Monday, May 9, 2011

പൂരാവേശം.

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്‍ കൊടിയേറ്റ്‌ കഴിഞ്ഞു. ചമയങ്ങളൊരുങ്ങി. വെടിക്കോപ്പുകളും തയ്യാറായിക്കഴിഞ്ഞു. ഗജവീരന്മരും, മേളക്കാരും ആ സുദിനം കാത്തിരിക്കുന്നു. നൂറ്റാണ്ടിലധികം പഴക്കമുള്ള പൂരാഘോഷത്തിന് നാടും നാട്ടാരും ഒരുങ്ങിക്കഴിഞ്ഞു.


പൂരത്തിന്റെ വർണ്ണശഭളിമയ്ക്കിടയിലും ആഘോഷത്തിമിർപ്പിലും, മറന്നു പോകുന്ന, അല്ലെങ്കിൽ സൌകര്യപൂർവ്വം ഒഴിവാക്കുന്ന ചില കാര്യങ്ങൾ. അതിന്റെ ട്രിവിയ എത്രത്തോളം ഉണ്ടെന്ന് പറയാൻ കഴിയുന്നില്ല. പക്ഷേ ശ്രദ്ധിക്കപ്പെടാതിരിക്കാവുന്നതല്ല എന്നതുകൊണ്ട് പറഞ്ഞ് വരുന്നു എന്ന് മാത്രം.

ചമയത്തെ പറ്റിയാകാം തുടക്കം. ഇരു ദേവസ്വങ്ങളും, പൂരാഘോഷത്തിനായി ദശലക്ഷങ്ങൾ ചെലവഴിക്കുന്നുണ്ട്. അതിനു വേണ്ടതിലധികം വരുമാനം ആ ക്ഷേത്രങ്ങളിൽ നിന്നുണ്ട് എന്നത് നിസ്തർക്കമാണ്. എല്ലാവർഷവും, പൂരത്തിനുള്ള ചമയങ്ങൾ പുതുതായി തയ്യാറാക്കപ്പെടുന്നു എന്നതാണ് കേൾവി. ഏതൊക്കെയോ ചില കുടുംബക്കാർക്കാണ് അതിന്റെ പ്രധാന പാരമ്പര്യ ചുമതല എന്ന് പറഞ്ഞു കേൾകുന്നു. അതെന്തോ ആവകട്ടെ.

ആലവട്ടം, ചാമരം, കുടകൾ, നെറ്റിപ്പട്ടം, കാൽമണികൾ, തുടങ്ങിയവയാണ് പ്രധാനമായും ആനച്ചമയത്തിന്റെ ഭാഗങ്ങളായിട്ടുള്ളത്. എല്ലാ വർഷവും, നൂറുകണക്കിനു ജോഡി ആലവട്ടങ്ങളും, ചാമരങ്ങളും ആണ് നിർമ്മിക്കാറുള്ളത്.

ആലവട്ടങ്ങളുടെ നിർമ്മാണത്തിൻ മയിൽപീലികളും, അതിന്റെ തണ്ട്, മുത്തുകൾ, തുടങ്ങിയവയാണ് നിർമ്മാണ വസ്തുക്കൾ. യാക്കിന്റെ വാലിലുള്ള നനുത്ത രോമങ്ങൾ കൊണ്ടാണ് ചാമരം നിർമ്മിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഒരു വാർത്ത ഇവിടെ. മറ്റൊന്ന് ഇവിടെ

