Tuesday, January 5, 2010

ഒരു വർഷാന്ത്യത്തിൽ

അങ്ങനെ ഒരു ഡിസംബർ കൂടി കടന്നു പോകുന്നു.ഗുരുവിനും തോന്നി ഒന്നു തിരിഞ്ഞു നോക്കാൻ. കഴിഞ്ഞ ജനുവരിയിലെ കോച്ചുന്ന തണുപ്പുമുതൽ, ആർദ്രമായ ഏപ്രിൽ മാസത്തിലൂടെ, അത്യുഷ്ണത്തിന്റെ ജൂലായ് ആഗസ്റ്റ് മാസങ്ങൾ ചാടിക്കടന്ന്, ഒക്ടോബറിലെയും,നവംബറിലേയും മഴ നനഞ്ഞ്, വീണ്ടും തണുത്തുറഞ്ഞ ഒരു ഡിസംബർ. കഴിഞ്ഞുപോയ മുന്നൂറ്റി അറുപത്തിനാലു ദിവസങ്ങളിൽ നിന്നായി, പെറുക്കിയെടുക്കാൻ, ഗുരുവിനു മറ്റുള്ളവരേപ്പോലെ നേട്ടങ്ങൾ ഒന്നും ഇല്ലായിരുന്നു എന്നു തോന്നി. എന്നാൽ കൈവഴുതിപ്പോയ പലതും, നഷ്ടങ്ങളുടെ ഒരു നെരിപ്പോടു ബാക്കിയാക്കിയിരുന്നു. ഒരുപക്ഷെ ഈ ഡിസംബറിലേയും, ജനുവരിയിലേയും, തണുപ്പകറ്റാനായിട്ടെന്ന പോലെ!!!
ഗുരുവിന്റെ കുറിപ്പുകളിൽ വിരക്തിയൂടെ വൈരൂപ്യം ഞാൻ അറിഞ്ഞു.
നേട്ടങ്ങളിലേക്കു നോക്കിയപ്പോൾ കണ്ടത് ആദ്യം, കുറച്ചു നല്ല കൂട്ടുകാർ. കൊടുങ്ങല്ലൂരാൻ, വിമുക്തവ്യോമൻ, മാർജ്ജാരജാഗ്രതൻ, തെക്കൻ,താമരശ്ശേരി...തുടങ്ങിയവർ. നഷ്ടങ്ങളും അതുപോലെ. മനസ്സു നീറ്റുന്ന ചില നഷ്ടങ്ങൾ. ഒരിക്കലും നഷ്ടപ്പെടരുതേ എന്നു മാത്രം ആഗ്രഹിച്ചിരുന്ന ചിലർ, എന്റെ നാട്, എന്റെ ഇരിപ്പിടം.പിന്നെ എന്നെതന്നെയും.
ഏന്തായിരുന്നിരിക്കും ഗുരുവിന്റെ മനസ്സിലെന്നു എനിക്കു മനസ്സിലായില്ല. അയാൾ പലപ്പൊഴും അങ്ങനെയാണ്
കഴിഞ്ഞ ജനുവരി പിറന്നതു ഒരു വ്യാഴാഴ്ചയായിരുന്നു. നാലാം ദിനം മുതൽ തണുത്ത വെളുപ്പാങ്കാലത്തെ അഞ്ചരക്കുള്ള വണ്ടിക്കു തെക്കു പടിഞ്ഞാറേക്കു വെച്ചു പിടിചു. വർഷത്തിൽ ഒരു ദിവസം പോലും അവധിയില്ലാത്ത പ്രഭാതർക്കന്റെ വരവിനു മുമ്പെ തന്നെ ആഴ്ച ദിവസങ്ങളിൽ ഞാൻ എന്റെ ഇരിപ്പിടത്തിൽ ചെന്നിരിക്കും. ഫിൽറ്റർ കോഫിയുടെ രുചിആസ്വദിച്ചു കൊണ്ടു ഒരു മാത്രുഭൂമിയും കടിച്ചു പിടിച്ചു തുടങ്ങുന്ന ദിനം മിക്കവാറും അവസാനിക്കുന്നത് വൈകീട്ടു ഒറ്റക്കു വെച്ചുണ്ടാക്കിയ കടലക്കറിയും, വെറുങ്ങലിച്ച ചപ്പാത്തിയും കഴിച്ചു കൊണ്ടായിരിന്നു. അതിനു ശേഷം ചിരപുരാതനം മുതൽ, പോസ്റ്റ് മോഡേൺ വരെയുള്ള തമിഴ് സിനിമകളുടെ ക്ലൈമാക്സിൽ ഒരു ഉറക്കം. നമ്മൾ ഒക്കെ ഉറങ്ങാൻ കാത്തിരിക്ക്യാർന്നു, രാവില്യാവാൻ വേണ്ടീട്ടു എന്നു പോലും തോന്നീട്ടുണ്ട് അന്നൊക്കെ. ഹൊ! സമ്മതിക്കെണം.!! അങ്ങനെ നിരർത്ഥകമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ദിനങ്ങൾകിടയിലാണു പൊടിപിടിച്ചുകൊണ്ടിരിക്കുന്ന ഒരു സൌഹ്രുദം ഞാൻ പൊടി തട്ടിയെടുത്തത്. ഒരുപാടുനാളത്തെ ഇടവേളക്കു ശേഷം എങ്ങനേയോ അവളെ ഞാൻ കണ്ടുമുട്ടി.
