റെയിൽ‌വേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ അടുത്ത തീവണ്ടിയുടെ ആഗമനം പ്രതീക്ഷിച്ചിരിക്കുകയാണ്.  ഉച്ചക്കു തുടങ്ങിയ മഴയാണ്. അനവസരത്തിലുള്ളത്. പൊട്ടിപ്പൊളിഞ്ഞ റോഡു മുഴുവനും വെള്ളക്കെട്ടാണ്. അതിലൂടെ പാഞ്ഞും പറന്നും പോകുന്ന സ്വകാര്യ ബസ്സുകളും, ആ‍നവണ്ടികളും, ഇന്ന് സാധാരണക്കാരായ വഴിയാത്രക്കാർക്കു ഒരു  പേടിസ്വപ്നം തന്നെയാണ്.
വണ്ടി നാലു മണിക്കൂർ വൈകിയാണോടുന്നത് എന്ന കാര്യം സ്റ്റേഷനിൽ വന്നപ്പോഴാണ് അറിഞ്ഞത്. അല്ലെങ്കിലേ മൺസൂൺ ടൈമിംഗാ, അതിന്റെ മുകളിൽ ലേറ്റും... എനിക്കു ഭ്രാന്തായി..
 മഴയൊന്നു കുറഞ്ഞപ്പോഴാണ് ഞാൻ വീട്ടിൽ നിന്നിറങ്ങിയത്. ചാറ്റൽ മഴയിൽ ബൈക്ക് ഓടിക്കുന്നത് ഒരു ഹരമാ‍ണ്. നനുത്ത മഴത്തുള്ളികൾ വേഗത്തിൽ മുഖത്തു വന്നടിക്കുന്നതു ഒരു പ്രത്യേക സുഖം തന്നെ. ഞാൻ ആസ്വദിച്ചു തന്നെ വണ്ടി ഓടിച്ചു.
കാത്തിരുന്നെനിക്കു മുഷിപ്പ് തോന്നിത്തുടങ്ങി. എങ്കിലും ഈ കാത്തിരിപ്പിനൊടുവിൽ ഞാൻ ശന്തുവിനെ കാണുന്നു എന്നതു എനിക്കാഹ്ലാദം പകർന്നു.  തണുത്തു വിറച്ചു നിൽക്കുമ്പോൾ ഒരു കവിൾ കട്ടൻ‌ചായ കുടിക്കുമ്പോൾ ഉള്ള സുഖം. (കള്ളുകുടിയന്മാരുടെ ഭാഷയിൽ പറഞ്ഞാൽ, തണുത്തു വിറച്ചു നിൽകുമ്പോൾ ഒരു നൂറ് മില്ലി നാടൻ അകത്തു ചെന്നാൽ ഉള്ള സുഖം; ഉല്പ്രേക്ഷ കൃത്യമാണോ എന്നുള്ളതു പുറത്തു ചോദിച്ചിട്ടു പറയാം!!) എങ്കിലും ആ പൈലനു എന്നെ ഒന്നു വിളിച്ചു പറഞ്ഞൂടെ ട്രെയിൻ ലേറ്റ് ആണെന്നു. വരുന്നതിനു മുമ്പേ ട്രെയിൻസ് എൻ‌ക്വയറിയിൽ ഒന്നു വിളിച്ചു ചോദിക്കാനും തോന്നീല്ല. ഞാൻ എന്റെ മഴ നനഞ്ഞ പോക്കറ്റിൽ ഫോണിന് വേണ്ടു പരതി. ഹയ്യോ കാണുന്നില്ലല്ലോ, കൊണ്ട് കളഞ്ഞോ!! ദൈവമേ, പുതിയ ഫോണാ‍ണ്. കണ്ടു കൊതി തീർന്നിട്ടു പോലും ഇല്ല.
