Wednesday, March 31, 2010

ഓർമ്മക്കുറിപ്പുകൾ

ഗുരുവിന്റെ സഹായിയുടെ ഒരു ഫോൺ കാളാണ്‌ ഇന്നു കാലത്തു എന്നെ ഉണർത്തി. ഗുരുവിന്റെ മരണം സ്ഥിരീകരിച്ചു കൊണ്ടുള്ള സന്ദേശം എന്നെ ചകിതനാക്കിയിരുന്നു. ഏതു സമയത്തും ഇങ്ങനൊന്നു പ്രതീക്ഷിച്ചതാണെങ്കിലും കൂടി.
പിന്നീടു ഗുരുവിന്റെ വീട്ടിലേക്കെത്താൻ അധിക സമയം എടുത്തില്ല. ഞാൻ അവിടെ എത്തിയപ്പോഴെക്കും ആരൊക്കെയോ ചിലർ ഗുരുവിനെ കട്ടിലിൽനിന്നും എടുത്തു കിടത്തിയിരുന്നു. ആരേയും പ്രത്യേകിച്ചു കാ‍ത്തു നിൽകാൻ ഉണ്ടയിരുന്നില്ല. അകൽചയിലായിരുന്ന ചില അടുത്ത ബന്ധുക്കൾ എത്തിയിരുന്നു. അവർ ക്രിയകളെല്ലാം വളരെ വേഗം ചെയ്തു. ഉച്ചയോടുകൂടി ഗുരുവിന്റെ ശരീരം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. വൈകീട്ട്‌ വീട്ടിലെത്തിയ ഞാൻ ഗുരുവിന്റെ സഹായി എനിക്കു തന്ന, എന്റെ പേരിൽ എഴുതിവച്ചിരുന്ന അദ്ദേഹത്തിന്റെ ഒർമ്മക്കുറിപ്പുകൾ ഒരു അടങ്ങിയ പുസ്തകം വായിക്കാൻ തുടങ്ങി.


