Monday, January 3, 2011

ഉറക്കമുണരാത്ത രാത്രി

ഒരുപാടു ദിവസങ്ങളായിരിക്കുന്നു. എന്തൊക്കെയോ കയ്യിൽനിന്നും വീണു പോയതുപോലെ. ചിന്തകളിൽ പോലും വിഭ്രാന്തി നിറഞ്ഞിരിക്കുന്നു. സ്വപ്നങ്ങളിൽ കാടത്തവും, ഭീകരതയും. മിഥ്യയിൽ വിടരുന്ന അഗ്നിക്കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നതു കാണുമ്പോൾ എനിക്കു ഭയം തോന്നുന്നുഉറങ്ങുമ്പോൾ ചെവിയിൽ ചിലമ്പിന്റെ കിലുക്കം ഞാൻ ഉറങ്ങുന്നതു മതിയാക്കി. എങ്കിലും കണ്ണു തുറക്കാൻ എനിക്കു ഭയമാണ്. മുറിയിലെ ഇരുട്ടും ഏകാന്തതയും എന്നെ പല്ലിളിച്ചു കാട്ടുന്നു.

ഞാൻ കോലായിലേക്കിറങ്ങി. നല്ല നിലാവുണ്ട്. പടിയിറങ്ങി നടന്നു. ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു അമ്മ അകായിൽ നിന്നും ചോദിച്ചു;
രാത്രി നീയെങ്ങ്ട്ടാ പോണതു്, ഒറങ്ങണില്ലേ?
ഒന്നും മിണ്ടാതെ ഞാൻ പുറത്തിറങ്ങി. പാടത്തെ ൽമരച്ചോട്ടിലിരുന്നു. ശിശിരം  തുടങ്ങിയിരിക്കുന്നു. ആൽ മരത്തിലെ ഇലകൾ ഒട്ടുമുക്കാലും കൊഴിഞ്ഞിരിക്കുന്നു. പടിക്കിലെ അനക്കം കണ്ട് ഷാരത്തെ പാറു ഗേറ്റിൽ വന്നു നോക്കി. പടിക്കൽ തെളിഞ്ഞു നിന്ന അവളുടെ രണ്ടു വെള്ളാരം കണ്ണൂകൾ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. എന്നെ അവൾ തിരിച്ചറിഞ്ഞിരിക്കണം , അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞോടി ഷാരത്തെ കോലായിൽ കേറി കിടന്നു.തണുപ്പുകൂടാൻ തുടങ്ങിയിരിക്കുന്നു. മഞ്ഞിറങ്ങുന്നുണ്ടെന്നു തോന്നുന്നു. ചെവിക്കുടകളിലും, കവിളുകളിലും തണുപ്പ്. കൊഴിഞ്ഞു തുടങ്ങിയ മുടിയിഴകൾക്കിടയിലൂടെ തണുപ്പ് എന്റെ തലയോട്ടിൽ തട്ടുന്നുണ്ടായിരുന്നു. പണ്ടൊരു ദിവസം വീടിന്റെ വടക്കുപുറത്തെ നടക്കല്ല്ലിലിരുന്നു പല്ലു തേക്കുമ്പോൾ അമ്മയുടെ കൈ തെറ്റി ചുടുകഞ്ഞി നിറഞ്ഞ പാത്രം എന്റെ തലയിൽ ചെരിഞ്ഞതു ഞാൻ ഓർത്തു പോയി.
ഇലപൊഴിഞ്ഞതു കൊണ്ടെന്നു തോന്നുന്നു, കാറ്റിൽ ആലമരത്തിൽ നിന്നും ദലമർമ്മരങ്ങൾ ഒന്നും കേൾകാനുണ്ടായിരുന്നില്ല. പഴുത്ത ആലിൻകായ്കൾ ഇടക്കോരോന്നായി കൊഴിയുന്നുണ്ടായിരുന്നു. പഴുത്ത് ഇലകളും. ഞാൻ ഉള്ളിലൊന്നു ചിരിച്ചു. എന്നാണ് ഞാനും പഴുത്തു തുടങ്ങുക!!