പെട്ടന്ന് തലക്കുമുകളിൽ ഒരു ലൈറ്റ് കത്തി. ബാലരമയിലെ മായാവിയിൽ കാണുന്ന പോലത്തെ ലൈറ്റ് അല്ല.. ക്രോം‌പ്ടന്റെ നല്ല ഒന്നാന്തരം നിയോൺ ലാമ്പ്. അതിന്റെ നല്ല ചുവപ്പു കലർന്ന ഓറഞ്ചു വെളിച്ചത്തിൽ എനിക്കോർമ്മവന്നു. ഉച്ചക്കു വീട്ടിൽ നിന്നിറങ്ങാൻ നേരത്താണ് ദേവിക്കുട്ടി വിളിക്കുന്നതു. കോൾ എടുത്തു സംസാരിച്ചു ഫോൺ അമ്മക്കു കൊടുത്തു ഞാൻ ഇങ്ങു വരികയാണുണ്ടായതു.. ഹോ!! ഈ നിയോൺ ലാമ്പ് ഇല്ലായിരുന്നെങ്കിൽ ഞാൻ ടെൻഷൻ അടിച്ചു ചത്തേനേ!! ഇനിയിപ്പോ നമ്മുടെ പയ്യൻസിന്റെ വിളിക്കാം എന്നു വച്ചാൽ നല്ലകാലത്തിനു അവന്റെ നമ്പർ ഞാൻ കാണാപാഠം ആക്കിയിട്ടില്ല. വേറെ പണിയില്ലല്ലൊ! അപ്പോ വണ്ടി വരുന്നതു വരെ ഞാൻ വെയ്റ്റ് ചെയ്യാൻ തീരുമാനിച്ചു.
ബൈ ദ വേ, ശന്തു എന്റെ പിതൃസഹോദരപുത്രൻ ആണ്. ഇന്നത്തെ മലയാളത്തിൽ പറഞ്ഞാൽ എന്റെ കസിൻ. ലവൻ വല്യ പഠിപ്പിന്റെ ആളാണ്. കണ്ടാൽ ഒരു അശു. മെലിഞ്ഞ്, എല്ലൊക്കെ പൊന്തി, മൊത്തത്തിൽ ഒരു സ്ലംഡോഗ് മില്ല്യണയർ രൂപം. പക്ഷേ ഗഡി ഉഷാറാ‍ണ്. എന്തൊക്കേയോ വല്ല്യ പഠിത്തം ഒക്കെ കഴിഞ്ഞ്, മുംബൈ മഹാനഗരത്തിലെ ഒരു വൻ‌കിട കമ്പനിയിൽ ജോലി ഒക്കെ കിട്ടി വലിയ ഹീറോ ആയുള്ള വരവാണ്. ഞാനും പഹയനെ കണ്ടിട്ടു ശ്ശി കാലായീർക്കുണു. രണ്ടുകൊല്ലം മുമ്പ് ജോലിക്കു ചേരുന്നതിനും മുമ്പെ ആണ് ഞാൻ അയാളെ അവസാനമാ‍യി കണ്ടതു. ദൈവമേ അവനെ കണ്ടാൽ എനിക്കും എന്നെ കണ്ടാൽ അവനും തിരിച്ചറിയണേ.
പ്ലാറ്റ്ഫോം വിജനമായിരുന്നു. പ്ലാറ്റ്ഫോമിന്റെ അങ്ങേ അറ്റത്തായി രണ്ട് തെരുവുപട്ടികൾ മാത്രം ഉണ്ട്. പിന്നെ സ്റ്റേഷനിലെ സ്റ്റാളിലെ ജീവനക്കാരനും. ഇടക്കിടക്കു ഒരു റെയിൽ‌വേപോലീസുകാരൻ വന്നെത്തി നോക്കി പോകുന്നുണ്ട്.
വണ്ടി കാത്തിരുന്നു ഞാൻ പതിയെ മയങ്ങിപോയി. മഴ നനഞ്ഞ കുപ്പായവും, റൈൽ‌വേ പ്ലാറ്റ്ഫോമിലെ തണുത്ത കാറ്റും ഉറക്കത്തിനു ഉൽ‌പ്രേരകങ്ങളായി. നാരീശബ്ദത്തിലുള്ള ഒരു അറിയിപ്പു കേട്ടാണ് ഞാൻ ഉണർന്നത്.