പുലർകാലത്തു കണ്ട ഒരു സ്വപ്നം എന്റെ ഉറക്കമണർത്തി. ടൈംപീസിൽ നോക്കിയപ്പോൾ മണി നാലാകുന്നേയുള്ളൂ. കഴുത്തിലും നെഞ്ചിലും വിയർപ്പു പൊടിഞ്ഞിരുന്നു. ശ്വാസഗതിക്കു വേഗമേറി. ഇടനെഞ്ചിലെ താളം ചമ്പട കൊട്ടി . നെറ്റിയിലെ വിയർപ്പു തുള്ളികൾ തലയിണയിലേക്കൂർന്നു വീണു. ഇരുണ്ടചുണ്ടുകൾ വിറയാർന്നു. കണ്ണിൽ കൃഷ്ണമണികൾ വികസിച്ചു നിന്നു. അത്യപൂർവ്വമായേ ഞാൻ പുലർകാല സ്വപ്നങ്ങൾ കാണാറുള്ളൂ. അതും ഒരു ദു:സ്വപ്നം!
മരണത്തിനു ഗന്ധമുണ്ടാവുമോ? അതുവരുമ്പോൾ ശബ്ദമോ മറ്റോ? എന്തോ എന്റെ സംശയങ്ങൾക്കു അതിരില്ലായിരുന്നു. ചാവിനു ആരുടെ രൂപമാണ്‌? പോത്തിന്റെ പുറത്തു വരുന്ന യമധർമ്മന്റെ രൂപം ഹിന്ദുവിശ്വാസത്തിൽ മരണത്തിനു ചാർത്തികൊടുത്തിരിക്കുന്നു. കുട്ടിക്കാലത്തു വായിച്ച ചിത്രകഥാ പുസ്തകങ്ങളിൽ യമധർമ്മന്റെ ഭയപ്പെടുത്തുന്ന ചിത്രം ഞാൻ കണ്ടിട്ടുണ്ട്. ചുവന്നകണ്ണുകളുള്ള കറുത്ത പോത്തിന്റെ പുറത്തിരിക്കുന്ന യമധർമ്മൻ. ഇടംതോളിൽ കാരിരുമ്പുമുള്ളുകളുള്ള ഗദയും, വലംതോളിൽ ചുറ്റി വച്ചിരിക്കുന്ന കാലപാശവും. കാലന്റെ കണ്ണും സംഗതിവശാൽ വാ‍ഹനത്തിന്റേതു പോലെത്തന്നെ ചുവന്നിരുന്നു. കനൽകണ്ണുകൾ എന്നപോലെ! അദ്ദേഹം ധരിച്ചിരുന്ന ആഭരണങ്ങളും കാരിരുമ്പു തന്നെ.
മരണത്തിനു ഗന്ധമുണ്ടാവുമോ? യൌവ്വനത്തിലും എനിക്കു ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താനായില്ല. ആരും പറഞ്ഞു തന്നില്ല; ആരോടും ചോദിച്ചുമില്ല! കോളേജിൽ പഠിക്കുമ്പോൾ ഒന്നു രണ്ടു പേരോടു ചോദിച്ചിരുന്നു. അവർ തിരിച്ചൊരു ചോദ്യം ചോദിച്ചു. “നിനക്കെന്താ ഭ്രാന്തുണ്ടോ??”
ഒടുവിൽ ഞാൻ സ്വയം അതിനൊരു ഉത്തരം നൽകി. ചെമ്പകത്തിന്റെ മണമാ‍ണു മരണത്തിനു. ഞാൻ അതു കൂട്ടുകാരുടെ ഇടയിൽ പ്രഖ്യാപിച്ചു. തൊട്ടുമുന്നിലെ ബെഞ്ചിലിരുന്ന ലേഖയുടെ മുടിയിലിരുന്ന ചെമ്പകപ്പൂക്കൾക്കു സാധാരണയി കവിഞ്ഞ ഗന്ധമുണ്ടായിരുന്നു. അവളുടെ ചിണ്ടിലുണ്ടായിരുന്ന പുഞ്ചിരി അവളുടെ വ്യക്തിത്വത്തിനൊരു ദുരൂഹത നൽകിയിരുന്നു. ഒരുപക്ഷേ ഡാവിഞ്ചിയുടെ മോണലിസയെപ്പോലെ. കോളേജിൽ ഞങ്ങളുടെ അവസാന ദിനമായിരുന്നു അതു.
ഇനി ഈ കൂട്ടുകാരെ പരീക്ഷകൾകിടയിൽ കണ്ടുമുട്ടും. അതുകഴിഞ്ഞാൽ ഓരോരുത്തരും അവരവരുടെ വഴിക്കു. ഉപരിപഠനവും, ജീവിതോപാഖ്യാനവും ഒക്കെ ആയി ഒരു വഴിക്കു. അവസാ‍നം ഓരോരുത്തരായി ഒരേവാതിലിലൂടെ പുറത്തേക്കു. മരണം എന്ന വാതിലിലൂടെ. ചെമ്പകപ്പൂക്കളുടെ മണമുള്ള മരണത്തിന്റെ വാതിലിലൂടെ.
കൂട്ടുകാർ പലതും പറഞ്ഞു നിരുത്സാഹപ്പെടുത്തിയെങ്കിലു, ഞാൻ എന്റെ പ്രഖ്യാപനത്തിൽ ഉറച്ചു നിന്നു.
മരണത്തിനു ചെമ്പകപ്പൂക്കളുടെ മണം തന്നെ. കൂട്ടുകാർ എന്നെ ഭ്രാന്തനെന്നു വിളിച്ചു. അവർ പഠിച്ച ഫെർമാറ്റ്സ് സിദ്ധാന്തത്തിനു അതുവരെ തെളിവൊന്നും കണ്ടെത്തിയിട്ടില്ലെന്നും, പക്ഷെ ആ സിദ്ധാന്തം ഒരു നിതാന്ത സത്യമാണെന്നും അവർ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് മരണത്തിന്റെ മണം ഇങ്ങനെ ആയിക്കൂടാ?
ആരോടു ചോദിക്കും എന്നു ശങ്കിച്ചു.. ഞാൻ ആരോടും ചോദിച്ചില്ല. ആരും എന്നോടു പറഞ്ഞുമില്ല. പക്ഷെ അയാൾ ഇന്നും വിശ്വസിക്കുന്നു. മരണത്തിനു ചെമ്പകപ്പൂവിന്റെ ഗന്ധം തന്നെ. വൈകീട്ടു അയാൾ പുഴക്കരയിലേക്കു നടന്നു. ഇടവഴിയിലടക്കു വച്ചു ലേഖയും പതിവിനു വിപരീതമായി അയാൾകൊപ്പം ചേർന്നു. അപ്പോഴും അവളുടെ മുടിയിൽ രാവിലെ വെച്ച ചെമ്പകപ്പൂക്കളുണ്ടയിരുന്നു, ഒട്ടും വാടാതെ, മണം പോവാത!!
ഞങ്ങൾ മെല്ലെ നടന്നു പുഴക്കരയിലെ പുഷ്പിണിയായ ചെമ്പക മരച്ചുവട്ടിലെത്തി. അന്നവൾ പതിവിലധികം എന്നോടു സംസാരിച്ചിരുന്നു. സന്ധ്യാ സമയത്തെ ചുവന്ന പ്രകാശം അവളുടെ വശ്യത നൂറിരട്ടിയാക്കി. പ്രണയം മനസ്സിലുണ്ടെങ്കിലും അതുവരെ ഞങ്ങൾ അതു പങ്കുവെയ്ക്കാൻ മടിച്ചു.

