Sunday, March 28, 2010

കാഴ്ച

ജനിച്ചിതെന്നാൽ ചാവുമൊരുറപ്പു തന്നെ!
തെക്കോട്ടെടുത്തെന്നോ ചുടുകാട്ടിൽ പോയെന്നോ പറയപ്പെടുന്നു.
നാടുനീങ്ങിയും കാലം ചെയ്തും, അന്തരിക്കുന്നോരും പലവിധം.
പിന്നൊരുകൂട്ടരോ രക്തസാക്ഷിത്വം പേറുന്നവർ!
ഞാനെന്ന സത്യം വർത്തമാനമെങ്കിലും,
ഞാനില്ലയെന്നതോ ഭൂതവും ഭാവിയും.
കണ്ണിമചിമ്മുന്ന വേഗമതിൽ പായുമ-സമയം-
കണ്ണിറുക്കുന്നിതെന്നെ നോക്കി, പല്ലിളിക്കുന്നിതെന്നെക്കളിയാക്കി
ഞാനൊന്നു നോക്കട്ടെ എൻചാരെയുള്ളോരെ,
കനിവുള്ളൊരമ്മയും, കാതുള്ളൊരച്ഛനും
കൈതപ്പൂ പോലുള്ള ഉടപ്പിറന്നോളും.
കാ‍ണാമറയത്തു പോയ് അവരൊക്കെയും.
കാണാനെനിക്കിന്നു കണ്ണില്ല.
കാഴ്ച തൻ കൂട്ടിൽ ഇരുട്ടിന്റെ ആഴിതന്നെ!
കാതിൽ ഇരുളിന്റെ സംഗീതവും കൂട്ടിന്നു
കടവാതിലിന്റെ ചിറകൊച്ചയും.
കണ്ടില്ല ഞാനെൻ ഗുരുക്കളെ, ഒട്ടുമേ
കേട്ടതുമില്ലവർതൻ പൊൻവാക്കുകൾ
കരണീയമെന്നുള്ളം ഉരചെയ്‌വതൊക്കെയും
കരുണയില്ലാതങ്ങു ചെയ്തുകൂട്ടി.
പിന്നെ തിരിച്ചറിയുന്നഞാൻ; അന്ധകാരം-
പുറത്തല്ല! ഹാ!! അതെന്നുള്ളിൽ തന്നെ.
ചേലൊത്ത കൺകളിൽ ഹുങ്കിന്റെയന്ധത
നിറമുള്ള കാഴ്ചകൾ മറയ്ക്കുന്നുവെന്നിൽ.
കൂടെയുള്ളോരൊക്കെയും ചൊല്ലുന്നു; നല്ലതു!
കാണാതെയിത്തരം ദുഷ്കാഴ്ചകൾ

No comments:

Post a Comment