ക്ലിംക്ലും ക്ല്ക്ലൂ‍ങ്ങ്ങ്ങ് യാത്രക്കാരുടെ ശ്രദ്ധക്കു്, ലോകമാന്യതിലകിൽ നിന്നും തിരുവനന്തപുരം സെന്റ്റൽ വരെ പോകുന്ന ട്രേയിൻ നം. 6345 നേത്രാവതി എക്സ്പ്രസ്സ് പ്ലാറ്റ്ഫോം നം.  ഒന്നിൽ അല്പസമയത്തിനുള്ളിൽ എത്തിചേരുന്നതാണ്. ക്ലിക്ലൂങ് ക്ലിക്ലൂങ്ങ്!!
ഞാ‍ൻ കണ്ണ് തിരുമ്മി ഒന്നു ഞെളിഞ്ഞിരുന്നു. തണുപ്പത്ത് അത്രയല്ലെ പറ്റൂ!  അരമണിക്കൂറിനുള്ളിൽ ഒരേ അനൌൺസ്മെന്റ് 4 പ്രാവശ്യം ആവർത്തിച്ചു. പ്ലാറ്റ്ഫോമിന്റെ വടക്കേ അറ്റത്ത് ഒരു തെരുവുപട്ടിയുടെ രണ്ട് തിളങ്ങുന്ന കണ്ണുകളും ട്രാക്കിന്റെ അരികിൽ തെളിഞ്ഞു നിൽകുന്ന ഒരു ആമ്പർ കളർ ലൈറ്റും അല്ലാതെ വേറൊന്നും എനിക്കു കാണാൻ കഴിഞ്ഞില്ല. വീണ്ടും ഒരു ഇരുപതു മിനിട്ടിന്റെ മുഷിപ്പിന്റെ അന്ത്യത്തിൽ വടക്കെ അറ്റത്തായി വെളുത്ത വെളിച്ചം വരുന്നതു കണ്ടു. അതിന്റെ പ്രകാശതീവ്രത അനുനിമിഷം വർദ്ധിക്കുന്നുണ്ടായിരുന്നു. അങ്ങനെ ദൂരെ തിരിവിലായി ഒരു വെളുത്ത പൊട്ട് എന്റെ നേർക്ക് നീങ്ങി വന്നു തുടങ്ങി.അടുത്ത കുറച്ചു നിമിഷങ്ങളിൽ ട്രെയിൻ പ്ലാറ്റ്ഫോമിൽ വന്നു നിന്നു. ഒരു കാത്തിരുപ്പിന്റെ അന്ത്യം. എന്റെ മുന്നിൽ വന്നുനിന്ന ട്രെയിനിലെ അക്ഷമരായ യാത്രക്കാരുടെ കണ്ണുകളിൽ നിറഞ്ഞു നിന്ന രോഷവും, വിഷമവും ഒക്കെ എന്റെ നേർക്കാണെന്ന് എനിക്കു തോന്നി. ഇങ്ങനെ നോക്കാൻ ഞാൻ എന്തു തെറ്റാ ചെയ്തെ  എന്റെ ദൈവേ!!!
ഞാൻ അവിടെ തന്നെ ഇരുന്നു. ട്രെയിനിൽ നിന്നും ആകെ മൂന്നു നാലു ആൾകാർ ഇറങ്ങി പോയി, എന്റെ മുന്നിൽ നിന്ന എസ്-6 കമ്പാർട്മെന്റിൽ നിന്നും നമ്മുടെ കഥാ നായകൻ ശന്തു ഒരു ചെറു പുഞ്ചിരിയോടെ ഇറങ്ങി വന്നു.
ചെറു ഈർഷ്യയോടെ ഞാൻ ശന്തുവിനോട് തട്ടിക്കയറി, ട്രെയിൻ ലേറ്റാച്ചാ ഒന്നു വിളിച്ചു പറ്ഞ്ഞൂഡ്രാ‍ കൂതറ ചെക്കാ!!
അവനും വിട്ടില്ല!! ഞാൻ എന്താ ചീയ്യാ!! ഞാൻ കൊറെ വിളിച്ചതാ.. കണ്ണൂർ മുതൽക്കു. കോഴിക്കോടെത്ത്യപ്ലേക്കും അതിന്റെ ബാട്രി തീർന്നു. ഞാൻ വിളിച്ചപ്പൊ ഏട്ടനെന്താ ഫോണെടുക്കഞ്ഞേ? വീണ്ടും ലൈറ്റ് കത്തി; ഇത്തവണ ബാലരമ ടൈപ്!!!!. പുതിയ ഫോണിൽ എങ്ങനെയാ കോൾ എടുക്കുക, വിളിക്കുക എന്നൊന്നും അമ്മയ്ക്കു അറിയില്ല, പറഞ്ഞു കൊടുത്തപ്പോ അതു മനസ്സിലാക്കനുള്ള ക്ഷമയും അമ്മ കാണിച്ചില്ല. അച്ഛൻ അതു തൊട്ടതു തന്നെ ഇപ്പൊ പെറ്റു വീണ പൂച്ചകുട്ടീനെ തൊടണപോലെ ആയിരുന്നു. കയ്യൊക്കെ വിറച്ചു വിറച്ചു്!!