ഒരു ആലവട്ടത്തിന്റെ നിർമ്മാണത്തിനായിത്തന്നെ, നൂറുകണക്കിനു മയിൽ പീലികളാണ് ഉപയോഗിക്കുന്നത്. ഇതിനുള്ള മയിൽ‌പീലികൾ, മയിലിന്റെ ദേഹത്തു നിന്നു കൊഴിഞ്ഞു വീഴുന്നത് പെറുക്കിയെടുത്താണ് ഉപയോഗിക്കുന്നതെന്നു പറയുമ്പോൾ, അതിൽ ഇത്തിരിയെങ്കിലും, അതിശയോക്തിയില്ല്ലായ്കയില്ല എന്ന് തന്നെ കരുതാം. കാരണം ഇന്ത്യയൊട്ടുക്കുമായി, വർഷാവർഷം പതിനായിരക്കണക്കിന് ആലവട്ടങ്ങൾ നിർമ്മിക്കപ്പെടുന്നുണ്ട്. അവയ്ക്കൊക്കെ വേണ്ടത്ര മയിൽ‌പീലികൾ കൊഴിഞ്ഞു വീഴുന്നുണ്ടെന്ന് പറയുന്നത് വിശ്വസിക്കാൻ പ്രയാസമുള്ള കാര്യം തന്നെയാണ്. അങ്ങനെയെങ്കിൽ, ആ പക്ഷിയെ, അല്ല, പക്ഷികൂട്ടങ്ങളെ ഉപദ്രവിക്കാതെ ആലവട്ടങ്ങൾക് വേണ്ടിയുള്ള പീലികൾ തരപ്പെടുത്താനാവില്ല എന്നതു ദു:ഖകരമായ വസ്തുതയാണ്. ചിലപ്പോൾ കൊല്ലുകതന്നേയും വേണ്ടി വരുന്നുണ്ടാവാം. ദേശീയ പക്ഷി എന്ന നിലയിൽ, മയിലിനെ ഉപദ്രവിക്കുന്നതും, കൊല്ലുന്നതും ശിക്ഷാർഹമായ കുറ്റമെന്നിരിക്കെ, ഇത്രയും ആലവട്ടങ്ങൾകായി “പെറുക്കിയെടുക്കുന്ന” മയിൽ‌പീലികൾ വരുന്ന വഴികൂടി അന്വേഷിക്കേണ്ടിയിരിക്കുന്നു. അതുപോലെത്തന്നെ ടിബറ്റിൽ നിന്നും, ചൈനയിൽ നിന്നും ഒക്കെ വരുന്ന യാകിൻ മുടിയും ഇത്തരത്തിൽ തന്നെ ഉള്ളതാവാം. കമ്പിളിക്ക് വേണ്ടി ചെമ്മരിയാടിന്റെ രോമം വെട്ടിയെടുക്കുന്ന പോലുള്ള ഒരു പ്രവൃത്തിയാകാം ഈ രോമങ്ങൾകും ഉള്ളത്. ചെമ്മരിയാടിനോടുള്ള സമീപനത്തിലെ മാർദ്ദവം നാം പലപ്പോഴും കണ്ടിട്ടുള്ളതാണ്!

ഇവിടെ ഉയരുന്ന ചോദ്യം, ഈ കാലഘട്ടങ്ങളിലെങ്കിലും, ക്ഷേത്രാചാരങ്ങൾ എന്ന ലേബലിൽ ആഘോഷങ്ങൾകായി, ഇങ്ങനെ പക്ഷി മൃഗാദികളെ ഉപദ്രവിക്കുന്നത് നിർത്താൻ ആലോചിക്കാവുന്നതല്ലേ? അതിലേക്കുള്ള ചവിട്ടുപടിയായി, ആനച്ചമയങ്ങൾ നിർമ്മിക്കുന്നതിൻ മയില്പീലിയും, മൃഗരോമങ്ങളും ഉപയോഗിക്കാതിരുന്നുകൂടെ. അവയെ കിടപിടിക്കുന്ന സിന്തറ്റിക് വസ്തുക്കൾ നിർമ്മിക്കാൻ ഇന്ന സാങ്കേതികവിദ്യയിൽ വലിയ വിഷമമൊന്നും ഉണ്ടാവാൻ വഴിയില്ല.

ചാമരനിർമ്മാണത്തിനു എന്തുകൊണ്ട്, ചണനാരുകൾ (ജ്യൂട് ഫൈബർ)ഉപയോഗിച്ചുകൂട? അല്ലെങ്കിൽ എന്തുകൊണ്ട് പ്രത്യേകം സംസ്കരിച്ച പഞ്ഞിക്കെട്ടുകൾ ഉപയോഗിച്ചു കൂട? ഭാരമാണ് പ്രശ്നമെങ്കിൽ അതിനുള്ള പരിഹാരം കണ്ടെത്താൻ ഇന്നത്തെ ടെക്നോളജിക്ക് കഴിയില്ലേ?

ഈ ചോദ്യങ്ങൾക്ക് എന്തുകൊണ്ട് തൃശ്ശൂർപൂരം എന്ന് ചോദിച്ചാൽ എനിക്കുള്ള ഉത്തരം, ആ ഉത്സവത്തിന്റെ ജനപങ്കാളിത്തം തന്നെയാണ്. തൃശ്ശൂരിൽ കൊട്ടിക്കയറിയാലേ ഒരു മേളക്കാരൻ യഥാർത്ഥ മേളക്കാരനാവൂ എന്നാണ് വെയ്പ്പ്. അങ്ങനെയെങ്കിൽ ചില നല്ലമാറ്റങ്ങളുടെ തുടക്കവും തൃശൂർപൂരം തന്നെയാവട്ടെ!!

No comments:

Post a Comment