Monday, May 17, 2010

സന്താറ

ഈയിടെ വായിച്ച ഒരു ലേഖനത്തിന്റെ കാതൽ ദിവസങ്ങൾ കഴിഞ്ഞിട്ടു പോലും മനസ്സിൽ നിന്നും വിട്ടു മാറുന്നില്ല. അതിന്റെ ചുറ്റിപ്പറ്റി എന്തൊക്കേയോ അരുതായ്മ മനസ്സിൽ തോന്നിത്തുടങ്ങിയിരിക്കുന്നു.
സന്താറകളെപ്പറ്റിയായിരുന്നു ഞാൻ അന്നു വായിച്ചത്. ജൈന വിശ്വാസപ്രകാരം സന്താറ എന്നതു ഏറ്റവു സവിശേഷമായ മരണമാകുന്നു. സന്താറ അല്ലെങ്കിൽ സല്ലേഖനം. എല്ലാ പ്രാകൃതിക ചേദനകളേയും നിരസിച്ചുകൊണ്ട്, സ്വമേധയാ സ്വീകരിക്കുന്ന മരണം. പ്രധാനമായും, ഭക്ഷണ വിരക്തി പ്രായോഗികമാക്കിയാണ് സന്താറ അല്ലെങ്കിൽ സല്ലേഖനം സ്വീകരിക്കുന്നത്. ഉപവാസത്തിലൂടെ ഇഹവാസം വെടിയുന്ന രീതി. സാധ്വി ചരൺ പ്രഗ്യാജിയുടെ മരണം അതിനൊരു ഉദാഹരണമാണ്.
ഇതു ഒരുതരം ആത്മഹത്യയല്ലേ എന്ന് ചോദിച്ചാൽ പ്രായോഗികമായി അതേ എന്നു പറയാനേ നിർവ്വാഹമുള്ളൂ. പക്ഷേ ഇന്ത്യയിൽ മാത്രം വർഷത്തിൽ ലക്ഷത്തോളം സന്താറ അനുഷ്ഠിക്കപ്പെടുന്നുണ്ടത്രേ. പക്ഷേ മതാധിഷ്ടിതമായ ഒരു പ്രവർത്തിയെ നിയമസംഹിതക്കിടയിലേക്കു കൊണ്ടുവന്നു തടയിടാനും നിരോധം നടപ്പിലാക്കാനും ഇനിയൊരു രാജാറാം മോഹൻ റായിയോ, ശ്രീചിത്തിര തിരുനാൾ ബാലരാമ വർമ്മ മഹാരാജാവോ പുനർജ്ജന്മമെടുക്കും എന്നു പറയാൻ ഞാൻ ആളല്ല. അത്തരം ആർജ്ജവമുള്ള ഒരു ഭരണകർത്താവു ഇനിയൊട്ടു വരും എന്നും ഞാൻ കാംക്ഷിക്കുന്നില്ല.
മറിച്ച്, ഒരു വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ, ആത്മഹത്യയും, ദയാവധവും ഒക്കെ നിയമവിധേയമാക്കാൻ പുതിയ ഭരണഭേദഗതി പാർലമെന്റിലോ നിയമസഭകളിലോ അവതരിപ്പിക്കപ്പെടുമോ എന്നു മാത്രമേ ആശങ്കയുള്ളൂ.
വീണ്ടും സന്താറയിലേക്കു. ഭക്ഷണവും, വെള്ളവുംമടക്കമുള്ള ബാഹ്യചോദനകളെ ഉപേക്ഷിച്ചു, സന്താറ അനുഷ്ഠിക്കുമ്പോൾ വ്യക്തി, സ്വയം തിരഞ്ഞെടുക്കുന്നതാണ് ആ രീതി. ആത്മഹത്യ ഒരു വികാര പ്രക്ഷുബ്ധതയുടെ ബാക്കിപത്രമാകുമ്പോൾ, സന്താറയിൽ, പുനർവിചിന്തനത്തിനു സാധ്യതയുണ്ട്. ആത്മഹത്യ ഏകാന്തതയിലൂടെയുള്ള പരിസമാപ്തിയെങ്കിൽ, സന്താറയുടെ അവസാന ദിനങ്ങളിൽ, പ്രാർത്ഥനയും, നാമജപവും ഒക്കെ ആയി, ഒരുപാടു സജ്ജനങ്ങൾ വന്നു ചേരുന്നു. അവരുടെ സാമീപ്യം, അവസാന ദിനങ്ങളിൽ, വ്യക്തിയുടെ സന്തോഷത്തെ പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു. സംതൃപ്തമായ ഒരു ജീവതത്തിന്റെ പരിസമാപ്തിയാണ് സന്താറ. ഒന്നും നേടാൻ കഴിയാത്തവന്റെ, തോൽവിയുടെ കയ്പു നുണഞ്ഞ്, ഇനിയുള്ള ജീവിതത്തിനു അർത്ഥമില്ല എന്നു തോന്നുമ്പോൾ ഉള്ള കയ്ക്രിയയാണ് ആത്മഹത്യയെങ്കിൽ, തന്റെ കർമ്മം നിറ്വേറ്റിക്കഴിഞ്ഞു എന്നുള്ള തിരിച്ചറിവുനീ ശേഷമാണ് ഒരാൾ സന്താറയനുഷ്ഠിക്കുന്നതു്.
എനിക്കും ഇന്നൊരു ആഗ്രഹം തോന്നുന്നു, സന്താറ അനുഷ്ഠിക്കണം എന്ന്. പക്ഷേ എന്റെ കർമ്മം എന്താണെന്നു പോലും, ഞാൻ എന്നത് എന്താണെന്നുപോലും തിരിച്ചറിയാത്ത എനിക്കെങ്ങനെ സന്താറ ചെയ്യാൻ സാധിക്കും? അത് ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമല്ലേ ആവുക. ആത്മഹത്യയല്ലേ അതു്? അതിനു സന്താറയെന്നെ പാവനമായ അനുഷ്ഠാനത്തെ ഞാൻ കരിപൂശണോ?

No comments:

Post a Comment