അപ്പോൾ അവൻ എന്നെ വിളിച്ചിരുന്നു. ഏട്ടൻ എന്ന നിലക്കു നമ്മൾ അതൊന്നും സമ്മതിച്ചു കൊടുക്കാൻ പാടില്ല്യല്ലൊ! ഞാൻ തിരിച്ചടിച്ചു.
ഞാൻ:  നീ എതു നമ്പർലിക്കാ ചെക്കാ വിളിച്ചേ, എനിക്ക് നിന്റെ ഒരു കാളും കിട്ടീല്യല്ലൊ, ഒരു മിസ്ഡ്കോൾ പോലും.ഞാൻ ഇത്രേം നേരം ഇവിടെ ഇരുന്നു നിമ്പസിൽ ചാറ്റി ഇരിക്ക്യാർന്നൂ..അതിന്റെടേലു, വിനീതും ദേവികുട്ടീം ഒക്കെ എന്നെ വിളിച്ചതാല്ലോ! നിനക്കു മാത്രം കിട്ടീല്യല്ലെ!! നീ വല്ല റോങ് നമ്പർലേക്കും ആവും വിളിച്ചതു.
ശന്തു:  പിന്നേ  ഒരു 20 വട്ടം റോങ്ങ് നമ്പറിൽക്കു വിളിച്ചാൽ ആരും എടുക്കാതിരിക്ക്യല്ലെ? അതും ഫുൾ സൈകിൾ റിങ് അടിക്കുമ്പോ!! ആളെ കളിയാ‍കാണ്ടെ പോ ഏട്ടാ!!.
ഞാൻ: എന്നാ ഇപ്പോ നീയൊന്നു വിളിച്ചെ, ഞാൻ നോക്കട്ടെ
ശന്തു: അതിനു ഫോൺ ചത്തിരിക്ക്യാ..  വീട്ടിൽ പോയിട്ടു കാണിച്ചു തരാം!!
ഞാൻ: “നീ 20 വട്ടം വിളിച്ചുട്ടും എടുത്തില്ല അല്ലെ. നീ വിളിക്കേം ചെയ്തു.  എനിക്കൊരു ഭയം നിനക്കു പണി കിട്ടീ എന്നാ തോന്നണേ.
മിക്കവാറും ആൽമഹത്യ ആവും മോനേ,  അതു വല്ല പെങ്കുട്ടീം ആണെങ്കിൽ തീർന്നു, നിന്റെ പണി.!! ആത്മഹത്യ ചെയ്യണ സമയത്തു നീ അവളെ വിളിച്ചു, നിന്റെ ആണ് അവസാനത്തെ കോൾ. നീ ആ സിം ഊരി കളഞ്ഞേക്കു ചെക്കാ.
നീ ആ പെങ്കുട്ടീനെ പറ്റിച്ചു, വേറെ എന്തൊക്ക്യോ ചെയ്തു(???), ആ കുട്ടീനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു. നാളെ കാക്കിയുടുപ്പുകാരു നിന്ന തപ്പി വന്നോളും. പിടിച്ചാ, ജാമ്യം കൂടി കിട്ടാത്ത വകുപ്പാ ഹോ!! നിന്നെ ഒളിപ്പിക്കാൻ നിന്നൂ എന്ന് പറഞ്ഞ് എന്നെ കൂടി പൂട്ടൂല്ലൊ എന്റെ ഈശ്വരാ