ഞാൻ ആതറയിൽ കിടന്നു. എന്തോ ഈയിടെ ആയി എന്റെ മുറിയിൽ എനിക്കുറങ്ങാൻ കഴിയുന്നില്ല. അറുത്തു മാറ്റപ്പെടുന്ന ബന്ധങ്ങളുടെ ചോരക്കറ മനസ്സിനെ കലുഷിതമാക്കുന്നുണ്ട്. കരിഞ്ഞ മാംസത്തിന്റെ ഗന്ധം എന്റെ നാസാരന്ധ്രങ്ങളെ അലോസരപ്പെടുത്തുന്നു. അമ്മ സന്ധ്യക്കു വാ‍യിക്കാറുള്ള നാരായണീയ സ്തോത്രങ്ങളിലും, നരായണ കവചത്തിലും മനസ്സുറക്കുന്നില്ല. ദൈവികതയിലെ മിഥ്യ എന്റെ മനസ്സിനെ കീഴടക്കിത്തുടങ്ങിയിരിക്കുന്നു.
ഈ ആലിൻ തറയിലിരിക്കുന്ന എന്റെ മനസ്സിലെ ചിന്തകൾ പരസപര വിരുദ്ധങ്ങളായി എന്നെ വിലയം ചെയ്യുകയാണ്. ഞാൻ ആലോചിച്ചു ഒരു പക്ഷെ ചിന്തകൾക്കും ഉണ്ടാകും ഒരു ക്വാണ്ടം മെകാനിക്സ്. അതി നൂതന ശാസ്ത്ര ശാഖയായ നോയെറ്റിക്സ് പറയുന്നതു ചിന്തകൾക്കും പ്രാർത്ഥനകൾക്കും ഉപേക്ഷണീയമെങ്കിലും ഒരു പ്രത്യേക പിണ്ഡവും വ്യാപതവും, ഉണ്ടെന്നാണ്. എങ്കിൽ അവയിൽ സബ്‌ആറ്റോമികങ്ങളേക്കാൽ ചെറുതെങ്കിലും ചില കണങ്ങൾ ഉണ്ടാവേണ്ടതും, അവക്ക് കൃത്യമായ ക്വാണ്ടം സ്വഭാവം ഉണ്ടാവേണ്ടതും അല്ലേ. കാടുകയറിത്തുടങ്ങുന്നു എന്റെ ചിന്തകൾ.
കാല്പനികത മാത്രമായിരുന്നു ഇതുവരെ മനസ്സിൽ ഉണ്ടായിരുന്നത്. നിതാന്തമായ വസന്തങ്ങളായിരുന്നു എന്റെ സ്വപ്നങ്ങളിൽ തെളിഞ്ഞിരുന്നത്. ഒർക്കലും മറക്കാനാവത്തവ!!പക്ഷേ ഈയിടെയായി സ്വപ്നങ്ങളിലും ഋതുവ്യത്യാസങ്ങൾ വന്നു തുടങ്ങിയിരിക്കുന്നുകൊടുങ്കാറ്റുകളും പേമരിയും, ഊഷരതയും ഒക്കെ. പൊടുന്നനെ ആയിരുന്നു മാറ്റം. മാറ്റം ആസന്നമായിരുന്നെങ്കിലും ഇത്രയും ചടുലമായി പ്രതീക്ഷിച്ചിരുന്നില്ല. ചിന്തകളിൽ പോലും വറുതി. ഓർമ്മകളിലും ക്ഷയിക്കുന്ന സന്തോഷങ്ങൾ.
സുകൃതക്ഷയം!! ഗുരുത്വ ദോഷം! അത്രമാത്രമേ എനിക്കും തോന്നിയുള്ളൂ. അസന്ദിഗ്ദ്ധമായ മനോവ്യാപരങ്ങൾ  ദിനചര്യകളിലും ഒരു പാടു മാറ്റങ്ങൾ കൊണ്ടു വന്നു. ഉറക്കിലും, ഊണിലും സ്വഭാവത്തിലും ഒക്കെ. കണ്ണുകളിൽ ഇരുട്ടുകയറിത്തുടങ്ങിയിരിക്കുന്നു. ചുറ്റുമുള്ള കാഴ്ചകളുടെ സൌന്ദര്യം ഇനിയും ആസ്വദിക്കാനാവത്തവണ്ണം ഞാൻ അന്ധനായിരിക്കുന്നു.