പിന്നീടു ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. അവളെപറ്റി അന്വേഷിക്കാനും ഞാൻ തയ്യാറായില്ല. എന്തിനു? ആർക്കു വേണ്ടി.

വർഷങ്ങൾകു ശേഷം ഇന്നു പുലർനേരത്തു കണ്ട ദുസ്വപ്നത്തിലാണു ഞാൻ പിന്നെ ലേഖയേ കാണുന്നത്. നീണ്ട പ്രവാസത്തിനിടയിൽ എപ്പോഴോ സ്വയം വരിച്ച ഏകാന്തതയിൽ അയാൾകു ഭ്രാന്തു പിടിച്ചെന്നു എന്റെ ബന്ധുക്കൾ പറഞ്ഞു. അവരോടു ഗുരു പറഞ്ഞു, വർഷങ്ങൾക്കു മുമ്പ് എന്റെ ഉറ്റസുഹൃത്തുക്കൾ അതു കണ്ടെത്തിയിട്ടുണ്ടായിരുന്നു എന്ന്.

ഇന്നെനിക്കു കാണേണ്ടതു മരണത്തിന്റെ മുഖമാണു. അതിന്റെ രൂപമാണു. പണ്ടൊരിക്കൽ എനിക്കു തോന്നിയിരുന്നു മരണത്തിനു ഒരു പെൺകുട്ടിയുടെ രൂപമാണെന്നു. അതു ഞാൻ ആരോടും പറഞ്ഞില്ല. കൊലുന്നനെയുള്ള ഒരു പെൺകുട്ടി. അവളുടെ മുഖത്തു കണ്ട വശ്യത അനുപമമായിരുന്നു എന്നെനിക്കു തോന്നി. അവളുടെ കണ്ണുകളിൽ കാമം ഇല്ലായിരുന്നു, കരുണയും, സർവ്വബന്ധനങ്ങളും പൊട്ടിച്ചെറിഞ്ഞു പുൽകുവാനുള്ള സ്വാ‍തന്ത്ര്യവും ആ കണ്ണുകളിൽ കണ്ടു.
പിന്നീടു മറ്റു പലയിടത്തും ഞാൻ അവളെ കണ്ടു. ഹൈവേയിൽ പലയിടത്തു, തകർന്നു കിടക്കുന്ന വാഹനങ്ങളുടെ ഇടയിൽ രക്തമൊലിപ്പിച്ചു നിൽകുന്ന അവളെ മറ്റു രക്ഷാപ്രവർത്തകർ ശ്രദ്ധിക്കുന്നില്ലെന്നതു എന്റെ ഉൽകണ്ഠ വർദ്ധിപ്പിച്ചു.അപ്പോഴും അവൾ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അന്നു ഞാൻ ഓഫീസിൽ തളർന്നു വീണു. സഹപ്രവർത്തകർ എന്നെ ആസ്പത്രിയിലെത്തിച്ചു. അത്യാധുനിക വൈദ്യപരിശോധനകൾക്കവസാനം എന്റെ രോഗാവസ്ഥയെക്കുറിച്ചു ഞാൻ മനസ്സിലാക്കി. ശരീരം കാർന്നു തിന്നുന്ന മോക്ഷപ്രദായനിയുടെ പ്രസാദമായ വേദനയായിരുന്നു കഴിഞ്ഞ കുറെ നാളുകളായിട്ടനുഭവിച്ചിരുന്നതെന്നു ഞാൻ അറിഞ്ഞു. ആസ്പത്രിയുടെ നീണ്ട ഇടനാഴിയുടെ അങ്ങേയറ്റത്തു നിന്നിരുന്ന വെളുത്തു മെലിഞ്ഞ പെൺകുട്ടിയുടെ പുഞ്ചിരിയിൽ കലർന്ന വിജയഭാവം എന്നിൽ ലേഖയുടെ ഓർമ്മകൾ ഉണർത്തി.

പിന്നീടു വിവിധ ഭിഷഗ്വരന്മാർ തങ്ങളുടെ ആറിവിനനുസരിച്ചു വിധിച്ച ചികിത്സാവിധിയിലൂടെ അനുഭവിക്കാനിരുന്ന വേദനയിൽ ഭൂരുഭാഗവും ആസ്വദിക്കാനായില്ല. അതിനിടയിൽ ഒളിച്ചുകളിച്ച് പരിഹസിക്കുക്കയായിരുന്നു അവൾ. നാലിലധികം ആന്തരാവയവങ്ങൾ അവയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറെടുത്തു കഴിഞ്ഞിരുന്നു. അതിനിടയിൽ ഭിഷഗ്വരന്മാർ അവരുടെ ആത്യന്തിക വിധിയെഴുതിക്കഴിഞ്ഞിരുന്നു. എന്റെ ശരീരത്തിലേക്കു പായിച്ച വികിരണങ്ങൾ നൽകിയ ഊർജ്ജം എന്റെ ഉറക്കം നഷ്ടപ്പെടുത്തി. രാത്രിയിലെ അധോയാമങ്ങാളീൾ ഏപ്പോഴൊ ഞാൻ മയക്കത്തിലേക്കു വഴുതുമായിരുന്നെങ്കിലു, സ്വപ്നങ്ങൾ കാണാനുള്ള ആഴത്തിലേക്കൂളിയിടാൻ കഴിയുമായിരുന്നുല്ല.