വന്നെറങ്ങിയപ്പോഴേക്കും ഈ മാതിരി ഡയലോഗ് കേട്ടപ്പോൾ ശന്തുവിന്റെ മുഖത്തു ചോരയുടെ ഒരു കണം പോലും ഇല്ലാതി ഒക്കെ ആവി ആയി പൊയി. ചെക്കനു ടെൻഷൻ ആയി.
ഫ്രെഷ് ആപ്പിൾ പോലെ ഇരുന്ന പയ്യൻസ്, തൃശൂര് ശ്കതൻ മാർകെറ്റിലെ ഫ്രൂട്സ് സ്റ്റാളിൽ വെയിലത്തു വെച്ചു നന്നായി വാടിയ ആപ്പിൾ പോലെ ആയി. അവന്റെ കണ്ണുകളിൽ സംശയവും, അങ്കലാപ്പും, ഭയവും,ദേഷ്യവും ഒക്കെ ഉത്സവത്തിന് അമ്പലത്തിലിടുന്ന മാലബൾബ് പോലെ മിന്നിത്തെളിയുന്നുണ്ടായിരുന്നു.

തുടരും..

യക്ഷി ഉണ്ടോ ഉണ്ടാവുമോ നമുക്കു കാത്തിരിക്കാം

Sunday, October 3, 2010

ഗതികം-2 ചിക്കൻ പോക്സും, വേവ് ഒപ്റ്റിക്സും പിന്നെ മൊബൈൽ ഫോണും….

ചിക്കൻ പോക്സും, വേവ് ഒപ്റ്റിക്സും. ഇവ രണ്ടും തമ്മിൽ എന്താണ് ബന്ധം? എനിക്കാകെപ്പാടെ തോന്നിയത് അവയുടെ വാലിലുള്ള ‘ക്സ്’ ബന്ധം മാത്രമാണ്. എങ്കിലും ഇവതമ്മിൽ എന്തോ ഒരു സംഭവം ഉണ്ട്. തലപുകഞ്ഞപ്പോൾ മനസ്സിൽ തെളിഞ്ഞ ബന്ധം ഇത്തിരി വളഞ്ഞ വഴിക്കാണ്. ചിന്ത പോയതു ഇങ്ങനെ- ഒരു പക്ഷെ ഇവർ രണ്ടു പേരും ഒരച്ഛനു രണ്ട് അമ്മമാരിൽ ജനിച്ച സന്തതികളാണെങ്കിലോ. ആ വഴിക്കാലോചിച്ചപ്പോൾ രണ്ടുമൂന്ന് രൂപങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നു. “ക്സ്”എന്ന കുറുകെനൂൽധാരിയും, രണ്ടു വൈശ്യ-ശൂദ്ര സ്ത്രീകളും.

ഇത്രയും ജീർണ്ണിതമാണോ എന്റെ മനസ്സു. ഞാൻ സ്വയം ശപിച്ചു. ഇടത്തോട്ടു തിരിഞ്ഞു നോക്കിയപ്പോൾ എന്റെ അലമാരയുടെ വാതിലിൽ ഉള്ള കണ്ണാടിയിൽ തെളിഞ്ഞ ഞാൻ എന്നോടു് ഇങ്ങനെ മൊഴിഞ്ഞു. “നിനക്കു ഇതൊക്കെ അർദ്ധോക്തിയിൽ ആലോചിച്ചപ്പോൾ ഇത്രയും ജീർണ്ണത്വം തോന്നി. അപ്പോൾ ഇത്തരം വൈകൃത്യങ്ങൾ നിർല്ലോഭം ചെയ്തിരുന്ന ആ ശ്രേഷ്ഠകുലജാതരുടെ മനസ്സും, അവരുടെ പിന്മുറക്കാരുടെ മനസ്സും എത്രത്തോളം കലുഷിതമാകണം??” ഓം നമ:

ശരി ശരി വിഷയ വ്യതിചലനം വേണ്ട. സംഗതി നോക്കാം.