അന്നു അവളുടെ ശബ്ദത്തിൽണ്ടായിരുന്ന വിഷാദഭാവം എന്നെ അൽഭുതപ്പെടുത്തി. എന്തെ എന്ന ചോദ്യത്തിനു ആൾകൂട്ടത്തിൽ ഒറ്റപ്പെട്ടു നിൽകുന്ന ആർകും ഉണ്ടാവുന്ന വിഷാദാവസ്ഥയെന്ന് അവൾ മറുപടിയേകി. അവിശ്വാസമായിരുന്നു എന്റെ നിശ്വാസങ്ങളിൽ എനിക്കനുഭവപ്പെട്ടതു. ഗുരു പറഞ്ഞു. എങ്കിലും അവളുടെ ശബ്ദത്തിൽ അനുഭവപ്പെട്ട ഏകാന്തതയും, നഷ്ടബോധവും ഗുരു തിരിച്ചറിയാൻ തുടങ്ങിയിരുന്നു. അന്നവൻ നിശബ്ദമായിഅവളോടു പറഞ്ഞു. നിനക്കൊന്നും നഷ്ടപ്പെട്ടിട്ടില്ലാല്ലോ! അർത്ഥമില്ലാത്ത, നിലനില്പില്ലാത്ത ചില സ്വത്വമാണു നിന്നിൽ നിന്നും ഊർന്നിറങ്ങിയതു എന്നു മനസ്സിലാക്കുക.
അവന്റെ വാക്കുകളെ അവൾ ഒരു ജല്പനമായി മാത്രമേ കണ്ടുള്ളൂ. എങ്കിലും അതൊരു തുടക്കമായിരുന്നു. ചിന്തകളുടെയും, വാഗ്വാദങ്ങളുടെയും, ജല്പനങ്ങളുടെയും, പിന്നീടുള്ള വേർപാടിന്റേയും. ആ ഇടക്കാണു ഒരു ദിവസം സ്വന്തം ഇരിപ്പിടം ഗുരുവിനു നഷ്ടമായതു. പിന്നീടുള്ള ദിനങ്ങളിൽ ഒരു ഇരിപ്പിടം കിട്ടാനുള്ള അയാളുടെ നെട്ടൊട്ടത്തിൽ അയാൾകു നഷ്ടമായതു അയാളെ തന്നേയായിരുന്നു. ഒന്നരമാസത്തിനു ശേഷം വക്ക്പൊട്ടിയതും ഒരു ആൽതറയിൽ ഒരു ഇരിപ്പിടം അയാൾ കരസ്ഥമാക്കി.Though compromising a lot of his interests!! തീരെ വയസ്സനായാ ആ ആൽമരത്തിൽ ഇലകൾ തുലോം കുറവായിരുന്നു, ഒരുപക്ഷെ വേരുകൽ ദ്രവിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നിരിക്കും. പലപ്പോഴും അങ്ങനെ തന്നെയല്ലേ സംഭവിക്കാറുള്ളതു.