ഞാൻ ഇപ്പോൾ ഞാനല്ലാതാവുകയാണ്. ഞാൻ ആഗ്രഹിക്കാത്തതാണീ മാറ്റം. പക്ഷേ അതെന്നെ അത്രമേൽ കീഴ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ഇനിയൊരു തിരിച്ചു പോക്കില്ലാത്തവിധം!  ഇടിഞ്ഞ അൽതറയുടെ പഴയകല്ലുകൾക്കിടയിലെ കരിയിലകളിൽ ഒരു അനക്കം ഞാൻ കേട്ടു. നിലാവിൽ ഒരു മൂർഖന്റെ ശൽകങ്ങൾ തിളങ്ങുന്നുണ്ടായിരുന്നു. ആൽ‌തറയിൽ കിടക്കുന്ന എന്റെ ഇടത്തേ കയ്തണ്ടക്കരികിലൂടെ അതു ഇഴഞ്ഞു പോയി. ഉള്ളിലുള്ള ഭയത്തേ അമർത്തിപ്പിടിച്ചു ഞാൻ അനാങ്ങാതെ കിടന്നു. അപകടങ്ങളേതും ഏല്പിക്കാതെ ആ ഉരഗം ദൂരേക്കു പോയി. ആൽ‌ഖിരത്തിൽ ഇരുന്നിരുന്ന ഒരു മൂങ്ങ പറന്നിറങ്ങി ആ പാമ്പിനെ കാൽ നഖങ്ങളിൽ തൂക്കിയെടുത്തു കിഴക്കേ അറ്റത്തുള്ള മുളംകൂട്ടിലേക്കു ഞിടിയിടയിൽ പറന്നകന്നു. കടവാതിലുകൾ പറന്നെത്തി തുടങ്ങിയിരിക്കുന്നു. അതിൽ ചിലവ കരയുന്നുണ്ടായിരുന്നു.  ഒരു ഭീകരത അവിടെ തോന്നിത്തുടങ്ങി. എഴുന്നേറ്റു നിന്ന എന്റെ കാലുകളെ ഭയം ചലിപ്പിച്ചു.
ഗേറ്റ് അടച്ചു ഞാൻ കോലായിൽ കയറി ഇരുന്നു. ഉറക്കം എന്നെ വിട്ടകന്നിരിക്കുന്നു. ഞാൻ ആകുലനാണ്. ടൌണിലെ മെഡിക്കൽ ഷോപ്പിൽ നിന്നും കുറപ്പടിയില്ലാതെ വാങ്ങിയ ന്യൂജനറേഷൻ ആൻ‌ക്സിയോളിറ്റിക് രണ്ടെണ്ണമെടുത്തു കഴിച്ചു ഞാൻ ഉമ്മറത്തെ ചാരുകസേരയിൽ കിടന്നു എന്റെ കണ്ണിന്റെ പടിവാതിലിൽ വരുന്ന നിദ്രാദേവിയേ കാത്ത്‌. രാത്രിയുടേ അധോയാ‍മങ്ങളിലെപ്പോഴോ അവൾ എന്റെ കണ്ണുകളെ ആലിംഗനം ചെയ്തു. അപ്പോൾ ഞാൻ ഓർത്തു ഇനിയൊരിക്കലും ഈ നിദ്രയിൽ നിന്നുണരാതിരുന്നെങ്കിൽ എന്നു.
ആൻ‌ക്സിയോളിറ്റികിന്റെ ആധിഖ്യത്തിൽ എന്റെ മാംസ പേശികൾ തളർന്നു തുടങ്ങിയിരിക്കുന്നു. എന്റെ ഇടത്തേ തോളിലൂടെ ഒരു തണുപ്പരിച്ചിറങ്ങുന്നതു ഞാൻ അറിഞ്ഞു. കസേരയുടെ കൈപടിയിൽ നിന്നും എന്റെ കയ് താഴെ വീണു. കൈതണ്ടയിൽ നിന്നും തണുത്ത ഭാരവും വീണിരിക്കുന്നു. പതിഞ്ഞ ഒരു “ഹിസ്സ്” ശബ്ദം കേട്ടു പിന്നെ എന്റെ കൈപടത്തിൽ ഒരു നീറ്റലും. കറുപ്പു തേച്ചതെങ്കിലും മിനുത്ത നിലത്ത്  തെളിഞ്ഞ നിലാശകലത്തിലൂടെ തിളങ്ങുന്ന ശൽകങ്ങൾ അരിച്ചകലുന്നതു പാതിയടഞ്ഞ മിഴിയിലൂടെ ഞാൻ കണ്ടു. മിനിട്ടുകൾക്കുള്ളിൽ ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു. ആരുമറിയാതെ!!

ഞാൻ ആഗ്രഹിച്ച പോലെ ഇനിയൊരിക്കലും ഉണരാത്ത ഉറക്കത്തിലേക്കു




2 comments:

  1. നന്നായി എഴുതിയിരിക്കുന്നു.
    ആശംസകള്‍!!

    ReplyDelete