ചിക്കൻ പോക്സ് എന്താണെന്നു നമുക്കറിയാം. നമുക്കെല്ലാം ഒരിക്കൽ അനുഭവഭേദ്യമായ, അല്ലെങ്കിൽ ഒരിക്കലെങ്കിലും അനുഭവഭേദ്യമാവാൻ ഭാഗ്യം സിദ്ധിക്കേണ്ട ഒന്നാണ് ചിക്കൻ പോക്സ്. അതൊരു സംഭവമാണ്. ഇതൊരു വായുവിലൂടെ പകരുന്ന വൈറൽ രോഗം ആണ്. അലോപ്പതിയിലും, ആയുർവേദത്തിലും ഇതിനു ചികിത്സ ഇതുവരെ പറഞ്ഞതായി കേട്ടിട്ടില്ല. ഹോമിയോ മഹാന്മാർ ഇത് ചികിത്സിച്ചു ഒരു വഴിക്കാക്കുന്നുണ്ട് എന്നാണ് കേൾവി. അലോപ്പതിക്കാർ ചിക്കൻപോക്സിനെതിരായി വാക്സിൻ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. അങ്ങനെ ആവാതിരിക്കാൻ തരമില്ലല്ലോ! കാരണം ഇപ്പോൾ വിപണിയിൽ കൂടുതൽ വില്പനയുള്ള മരുന്നു ഒരു ബഹുരാഷ്ട്രകുത്തകഭീമന്റെ സ്വന്തമായതുകൊണ്ട് മികച്ച ഫലപ്രാപ്തി ഷുവർ ആണ്. പക്ഷെ ആ മൂന്നു ഡോസ് ഫുൾ കോഴ്സ് വാക്സിന്റെ വില കേട്ടാൽ ഏതവനും തോന്നും, വാക്സിനേക്കാൾ നല്ലതു അസുഖം വന്നു പോകുന്നതാണെന്നു തോന്നും.

സംഭവം ഒന്ന് ദേഹത്തു കൂടിയാൽ, സംഗതി ഗംഭീരമാണ്. മേലാകെ പൊളുകം വന്നു പുളകം കൊള്ളും. വീട്ടിലാണെങ്കിൽ ഇഷ്ടംപോലെ മുന്തിരിങ്ങയും ഓറഞ്ചും ഇളനീരും ഒക്കെ തരും. ആര്യവേപ്പില വിരിച്ച പായിലോ നിലത്തോ സ്വസ്ഥമായി കിടത്തി മുറിയുടെ വാതിൽ പുറത്തു നിന്നടച്ചു കുറ്റിയിടും.

തമിഴ് നാട്ടിൽ ഇതു വന്നാൽ പിന്നെ ആ വീട്ടിൽ ഉത്സവമാണത്രേ. എത്രത്തോളം ശരിയാണെന്നു ഒരു അറിവും ഇല്ലാട്ടോ!. വന്നാൽ പിന്നെ 15-20 ദിവസം സ്വാഹ:! ശരിക്കും അർമ്മാദിക്കാം. പ്രവാസിക്കാണെങ്കിൽ സഹമുറിയന്മാരുടെ ശാപവാക്കുകൾ ഏറ്റുവാങ്ങി അവരുടെ ഗംഭീരൻ അഭിനയ മുഹൂർത്തങ്ങൾ കണ്ടു പുളകിതനാവാം. അപ്പോൾ അതാണു സംഭവം.