ഇന്നലെ എന്റെ അവസാനത്തെ ഭിഷഗ്വര സന്ദർശനമായിരുന്നു. ഞാൻ അയാളോടു പറഞ്ഞു. ഇനിയെന്തിനു വീണ്ടും ഇത്തരം ഒരു കൂടികാഴ്ച. അവിടത്തെ സമയത്തിനു വലിയ വിളയുള്ളതാണ്. എനിക്കായി അതു പാഴാക്കണ്ട. ഇനിയൊരിക്കൽ കൂടി അങ്ങയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു പ്രത്യേകിച്ചൊന്നും തന്നെ ഉണ്ടാകാനും പോകുന്നില്ല. ഇത്‌ അവസാനത്തേതാണു. ഇനിയില്ല. അയാൾ തിരിച്ചെന്തോ പറയാൻ ശ്രമിച്ചു. എനിക്കു കേൾകാൻ ക്ഷമയുണ്ടായിരുന്നുല്ല. അദ്ദേഹത്തിനു നന്ദി പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി. മുറ്റത്തിറങ്ങിയപ്പോൾ ചെമ്പകപൂക്കളുടെ ഗന്ധം ഞാ‍ൻ അറിഞ്ഞു. ഭിഷഗ്വരന്റെ തോട്ടത്തിലുള്ള രണ്ട് ചെമ്പക മരങ്ങളിലും പൂക്കൾ നികുന്നുണ്ടായിരുന്നു. റോഡിന്നെതിർവശത്തായി പണ്ടുകണ്ട പെൺകുട്ടി എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഗ്രീക്കു ദേവതയായ കെരെസ്സും ഇതുപോലെ സുന്ദരിയായിരുന്നിരിക്കണം. എനിക്കു തോന്നി. പക്ഷെ അവൾകു എന്റെ ലേഖയുടെ ഛായയുണ്ടായിരുന്നു. അവളുടെ കയ്യിൽ കുറെ ചെമ്പകപ്പൂക്കളും.
ഇന്നത്തെ സായാഹ്നത്തിൽ ഞാൻ ആ പഴയ പുഴക്കരയിലേക്കു പോയി. ഞാൻ ഇരുന്നിരുന്ന പാറക്കല്ലിൽ കുറച്ചു നേരം ചെലവഴിച്ചു. ആ സുപുഷ്പിണിയായ ചെമ്പകമരച്ചുവട്ടിലും കുറച്ചു നേരം ഇരുന്നു. അവിടെ ലേഖയുടെ സാമീപ്യം ഞാൻ അറിയുന്നുണ്ടായിരുന്നു. കോളേജിനു ശേഷം അവൾകെന്തു സംഭവിച്ചു എന്നെനിക്കറിയില്ല. ഒന്നു അന്വേഷിക്കാമായിരുന്നു. ആദ്യമായി അതിനെ കുറിച്ചൊരു നഷ്ടബോധം അപ്പോഴെനിക്കു തോന്നി..
തിരിച്ചു വീട്ടിലേത്തിയപ്പോഴെക്കും ഞാൻ വല്ലാതെ തളർന്നിരുന്നു എങ്കിലും ഞാൻ എന്റെ ദിനക്കുറിപ്പുകൾ എഴുതാനിരുക്കുന്നു. വളരെ നാളുകൾക്കു ശേഷം.

ആ കുറിപ്പുകളിലെ അവസാന വാചകം ഇങ്ങനെ ആയിരുന്നു.
ഇന്നെനിക്ക് എഴുതാൻ കുറച്ചുണ്ടായിരുന്നു. ഞാൻ എന്നോടു തന്നെ ഒളിച്ചു വച്ച ഒരു പ്രണയത്തിന്റെ കഥ. പക്ഷെ ഇന്നെനിക്കു വയ്യ. ഒരുപക്ഷെ നാളെ ഞാൻ ഉണ്ടെങ്കിൽ അതെഴുതാൻ തൂലികയെടുക്കാം.
അഥവാ അതിനെനിക്കു സാധിച്ചില്ലെങ്കിൽ ആ കഥ എന്നോടൊപ്പം മണ്ണടിയട്ടെ.

ശുഭരാത്രി……

No comments:

Post a Comment