അതിനിടക്കു പലായന ഭൂമിയിലേക്കു ഒരു സന്ദർശനം, ഗുരുവിനു അതു ഒരിക്കലും ഒരു നല്ല അനുഭവമായിരുന്നില്ല. അവിടെ തന്റെ പല നഷ്ടപ്പെടലുകളും, നെഞ്ചിൽ തറച്ച കൂരമ്പ്കളെപ്പോലെ വേദനിപ്പിച്ചു. ഒന്ന് മറ്റൊന്നിനേക്കാൾ എന്ന പോലെ അവ മത്സരിച്ചു. അന്നു കൂടിച്ച പാല്പായസത്തിനു പോലും മനംപരട്ടുന്ന ഒരു കയ്പ് അയാൾ അനുഭവിച്ചു.
കഴിഞ്ഞ വർഷംഗുരുവിന്റെ എറ്റവും വലിയ നഷ്ടമായതു ഒരു സുഹ്രുത്തിന്റെ വേർപാടായിരുന്നു.അയാളെ കാണാൻ വേണ്ടിപുറപ്പെട്ടതും, പകുതിവഴിയിൽ തിരിച്ചു പോന്നതും ഗുരു എന്നോടു പറഞ്ഞു. സത്യം പറയാല്ലോ, ഒരു പക്ഷെ അന്നുമുതൽ ആയിരിക്കാം ആ സുഹ്രുത്തിനു ഗുരുവിനോടു അകൽച തോന്നിതുടങ്ങിയതു. പോകുമ്പോൾ അയാൾ പറഞ്ഞുവത്രെ, ഗുരുവിനെ കാണാൻ വീണ്ടും ഇടക്കു വരുമെന്നു. ഒരിക്കലും മറക്കില്ലെന്നു. അന്നു ഗുരു സൌമ്യനായി അയാളോറ്റു പറഞ്ഞതു ഞാൻ കേട്ടിരുന്നു, ആരുതും ഇനിയൊരിക്കലും, വരരുതു, ഓർതുവയ്ക്കരുത് മറന്നു വിട്ടേക്കൂ‍ം നിനക്കു മംഗളം. ഇടക്കു ഗുരുവിന്റെ ചെയ്തികൾ കണ്ടാൽ കരണം അടിച്ചു പുകയ്ക്കാൻ തോന്നും.ഒരു വഴിക്കു പൊയിട്ടു, പകുതിയിൽ വച്ചു തിരിച്ചു വരിക, ഛെ മൂണയില്ലാത്തവൻ, ശനിയൻ..,
“മതി തന്റെ വിവരണം. ഇയാൾടെ കൊല്ലാവസാനത്തെ ബലൻസ് ഷീറ്റും, ലാഭ നഷ്ടവിവരണവും കേൾക്കാൻ എനിക്കു സമയമില്ല“… എന്നും പറഞ്ഞ് ഞാൻ പോകാൻ ഇറങ്ങി. എനിക്കു പിന്നെ അയാളെ കാണാൻ ലജ്ജ തോന്നി. അയാളുടെ നേട്ടങ്ങളും നഷ്ടങ്ങളും,ചിന്തകളും, സംശയങ്ങളും പങ്കുവെക്കുവാൻ പറ്റിയ ഒരു ചങ്ങാതിയാവാൻ കഴിയാത്തതിൽ, പിന്നെ എന്റെ : അഹം-മമ: എന്ന ജല്പനത്തിൽ അമർഷവും.
ഗുരൂ….. മാപ്പ്…
ഗുരു പിന്നീടൊന്നും എന്നോടു പറഞ്ഞില്ല. പറയാൻ ഒന്നുമില്ലായിരുന്നിരിക്കാം. അല്ലെങ്കിൽ, അയാൾകു താല്പര്യമില്ലാതായിരുന്നിരിക്കാം. പക്ഷെ, അയാൾ ഒന്നും പറഞ്ഞില്ല.
പുതിയ വർഷത്തിലും ഗുരു തന്റെ ഇരിപ്പിടത്തിൽ വന്നിരുന്നു. അതു തുടരുമെന്നു എനിക്കറിയാമായിരുന്നു. ആ ആൽതറയിലിരിക്കുമ്പോൾ ഒരിക്കലും അയാൾകു ശാന്തനായി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല എങ്കിൽ കൂടിയും അവിടെ ഇരിക്കുമ്പോൾ ഗുരുവിന്റെ കണ്ണുകളിൽ നല്ല നാളേക്കുള്ള പ്രതീക്ഷകൾ ഉണ്ടായിരുന്നു.
ഉറക്കത്തിന്റെ നിത്യതയിലേക്കു കണ്ണും നട്ടു അയാൾ ആ ആൽതറയിൽ തന്നെ ഇരുന്നു.

No comments:

Post a Comment