രണ്ടാമത്തെ സന്തതി- വേവ് ഓപ്റ്റിക്സ്. ഇതു ഭൌതികശാസ്ത്രത്തിലെ ഒരു പഠന വിഭാഗമാണ്.ഇതിൽ തരംഗങ്ങളെ പറ്റി പ്രതിപാദിക്കുന്നു. അവയുടെ സ്വഭാവവും, സ്വഭാവദൂഷ്യവും ഒക്കെ. അനുഭവത്തിന്റെ വെളിച്ചത്തിൽ അഹങ്കാരത്തോടുകൂടിത്തന്നെ പറയട്ടെ, ഇത് പഠിക്കാൻ എപ്പോഴെങ്കിലും തോന്നിയാൽ പിന്നെ അമാന്തിക്കരുത്. ആത്മഹത്യതന്നെ രക്ഷ. പുസ്തകം തുറന്നു ഒരു പത്തു മിനുട്ടിനുള്ളിൽ തന്നെ നിങ്ങളുടെ കണ്ണിനുമുമ്പിൽ കൂടി വിവിധ തരം തരംഗങ്ങൾ പറന്നു നടക്കാൻ തുടങ്ങുന്നെങ്കിൽ, ഉടൻ പുസ്തകം അടച്ചു വെക്കേണ്ടതാണ്. തുടർച്ചയായി ഇതേ സംഗതി ആവർത്തിക്കുന്നെങ്കിൽ, നിങ്ങൾ വേറേ എന്തെങ്കിലും പഠിക്കാൻ തുടങ്ങുകയാണെ നല്ലതു. ഒരു സൈക്യാർട്രിസ്റ്റിന്റെ ഉപദേശം തേടുന്നതും നല്ലതയിരിക്കും.

ഇനീ എന്റെ സംശയത്തിലേക്കു.

ചിക്കൻപോക്സ് വായുവിലൂടെ പകരുന്നു. മൊബൈൽഫോണിന്റെ ബഹിർസ്ഫുരണ തരംഗങ്ങൾ വായുവിലൂടെ സഞ്ചരിക്കുന്നു. ഇത്രയും സങ്കല്പം,



എന്റെ ഒരു സുഹൃത്തിന്റെ ഏറ്റവും പുതിയ ഒരു സിദ്ധാന്തം ഗംഭീരമായിരുന്നു. ചിക്കൻപോക്സു മൊബൈൽ ഫോണിലൂടെ പകരാം. അദ്ദേഹത്തിന്റെ വിവരണം ഇങ്ങനെ ആയിരുന്നു.



ഞാൻ ടെക്നിക്കലി അത്ര സൌണ്ട് അല്ലാത്തതുകൊണ്ട് അദ്ദേഹം അനലോഗ് സാങ്കേതികതയുടെ അടിസ്ഥാന അറിവു മുതൽ എല്ലാം എനിക്കു പറഞ്ഞുതന്നു. അയാൾ ചോദിച്ചു. എടാ കുചേലാ, നിനക്കറിയോ ഈ വയർലെസ്സ് സംപ്രേഷണ രീതി എങ്ങനെ എന്നു. അയൾ ചിത്രസഹിതം വിവരിച്ചു. പണ്ടു ഹൈസ്കൂളിൽ ഫിസിക്സ് പഠിപ്പിച്ച സദ്ദാം മാഷിനെ വെറുതെ ഒന്നു ഓർത്തു.

ക്ലൈമാക്സ് ഇങ്ങനെ….

ഗുരുവര്യൻ തുടർന്നു: ഇനി ചിക്കൻപോക്സ് മൊബൈലിലൂടെ പകരുന്നതു നോക്കാം. ഒരു ചുക്കൻപോക്സ് രോഗിയുടെ കയ്യിൽ മൊബൈൽഫോൺ. അതിലേക്കു വിളിക്കുന്നതു രോഗം വരാത്ത ഒരു സാധാരണക്കാരൻ. രോഗി സംസാരിച്ചു തുടങ്ങി.അയാൾ സംസാരിക്കുന്നതിന്നിടയിൽ ഉമിനീർതുള്ളികളിലൂടെയും നിശ്വാസങ്ങളിലൂടേയും ഒക്കെ നിരവധി രോഗാണുക്കൾ ഫോണിലേക്കു തെറിച്ചു വീഴുന്നു. മനുഷ്യശരീരത്തിൽന്നും തെറിക്കുന്ന വൈറസുകൾ അർദ്ധസുഷുപ്തിയിൽ ഫോണിന്റെ പ്രൊസെസ്സിങ്ങ് സിസ്റ്റത്തിലൂടെ അതിൽനിന്നും ബഹിർഗ്ഗമിക്കുന്ന വൈദ്യുതകാന്തിക തരംഗങ്ങളുടെ ക്രസ്റ്റുകളിലും, ട്രഫുകളിലും സന്നിവേശിക്കപ്പെടുന്നു. ആ തരംഗങ്ങൾ സേവനദാതാവിന്റെ ശൃംഘലയിലൂടെ ലക്ഷ്യസ്ഥാനത്തെത്തുന്നു. ലക്ഷ്യത്തിലെ ഉപയോക്താവിന്റെ ഫോൺ തരംഗങ്ങളിൽ നിന്നു വൈദ്യുതസിഗ്നലുകളാക്കിവേർപെടുന്ന സമയത്ത് രോഗാണുക്കൾ ഫോണിൽ സ്വതന്ത്രമാക്കപ്പെടുകയും, അരോഗിയായ ഉപയോകതാവിൽ കുടിയേറുകയും ചെയ്യുന്നു. അവിടെ പ്രവർത്തിച്ചു പുതിയ രോഗിയെ സൃഷ്ടിക്കുന്നു.

അയാൾ ഇത്രയും ഭംഗിയായി സചിത്രം, തെളിവുകളോടുകൂടി ആത്മവിശ്വാസത്തോടെ പറഞ്ഞപ്പോൾ എനിക്കും ഒരു സംശയം. ഇനിയിപ്പോ ബിരിയാണി കൊടുക്കുന്നുണ്ടാവുമോ??

അല്ല സോറി, ഇനിയിപ്പോ ഇങ്ങനേം അസുഖം പകരുമോ??പകർന്നാലോ!!

സംശയ നിവാരണത്തിനായി പാണ്ടിനാട്ടിലെ ഒരു കിടിലൻ സർവ്വകലാശാലയിൽ പഠിക്കുന്ന സുഹൃത്തിനോട് ഞാൻ ഇതൊന്നു ചോദിച്ചു. കഷ്ടകാലത്തിനു അയാൾ ഫിസിക്സ് ആണു പഠിക്കുന്നത്. ഞാൻ അല്ലേ സംശയം ചോദിക്കുന്നത്, ഒട്ടും കുറക്കണ്ടാ എന്നു കരുതി ഞാനും കുറച്ചു മസാല നിർബാധം ചേർത്തു. അയാൾകും സംശയം, ഇനി ബിരിയാണി കൊടുക്കുന്നുണ്ടാവുമോ???

ഇതുവരെ എനിക്കു സംശയ നിവാരണം ലഭിച്ചില്ലെങ്കിലും, നമ്മുടെ വിദ്യാർത്ഥി സുഹൃത്ത് തന്റെ പ്രൊഫസ്സറോട് കാര്യം തിരക്കുകയും, സാഹചര്യവശാൽ ഇന്റേർണൽ മാർകിന്റെ സമയത്ത് തന്നെ കളിയാക്കിയതാണെന്നു തെറ്റിദ്ധരിച്ചു പ്രൊഫസ്സർ അയാൾക് ഒപ്റ്റിക്സിൽ ആ സെമസ്റ്ററിൽ കിട്ടേണ്ട ഇന്റേർണൽ മാർക് തടഞ്ഞു വെയ്ക്കുകയും ചെയ്തു എന്നാണ്ട് കേട്ടത്…

പാവം എന്റെ സംശയത്തിന്റെ ഇര അയാളായിപ്പോയതിന്റെ വിഷമത്തിൽ ഞാൻ ബർദുബായിലെ കാമത്ത് റെസ്റ്റോറന്റിൽ കയറി രണ്ട് തൈരുവട കൂടുതൽ കഴിച്ചു തൃപ്തിയടഞ്ഞു.





നാളെ വേറൊന്നു, യക്ഷികൾ ശരിക്കും ഉണ്ടോ?? ഉള്ളതാണോ….